ദിലീപിന്‍റെ രാമലീലയിലെ ആദ്യഗാനമെത്തി
Friday, September 15, 2017 6:51 AM IST
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്‍റെ കുപ്പായം അണിയുന്ന രാമലീലയിലെ ആദ്യഗാനം പുറത്തിറങ്ങി. ഹരീഷ് ശിവരാമകൃഷ്ണനും ഗോപിസുന്ദറും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം യൂട്യൂബിലൂടെയാണ് പുറത്തിറക്കിയത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദർ ഈണംപകരുന്നു.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ രചന നിർവഹിച്ചിരിക്കുന്നത് സച്ചിയാണ്. പ്രയാഗ മാർട്ടിനാണ് നായിക. പുലിമുരുകന്‍റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം കൂടിയാണ് രാമലീല.

പഴയകാല നടി രാധിക ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. രണ്‍ജി പണിക്കർ, ശ്രീനിവാസൻ, ഹരീശ്രീ അശോകൻ, രമേഷ് പിഷാരടി, ഹരീഷ് പേരടി, കലാഭവൻ ഷാജോണ്‍, സിദ്ധിഖ്, വിജയരാഘവൻ, മുകേഷ്, സലിംകുമാർ തുടങ്ങി വൻ താരനിര അണിനിരക്കുന്നു. ദിലീപിന്‍റെ അറസ്റ്റിനെ തുടർന്ന് നിരവധി തവണ നീട്ടിവച്ച ചിത്രം ഈമാസം 28ന് തീയറ്ററുകളിലെത്തും.