ഭാവിയുടെ കഥയുമായി എക്സോഡസ്
Thursday, September 28, 2017 7:00 AM IST
നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ അന്തര്‍ദേശീയ - ദേശീയ തലങ്ങളിൽ പല വിഭാഗങ്ങൾക്കുമായി അവാർഡുകൾ നേടിയ 'എക്സോഡസ്' എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. അജു വർഗീസാണ് ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. മാധവ് വിഷ്ണു കഥയൊരുക്കി സംവിധാനവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്ന ചിത്രം മനുഷ്യന്‍റെ അത്യാർത്തി കാലത്തിനനുസരച്ച് എത്രത്തോളം വളരുമെന്ന് അന്വേഷിക്കുവാനുള്ള ശ്രമമാണ്.

റോസ് എന്ന പെൺകുട്ടിയുടെ കഥയാണ് "എക്സോഡസ്' പറയുന്നത്. അവളുടെ മസ്‌തിഷ്‌കത്തിന്‍റെ സ്ഥാനത്ത് "എഐബി' അഥവാ 'ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ബ്രെയിൻ' എന്ന ഉപകരണമാണുള്ളത്. 'എഐബി'യുടെ പ്രോഗ്രാമിംഗിന്‍റെ ഒരു പ്രത്യേകത കാരണം റോസ് തന്‍റെ ഭൂതകാലവുമായി കൈകോർക്കാൻ ഇടയാകുന്നു. മനുഷ്യത്വമില്ലാത്ത നിർദയ ലോകത്തിന്‍റെ ഇരയായി അവൾ എങ്ങനെ മാറുന്നുവെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്.

അസിൻ, ദിദിമോസ്, അനുഷ, അപർണ മെറി, ശിവപ്രസാദ്, അർജുൻ, ജിത്തിൻ, അമൽ എന്നിവരാണ് എക്സോഡസിൽ അഭിനയിച്ചിരിക്കുന്നത്. അരുൺ സ്വാമിനാഥൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. വിഘ്നേഷ് മേനോന്‍റേതാണ് പശ്ചാത്തലസംഗീതം. സോഷിയോ പ്രൊഡക്ഷൻസിന്‍റെ കൂടെ ജലജ വിജയൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജലജ വിജയനും മാധവ് വിഷ്ണുവും ചേർന്നാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.