"മേലാകെ..' ക്രോസ് റോഡിലെ മനോഹരഗാനം
Thursday, October 12, 2017 11:01 PM IST
സ്ത്രീകളുടെ കഥകൾ കോർത്തിണക്കി കൊണ്ട് എത്തിയ 'ക്രോസ്‌റോഡ്' എന്ന ചലച്ചിത്ര സമാഹാരത്തിലെ പുതിയ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു. "മേലാകെ" എന്ന ഗാനം ശ്വേത മോഹനും അനിത ഷെയ്‌ഖും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് അനിത ഷെയ്ഖ് തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്.

പത്തു ചിത്രങ്ങളിലൂടെ പത്തു സ്ത്രീകൾ തങ്ങളുടെ വ്യത്യസ്തമായ ജീവിത സന്ദർഭങ്ങളെ നേരിടുന്ന കഥകളാണ് ക്രോസ് റോഡിലൂടെ കാണിക്കുന്നത്. പത്തു സംവിധായകരിലൂടെ ഒരുക്കിയ ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് പത്തു പ്രമുഖ നടികളാണ്. ലെനിൻ രാജേന്ദ്രന്‍റെ നേതൃത്വത്തിലാണ് ചലച്ചിത്രസമാഹാരം ഒരുക്കിയിരിക്കുന്നത്. മംമ്ത മോഹന്‍ദാസ്, ഇഷ തൽവാർ, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായർ, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജന ചന്ദ്രൻ എന്നിവരാണ് ഓരോ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്.

ഇവയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പറവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, ബാബു തിരുവല്ല, പ്രദീപ് നായർ, അവിര റെബേക്ക, അശോക് ആർ നാഥ്, നയന സൂര്യൻ എന്നിവരാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഫോറം ഫോർ ബെറ്റർ ഫിലിംസ് ആണ് 'ക്രോസ്‌റോഡ്' നിർമിച്ചിരിക്കുന്നത്.