ശ്രീനിവാസനും ജെറി അമൽദേവും ഒന്നിച്ച "രാവേ നിലാവേ' തരംഗമാകുന്നു
Thursday, November 23, 2017 1:34 AM IST
പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് ഈണം നൽകിയ അഞ്ചു ഗാനങ്ങൾ ഉൾപ്പെടുന്ന പുതിയ മലയാളം ആൽബം 'രാവേ നിലാവേ' പുറത്തിറക്കി. സന്തോഷ് വർമ്മയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ടീജ പ്രിബു ജോൺ, കെ കെ നിഷാദ്, രമേശ് മുരളി, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പിജെ പ്രൊഡക്ഷൻ ഹൗസിന്‍റെ ബാനറിൽ പ്രിബു ജോണാണ് ആൽബം നിർമിച്ചിട്ടുള്ളത്.

ആൽബം ലോഞ്ചിന്‍റെ ഭാഗമായി "രാവേ നിലാവേ' എന്ന ആദ്യ ഗാനത്തിന്‍റെ വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. ശ്രീനിവാസൻ അഭിനയിക്കുന്ന ഈ വീഡിയോ അദ്ദേഹത്തിന്‍റെ ആദ്യത്തെ മ്യൂസിക് വീഡിയോ കൂടിയാണ്. ഗണേഷ് രാജ് സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ ഒരു കലാകാരന്‍റെ സംഗീത വിദ്യാർഥിജീവിതം മുതൽ മ്യൂസിക് ഡയറക്ടർ ആകുന്നതുവരെയുള്ള നാല് കാലഘട്ടങ്ങളാണ് കാണിക്കുന്നത്.

അർജുൻ രാധാകൃഷ്ണൻ, ദർശന രാജേന്ദ്രൻ, നീരജ രാജേന്ദ്രൻ, സവൻ പുത്തൻപുരക്കൽ, ടീജ പ്രിബു ജോൺ, മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ ഈശ്വർ കൃഷ്ണ, ദേവിക ചന്ദ്രൻ എന്നിവരും ഇതിൽ അഭിനയിച്ചിട്ടുണ്ട്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ടീജ പ്രിബു ജോൺ, കെ കെ നിഷാദ് എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനും ചിത്രസംയോജനം നിധിൻ രാജ് ആരോളുമാണ്‌ നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 ആണ് ആൽബത്തിന്‍റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.