കല്യാണിയുടെ കിടിലൻ നൃത്തവുമായി ഹലോയിലെ ഗാനം
Thursday, December 7, 2017 1:46 AM IST
പ്രിയദർശൻ–ലിസിയുടെ മകൾ കല്യാണി നായികയായി അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് ചിത്രം "ഹലോ'യിലെ ഗാനം പുറത്തിറങ്ങി. മെരിസെ മെരിസെ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ടീസറാണ് യൂട്യൂബിലെത്തിയത്. കല്യാണിയുടെ നൃത്തരംഗങ്ങൾ തന്നെയാണ് ഗാനത്തിന്‍റെ പ്രധാന ആകർഷണം.

നാഗാർജുനയുടെ മകൻ അഖില്‍ അക്കിനേനി നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിക്രം കുമാറാണ്. സൂര്യ നായകനായി എത്തിയ 24 എന്ന ചിത്രത്തിന് ശേഷം വിക്രം കുമാർ തെലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ. അതേസമയം, അഖില്‍ അക്കിനേനി നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഹലോ. ആക്​ഷന് പ്രാധാന്യമുള്ള സിനിമയിൽ പാർക്കൗര്‍ അഭ്യാസിയായാണ് താരം എത്തുക.

ജഗപതി ബാബു, രമ്യ കൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. അനുപ് റൂബെൻസ് സംഗീതം. ഛായാഗ്രഹണം പി.എസ് വിനോദ്. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് നിര്‍മാണം.