ഇനി ലിഫ്റ്റ് ചോദിക്കുന്നതിനുമുമ്പ് ഇതൊന്നു കാണൂ...
Sunday, July 2, 2017 2:49 AM IST
കേരളത്തിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 7,500 ഓളം കുട്ടികളെ കാണാതായി എന്ന സംസ്‌ഥാന സർക്കാരിന്‍റെ ഔദ്യോഗിക റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിൽ കുട്ടികളെ കാണാതാകുന്ന വിഷയത്തിൽ സമൂഹത്തിന് ഒരു ബോധവത്കരണവുമായി "ലിഫ്റ്റ്" എന്ന പേരിൽ ഹ്രസ്വചിത്രം പുറത്തിറങ്ങി. ദേശീയ അവാർഡ് നേടിയ പേരറിയാത്തവർ എന്ന ചിത്രത്തിൽ ഡോക്ടർ ബിജുവിന്‍റെ സംവിധാന സഹായി ആയി പ്രവർത്തിച്ച അഖിൽ കോട്ടത്തല തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

രണ്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ ലിഫ്റ്റിൽ മാധ്യമപ്രവർത്തകനും അഭിനേതാവുമായ മുകേഷ് എം. നായർ മുഖ്യ വേഷം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ മകൾ സ്വാതിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

സ്കൂൾ കുട്ടികൾ അപരിചിതരായ ആൾക്കാരുടെ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. കുട്ടികളുടെ ലിഫ്റ്റ് ചോദിക്കലിൽ പതിയിരിക്കുന്ന ഒരു വലിയ അപകടം ചിത്രത്തിലൂടെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് അഖിൽ കോട്ടാത്തല.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രശസ്‌ത ഹോളിവുഡ് സംവിധായകനും, ഏരീസ്‌ ഗ്രൂപ്പ് ചെയർമാനും സിഇഓയുമായ സോഹൻ റോയ് ആണ് "ലിഫ്റ്റിന്‍റെ" റിലീസിംഗ് നിർവഹിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.