ദുരൂഹതകൾ ഒളിപ്പിച്ച് ഒടിയൻ; മോഷൻ പോസ്റ്റർ കാണാം
Monday, July 3, 2017 12:17 AM IST
മോഹൻലാലിനെ നായകനാക്കി വി.എ. ശ്രീകുമാർ മേനോൻ ഒരുക്കുന്ന പുതിയ ചിത്രമായ ഒടിയന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. താരത്തിന്‍റെ ഇതുവരെ കാണാത്ത ലുക്കാണ് പോസ്റ്ററിൽ. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കയ്യിൽ ചുണ്ണാമ്പ് തേച്ച വെറ്റിലയുമായി നിൽക്കുന്ന മോഹൻലാലിന്‍റെ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമാണ് പോസ്റ്ററിൽ. ഒരു കുഞ്ഞിന്‍റെ കരച്ചിലോടെ തുടങ്ങുന്ന 54 സെക്കൻഡ് ദൈർഘ്യമുള്ള പോസ്റ്റർ മോഹൻലാലിന്‍റെ ചിരിയോടെയാണ് അവസാനിക്കുന്നത്.

നേരത്തെ കഥാപാത്രവുമായി ബന്ധപ്പെട്ട സൂചനകൾ മോഹൻലാൽ ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി നല്കിയിരുന്നു. ഇരുട്ടിൽ പുതച്ചുമൂടിയ നിഴൽ രൂപം പോലെയായിരുന്നു വീഡിയോയിൽ മോഹൻലാലിന്‍റെ വരവ്. അമാവാസി ഇരുട്ടിലെ തന്‍റെ ഒടിയൻ രൂപത്തെ ആദ്യം കാണേണ്ടത് തീയറ്ററുകളിലാണെന്നും ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ പറയുന്നു.

ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ് ഒടിയന്‍റെ തിരക്കഥയെഴുതിയത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, സിദ്ധിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പുലിമുരുകനു വേണ്ടി കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കലാസംവിധാനം സാബു സിറിൾ നിർവഹിക്കുന്നു. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

ഒടിയൻ മാണിക്യനെ പരിചയപ്പെടുത്തിയ മോഹൻലാലിന്‍റെ ഫേസ്ബുക്ക് ലൈവ് വീഡിയോ:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.