"ആകാശമിഠായി' ചിത്രീകരണം പൂർത്തിയായി
Thursday, May 11, 2017 2:15 AM IST
പ്രശസ്ത തമിഴ് നടൻ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ആകാശമിഠായി'. തമിഴിൽ സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത "അപ്പാ' എന്ന ചിത്രത്തിന്‍റെ പുനരാവിഷ്കരണമാണ് ആകാശമിഠായി. വർണചിത്രാ ബിഗ്സ്ക്രീൻ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി മഹാ സുബൈർ മൂവീസാണ് ചിത്രം നിർമിക്കുന്നത്. ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ കൗമാരപ്രായക്കാരായ ഏതാനും താരങ്ങളും മുഴുനീളവേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്.

രണ്ടു വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ജനിക്കാൻ പോകുന്ന കുട്ടികളേക്കുറിച്ച് മാതാപിതാക്കളുടെ കണക്കുകൂട്ടലുകളാണ് ഒന്ന്. മറ്റൊന്ന് മക്കളുടെ വിദ്യാഭ്യാസവും. ഓരോ കുടുംബത്തിലും അരങ്ങേറുന്ന ഈ സ്ഥിതിഗതികളുടെ പ്രതിഫലനമാണ് തികഞ്ഞ കുടുംബ പശ്ചാത്തലത്തിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായകനായ ജയശങ്കറിനെ ജയറാമാണ് അവതരിപ്പിക്കുന്നത്. ഇനിയ, മുത്തുമണി എന്നിവരാണ് നായികമാർ. കലാഭവൻ ഷാജോണും സുപ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.



സംവിധായകൻ സന്ധ്യമോഹന്‍റെ മകൻ ആകാശ് എസ്. മേനോൻ ജയറാമിന്‍റെ മകനായി അഭിനയിക്കുന്നു. അർജുൻ രവീന്ദ്രൻ, നസ്താഹ്, നന്ദന വർമ, യുവലക്ഷ്മി തുടങ്ങിയ കൗമാരതാരങ്ങളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സായ്കുമാർ, ഇന്നസെന്‍റ്, ഇർഷാദ്, അനിൽ മുരളി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ചിത്രത്തിന്‍റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സംവിധായകൻ സമുദ്രക്കനിയാണ്. ഗിരീഷ്കുമാറാണ് സംഭാഷണം എഴുതിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങൾക്ക് ബിജിപാലാണ് സംഗീതം. പ്രശസ്ത ഛായാഗ്രാഹകൻ അഴകപ്പനാണ് ചിത്രത്തിനായി ദൃശ്യങ്ങൾ പകർത്തുന്നത്. രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.