പറന്നുയരാൻ പൃഥ്വിയുടെ "വിമാനം'
Thursday, December 21, 2017 7:15 AM IST
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം. നായർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന "വിമാനം' എന്ന ചിത്രം റിലീസിനൊരുങ്ങി. വിമാനവും അതിന്‍റെ പറക്കലും പ്രമേയമാക്കിയുള്ള ഒരു പ്രണയ ചിത്രമാണിത്. സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനമുണ്ടാക്കിയ ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്‍റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം.

മംഗലാപുരത്തിനടുത്തുള്ള ഒരു ഗ്രാമമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഡൽഹിയും മറ്റൊരു ലൊക്കേഷനാണ്. പന്ത്രണ്ട് കോടിയോളം മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വി വിമാനം പറത്തുന്ന രംഗങ്ങളുമുണ്ടാകും. പുതുമുഖം ദുർഗാ കൃഷ്ണയാണ് നായിക. സുധീർ കരമന, നെടുമുടി വേണു, പ്രവീണ, ലെന, മേജർ രവി, അശോകൻ, കുഞ്ചൻ, നിസാർ അഹമ്മദ്, അനാർക്കലി, ഗിന്നസ് പക്രു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.റഫീഖ് അഹമദിന്‍റെ വരികൾക്ക് ഗോപീ സുന്ദറാണ് സംഗീതം നൽകുന്നത്. എഡിറ്റിംഗ് സൈജു കുറുപ്പ്. മാജിക് ഫ്രെയിമിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് വിമാനം നിർമിക്കുന്നത്.