ചാക്കോച്ചന്‍റെ ശിക്കാരി ശംഭു
Thursday, January 11, 2018 12:55 PM IST
കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കുന്ന പുതിയ ചിത്രമായ "ശിക്കാരി ശംഭു' റിലീസിനൊരുങ്ങി. കോമഡി എന്‍റർടെയ്നറായ "ശിക്കാരി ശംഭു'വിൽ കുഞ്ചാക്കോ ബോബനൊപ്പം ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, അൽഫോൻസ, സലിംകുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോള്‍ഗാട്ടി, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നുണ്ട്.കാടിനോട് ചേര്‍ന്ന് കിടക്കുന്ന കുരുതിമലക്കാവ് എന്ന മലയോര ഗ്രാമത്തിൽ ഭീതിവിതയ്ക്കുന്ന പുലിയെ പിടികൂടാൻ എത്തുന്ന ഫിലിപ്പോസ് എന്ന പുലിപിടിത്തക്കാരനായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. ഫിലിപ്പോസിന്‍റെ കൂട്ടുകാരനായ അച്ചുവായി വിഷ്ണു ഉണ്ണികൃഷ്നും എത്തുന്നു. ഗ്രാമത്തിലെ ഇറച്ചിവെട്ടുകാരിയായ അനിതയുടെ വേഷത്തെ ശിവദ അവതരിപ്പിക്കുന്നു.
ഷാനവാസിന്‍റേതാണ് കഥ. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. സന്തോഷ് വർമയുടെ വരികൾക്ക് ശ്രീജിത്ത് ഇടവന ഈണം പകർന്നിരിക്കുന്നു. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് 'ശിക്കാരി ശംഭു' നിർമിച്ചിരിക്കുന്നത്. കോതമംഗലത്തെ കുട്ടമ്പുഴയിലും പരിസരങ്ങളിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്.