മകളിർ മട്ടും:ജ്യോതികയും പെൺപടയുമെത്തുന്നു
Monday, September 11, 2017 12:52 AM IST
ജ്യോതികയെ നായികയാക്കി ബ്രഹ്മ അണിയിച്ചൊരുക്കിയ "മകളിർ മട്ടും' സെപ്തംബർ 15ന് പ്രദർശനത്തിനെത്തുന്നു. ഊർവശി, ഭാനുപ്രിയ,ശരണ്യ, നാസർ, ലിവിംഗ്സ്റ്റൺ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റോഷൻ ആൻഡ്രൂസിന്‍റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പായ "36വയതിനിലെ' എന്ന ചിത്രത്തിനു ശേഷം ജ്യോതിക അഭിനയിക്കുന്ന ചിത്രം കൂടിയാണ് "മകളിർ മട്ടും'. ഒരു ഡോക്യുമെന്‍ററി ഫിലിം മേക്കറായാണ് ജ്യോതിക ചിത്രത്തിലെത്തുന്നത്. ഭർത്താവും തമിഴ് സൂപ്പർതാരവുമായ സൂര്യയാണ് 2ഡി എന്‍റർപ്രൈസസിന്‍റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.സൂര്യയുടെ സഹോദരനും നടനുമായ കാർത്തി ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നതാണ് "മകളിർ മട്ടു'മിന്‍റെ മറ്റൊരു ആകർഷണ ഘടകം. ജിബ്രാനാണ് സംഗീതം സംവിധാനം നിർവഹിച്ചിട്ടുള്ളത്.

ആക്‌ഷനു കൂടി പ്രധാന്യം നല്കിയാണ് മകളിർ മട്ടും ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ ബ്രഹ്മ പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കും മകളിർ മട്ടുമെന്നും സ്ത്രീകളുടെ കാലിക പ്രസക്തമായ ചില പ്രശ്നങ്ങളേയും പ്രതിപാദിക്കുന്നുണ്ടെന്നും സംവിധായകൻ പറഞ്ഞു.

"കുറ്റ്റം കടിതൽ' എന്ന തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് ബ്രഹ്മ.