ശ്രീനിവാസന്‍റെ "അയാൾ ശശി' പുരോഗമിക്കുന്നു
Tuesday, May 9, 2017 5:23 AM IST
ഐഎഫ്എഫ്കെയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ "അസ്തമയംവരെ' എന്ന ചിത്രത്തിനു ശേഷം സജിൻ ബാബു കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് "അയാൾ ശശി'. പിക്സ് എൻ ടെയിൽസിന്‍റെ ബാനറിൽ കാമറാമാൻ പി. സുകുമാർ, സുധീഷ് പിള്ള എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനന്തപുരിയിൽ താമസിക്കുന്ന ശശി അറിയപ്പെടുന്ന ചിത്രകാരന്‍റെ വേഷമാണ് ചിത്രത്തിൽ ശ്രീനിവാസന്. തികഞ്ഞ മദ്യപാനിയും സൗഹൃദം ഏറെയുള്ള വ്യക്തിയുമായ ശശി പേരും പ്രശസ്തിയും നേടാൻ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന ആളാണ്. ആക്ഷേപ ഹാസ്യത്തിലൂടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

എസ്.പി. ശ്രീകുമാർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, രാജേഷ് ശർമ എന്നിവർക്കൊപ്പം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയരായ അനിൽ നെടുമങ്ങാട്, ദിവ്യാ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ശ്രീനിവാസന്‍റെ അസാധാരണമായ അഭിനയമായിരിക്കും ഈ ചിത്രത്തിന്‍റെ പ്രത്യേകതയെന്നാണ് അണിയറക്കാരുടെ അവകാശവാദം. ശശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ 12 കിലോ ഭാരം കുറച്ചും പ്രതിഫലം വാങ്ങാതെയുമാണ് ശ്രീനിവാസൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.