University News
മദ്രാസ് ഐഐടിയിൽ ഗവേഷകരാകാം
സാങ്കേതിക വിദ്യാഭ്യാസ സ്‌ഥാപനമായ മദ്രാസ് ഐഐടിയിൽ ഗവേഷകരാകാൻ ബിടെക്, എംടെക് വിദ്യാർഥികൾക്കും എംഎസ്സി വിദ്യാർഥികൾക്കും അവസരം. നാലാം വർഷ ബിടെക്കിനു പഠിക്കുന്നവർക്കും ഡിസംബറിൽ ആരംഭിക്കുന്ന ഗവേഷണ പ്രോഗ്രാമുകളിലേക്ക് അഡ്മിഷൻ നേടാം. ഒക്ടോബർ 24നകം അപേക്ഷിക്കണം. ടെസ്റ്റ് ഇന്റർവ്യു നവംബർ 18 മുതൽ 21 വരെ നടത്തും. 200 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗങ്ങൾക്കും വനിതകൾക്കും 100 രൂപ.

എയ്റോസ്പേസ്, അപ്ലൈഡ് മെക്കാനിക്സ്, ബയോടെക്നോളജി, കെമിക്കൽ, കെമിസ്ട്രി, സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ, എൻജിനിയറിംഗ് ഡിസൈൻ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ്, ഓഷ്യൻ എൻജിനിയറിംഗ്, ഫിസിക്സ് എന്നീ മേഖലകളിലാണ് ഗവേഷണത്തിന് അവസരം. റെഗുലർ പിഎച്ച്ഡി, ഡയറക്ട് പിഎച്ച്ഡി, ഇന്റർ ഡിസിപ്ലിനറി പിഎച്ച്ഡി, പാർട്ട് ടൈം പിഎച്ച്ഡി, എംഎസ് (ബൈ റിസർച്ച്), അപ്ഗ്രേഡബിൾ എംഎസ് (ബൈ റിസർച്ച്) തുടങ്ങിയ പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്.

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, തിരുവനന്തപുരത്തെ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് എന്നിവയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നതിനും സൗകര്യമുണ്ട്. ബയോമെഡിക്കൽ ഡിവൈസസ് ആൻഡ് ടെക്നോളജി മേഖലയിലാണ് ഇന്ത്യൻ സ്‌ഥാപനങ്ങളുമായി സഹകരിക്കുന്നത്.

പിഎച്ച്ഡി, എംഎസ് പ്രോഗ്രാമുകളിൽ റെഗുലർ സ്കീമിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഉദാരമായ സ്കോളർഷിപ്പുകൾ ലഭിക്കും. കൂടാതെ അതതു ഡിപ്പാർട്ടുമെന്റുകളിൽ ആഴ്ചയിൽ എട്ടു മണിക്കൂർ ടീച്ചിംഗ് അല്ലങ്കിൽ റിസർച്ച് അസിസ്റ്റൻഷിപ്പിന് അവസരമുണ്ട്. യുജിസി–ജെആർഎഫ്, സിഎസ്ഐആർ–ജെആർഎഫ്, ഐസിഎആർ തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് യോഗ്യത നേടുന്നവർക്ക് അതും ലഭിക്കും. നിശ്ചിത ശതമാനം സീറ്റുകൾ ഇങ്ങനെ സാമ്പത്തിക സഹായം ലഭിക്കാത്ത വിഭാഗത്തിൽ മാറ്റിവച്ചിരിക്കുന്നു.

മികച്ച അക്കാഡമിക് നിലവാരം പുലർത്തുന്നവരെ ഇന്റർവ്യൂ നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. ഇന്റർവ്യൂവിനു പങ്കെടുക്കാൻ സെക്കൻഡ് ക്ലാസ് ട്രെയിൻ ടിക്കറ്റ് അനുവദിക്കും.

എൻജിനിയറിംഗിൽ റെഗുലർ പിഎച്ച്ഡിക്ക് ബന്ധപ്പെട്ട വിഷയത്തിൽ എംടെക്കാണ് യോഗ്യത. സയൻസിൽ ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവും ഗേറ്റ് സ്കോറോ യുജിസി–സിഎസ്ഐആർ നെറ്റോ ഉള്ളവരെയും പരിഗണിക്കും. ഗേറ്റ് സ്കോറും എട്ടിനു മുകളിൽ ഗ്രേഡ് പോയിന്റുള്ള ബിടെക്കുകാർക്കും അപേക്ഷിക്കാം. സയൻസിൽ പിഎച്ച്ഡിക്ക് ബിരുദാനന്തര ബിരുദവും ഗേറ്റ് സ്കോറുമാണു യോഗ്യത. ഗേറ്റ് സ്കോറും എട്ടിനു മുകളിൽ ഗ്രേഡ് പോയിന്റുള്ള ബിടെക്കുകാർക്കും അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് പിഎച്ച്ഡിക്ക് മാസ്റ്റേഴ്സ് ഡിഗ്രിയും ഗേറ്റ് സ്കോറോ യുജിസി–സിഎസ്ഐആർ നെറ്റോ ഉള്ളവരെയാണു പരിഗണിക്കുക. മാനേജ്മെന്റിൽ പിഎച്ച്ഡിക്ക് ബിരുദാനന്തര ബിരുദവും യുജിസി–സിഎസ്ഐആർ നെറ്റ്, മാനേജ്മെന്റ് അഭിരുചി പരീക്ഷകളിൽ ഉയർന്ന സ്കോർ എന്നിവയും ഉള്ളവരെ പരിഗണിക്കും.

എംഎസിന് ബിടെക്കും ഗേറ്റ് സ്കോറുമാണു യോഗ്യത. സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദവും ഗേറ്റ് സ്കോർ, നെറ്റ് എന്നിവയോ ഉള്ളവരെയും പരിഗണിക്കും. എന്റർപ്രണർഷിപ്പിൽ എംഎസ് പ്രോഗ്രാമിനു പ്രഫഷണൽ ബിരുദം അല്ലങ്കിൽ ബിരുദാനന്തര ബിരുദം. കൂടാതെ മാനേജ്മെന്റ് പ്രവേശന പരീക്ഷകളിൽ ഉയർന്ന സ്കോറും നേടിയിരിക്കണം.കൂടുതൽ വിവരങ്ങൾക്ക്: esearch.iitm.ac.in, www.iitm.ac.in
More News