University News
ജില്ലാതല പിജി സ്പോട്ട് അഡ്മിഷൻ
ഗവ./ എയ്ഡഡ്/ സ്വാശ്രയ/ യുഐടി കോളജുകളിലെ എംഎ, എംഎസ്സി, എംകോം കോഴ്സുകളിൽ ഒഴിവുള്ള എസ്സി, എസ്ടി വിഭാഗം സീറ്റുകളിലേക്ക് 25–ന് ജില്ലാ കേന്ദ്രങ്ങളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. തിരുവനന്തപുരം ജില്ലയിലേക്ക് പാളയം സെനറ്റ് ഹൗസ് കാമ്പസിലെ സെനറ്റ് ഹാളിലും കൊല്ലം/പത്തനംതിട്ട ജില്ലകളിലേക്ക് കൊല്ലം എസ്എൻ കോളജിലും ആലപ്പുഴ ജില്ലയിലേക്ക് ആലപ്പുഴ എസ്ഡി കോളജിലും നടത്തും.

രാവിലെ ഒമ്പതു മുതൽ 11 വരെ നിർദിഷ്ട സ്പോട്ട് അഡ്മിഷൻ കേന്ദ്രങ്ങളിൽ ഹാജരായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നു റാങ്ക് അടിസ്‌ഥാനത്തിൽ അഡ്മിഷൻ നടത്തും. ജാതി തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നു ഹാജരാക്കിയാൽ മാത്രമേ അഡ്മിഷൻ ലഭിക്കുകയുള്ളു. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതല്ല. യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടഫിക്കറ്റുകളും ഹാജരാക്കണം. നിശ്ചിത അഡ്മിഷൻ ഫീസായ 110 രൂപ അന്നുതന്നെ ഒടുക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ പ്രിന്റൗട്ട് നിർബന്ധമായും കൊണ്ടുവരണം. ഓൺലൈൻ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ അഭാവത്തിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യാത്തവരെയും പരിഗണിക്കും. മറ്റു സർവകലാശാലകളുടെ ബിരുദമുള്ളവർ യോഗ്യതാ (എലിജിബിലിറ്റി) സർട്ടിഫിക്കറ്റും ഹാജരാക്കണം.

ജനറൽ/മറ്റ് സംവരണ സീറ്റുകളിലേക്ക് നവംബർ രണ്ട്, മൂന്ന് തീയതികളിൽ പാളയം സെനറ്റ് ഹൗസ് കാമ്പസിലെ സെനറ്റ് ഹാളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. നവംബർ രണ്ടിന് എംകോം, എംഎസ്സി വിഭാഗങ്ങൾക്കും നവംബർ മൂന്നിന് എംഎക്കും സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ ഒമ്പത് മുതൽ 11 വരെ സെനറ്റ് ഹാളിൽ ഹാജരായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നു റാങ്ക് അടിസ്‌ഥാനത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തും.

സംവരണ വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്ന് അനുവദനീയമായ കാലയളവിനുള്ളിൽ ലഭിച്ച ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനവദിക്കുന്നതല്ല.

യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. നിശ്ചിത അഡ്മിഷൻ ഫീസായ 720 രൂപ അന്നുതന്നെ ഒടുക്കേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ പ്രിന്റൗട്ട് കൊണ്ടുവരണം.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത വിദ്യാർഥികളുടെ അഭാവത്തിൽ ഓൺലൈൻ രജിസ്റ്റർ ചെയ്യാത്തവരേയും പരിഗണിക്കും. മറ്റ് സർവകലാശാല ബിരുദമുള്ളവർ കേരള സർവകലാശാല എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

എംഫിൽ കെമിസ്ട്രി വൈവ 25–ന്

കാര്യവട്ടം കെമിസ്ട്രി പഠനവകുപ്പിൽ 27–ന് നടത്താനിരുന്ന എംഫിൽ (2015–16 ബാച്ച്) വൈവ 25–ന് നടത്തും.

ബിടെക് പരീക്ഷ

നവംബറിൽ നടത്തുന്ന കമ്പയിൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2013 സ്കീം – സപ്ലിമെന്ററി) പരീക്ഷയ്ക്ക് 28 (50 രൂപ പിഴയോടെ നവംബർ ഒന്ന്, 250 രൂപ പിഴയോടെ നവംബർ മൂന്ന്) വരെ അപേക്ഷിക്കാം.

സെഷണൽ ഇംപ്രൂവ് ചെയ്തവർ പ്രസ്തുത പരീക്ഷയ്ക്ക് സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

എംടെക് കമ്പ്യൂട്ടർ സയൻസ് ഫലം

ഓഗസ്റ്റിൽ നടത്തിയ കാര്യവട്ടം എംടെക് കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡിജിറ്റൽ ഇമേജ് കംപ്യൂട്ടിംഗ് (2015–16 – സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ

ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ അതത് കേന്ദ്രങ്ങളിൽ നടത്തും.
ടൈംടേബിൾ പരീക്ഷാകേന്ദ്രങ്ങളിലും വെബ്സൈറ്റിലും ലഭിക്കും.

എംഎഡ് പരീക്ഷാകേന്ദ്രം

നവംബർ ഒമ്പതിന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2014) സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള പരീക്ഷാകേന്ദ്രം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മാത്രമാണ്.

അപേക്ഷ നൽകിയിട്ടുള്ള എല്ലാവരും ഹാൾടിക്കറ്റ് തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്നു കൈപ്പറ്റി അവിടെത്തന്നെ പരീക്ഷയെഴുതണം.

എംഎ ഹിസ്റ്ററി വൈവ

കാര്യവട്ടം ഹിസ്റ്ററി പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎ (സിഎസ്എസ്) വൈവ 26 രാവിലെ 10 മണിക്ക് പഠനവകുപ്പിൽ നടത്തും. പിഎച്ച്ഡി കോഴ്സ് വർക്ക്

ഡിസംബറിൽ നടത്തുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ.

ഡിഗ്രി പരീക്ഷാ ഫീസ്: പുതുക്കിയ തീയതി

നവംബർ 24–ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സിബിസിഎസ്എസ് * കരിയർ റിലേറ്റഡ് ബിഎ/ബികോം/ബിഎസ്സി പരീക്ഷയ്ക്ക് ഫീസ് അടയ്ക്കേണ്ട തീയതി പുന:ക്രമീകരിച്ചു.
ഫീസ് 28 (50 രൂപ പിഴയോടെ നവംബർ രണ്ട്, 250 രൂപ പിഴയോടെ നവംബർ നാല്) വരെ അടയ്ക്കാം.