University News
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് : 24 വരെ അപേക്ഷിക്കാം
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്‌ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഫെബ്രുവരി 12ന് നടത്തും. പ്രോസ്പെക്ടസും, സിലബസും എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

യോഗ്യത: ബിരുദാനന്തര ബിരുദ പരീക്ഷയിൽ അൻപത് ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബിഎഡും ആണ് അടിസ്‌ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബിഎഡ് വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൽടിടിസി, ഡിഎച്ച്ടി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ ബിഎഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്സി/എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിസ്‌ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ പറയുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷ എഴുതാം.

പിജി ബിരുദം മാത്രം നേടിയവർ ബിഎഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. അവസാന വർഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബിഎഡ് ബിരുദം ഉണ്ടായിരിക്കണം. മേൽ പറഞ്ഞ അടിസ്‌ഥാന നിബന്ധന പ്രകാരം (ഒന്നും രണ്ടും) സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പിജി/ബിഎഡ് പരീക്ഷ നിശ്ചിത യോഗ്യതയോടുകൂടി പാസായ സർട്ടിഫിക്കറ്റുകൾ സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം സമർപ്പിക്കാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

രജിസ്ട്രേഷൻ: പരീക്ഷയ്ക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ ആവശ്യമായ നിർദേശങ്ങൾ, രജിസ്റ്റർ നമ്പർ, സൈറ്റ് അക്സസ് കീ എന്നിവ അടങ്ങിയ കിറ്റുകൾ സംസ്‌ഥാനത്തെ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ നിന്നും തിങ്കളാഴ്ച മുതൽ 24 വരെ ലഭിക്കും. ഇതിനുവേണ്ടി ജനറൽ/ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും എസ്സി/എസ്ടി/വിഎച്ച്/പിഎച്ച് എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 375 രൂപയും നൽകണം. സംസ്‌ഥാനത്തിന് പുറത്തുള്ളവർ ഇത് ലഭിക്കാൻ ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും എൽബിഎസ് സെന്റർ ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന എണ്ണൂറ് രൂപയുടെ ഡിഡിയും എസ്സി/എസ്ടി/വിഎച്ച്/പിഎച്ച് വിഭാഗങ്ങളിൽപ്പെടുന്നവർ 425 രൂപയുടെ ഡിഡിയും സ്വന്തം മേൽവിലാസം എഴുതിയ (31cm x 25 cm) കവർ സഹിതം ഡയറക്ടർ, എൽബിഎസ് സെന്റൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം എന്ന വിലാസത്തിൽ 14 നകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം. എസ്സി/എസ്ടി/വിഎച്ച്/പിഎച്ച് വിഭാഗങ്ങളിൽപ്പെടുന്നവർ ഫീസ് ഇളവിനായി ജാതി/വിഭാഗം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (പകർപ്പ്) അപേക്ഷയോടൊപ്പം ഹാജരാക്കണം.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ, നിർബന്ധമായും എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദേശം പ്രോസ്പെക്ടസിലുണ്ട്. ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷം ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് തിരുവനന്തപുരം എൽബിഎസ് സെന്ററിൽ തപാലിൽ അയക്കുകയോ നേരിട്ട് എത്തുകയോ ചെയ്യണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഹാജരാക്കേണ്ട. ഒബിസി, നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (പകർപ്പ്) (2015 ഡിസംബർ 25 മുതൽ 2016 ഡിസംബർ 24 വരെ പ്രാബല്യമുള്ളത്) അപേക്ഷയോടൊപ്പം സമർപ്പിക്കണം. സമർപ്പിക്കേണ്ട രേഖകളുടെ വിശദവിവരം പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.

പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 24 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് എൽബിഎസ് സെന്ററിൽ ലഭിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിനു മുമ്പായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ www.lbskerala.com, www.lbscetnre.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

അപേക്ഷാഫോറം ലഭിക്കുന്ന ഹെഡ് പോസ്റ്റോഫീസുകൾ

തിരുവനന്തപുരം ജിപിഒ, പൂജപ്പുര, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പത്തനംതിട്ട, അടൂർ, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ, ചേർത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, തൃശൂർ, വടക്കാഞ്ചേരി, ആലത്തൂർ, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂർ, കോഴിക്കോട്, കോഴിക്കോട് സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി, വടകര, കൽപ്പറ്റ, കാഞ്ഞങ്ങാട്, കാസർഗോഡ്, കണ്ണൂർ, തളിപ്പറമ്പ്, തലശേരി.
More News