University News
നൂർസി പഠന അന്താരാഷ്‌ട്ര സമ്മേളനം ആരംഭിച്ചു
തേഞ്ഞിപ്പലം: അജ്ഞത, ദാരിദ്യ്രം, തർക്കങ്ങൾ എന്നിവയ്ക്കെതിരേയാണ് നാം പൊരുതേണ്ടതെന്നുമുള്ള തുർക്കി പണ്ഡിതൻ ബദീ ഉസമാൻ സഈദ് നൂർസിയുടെ ആശയം സമകാലിക സാഹചര്യങ്ങളിൽ ഏറെ പ്രസക്തമാണെന്ന് പി.കെ അബ്ദുറബ് എംഎൽഎ. കാലിക്കട്ട് സർവകലാശാലയിൽ നൂർസി പഠന ത്രിദിന അന്താരാഷ്‌ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പോലീസ്, സെക്യൂരിറ്റി കാമറ, തടവറ, നിയമം, കോടതി എന്നിവയെല്ലാമുണ്ടായിട്ടും കുറ്റകൃത്യങ്ങൾ കുറയുന്നില്ല, മറിച്ച് വർധിക്കുകയാണ് ചെയ്യുന്നത്. ഉറച്ച ദൈവവിശ്വാസത്തിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നും ഹൃദയങ്ങളിലെ ശത്രുത അവസാനിപ്പിച്ച്, സ്നേഹത്തിന്‍റെ ആരാധകരാവണമെന്ന് നൂർസി ഉൽബോധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രോവൈസ് ചാൻസലർ ഡോ.പി.മോഹൻ അധ്യക്ഷനായിരുന്നു. തുർക്കി ദേശീയ അസംബ്ലി സ്പീക്കറുടെ ഉപദേഷ്‌ടാവ് ഡോ. അഹമ്മദ് ഇൽത്തിസ്, തുർക്കി സയൻസ് അക്കാഡമി അംഗം ഡോ.അൽപഴ്സ്‌ലാൻ അസികജെൻസ് എന്നിവർ പ്രസംഗിച്ചു. അറബി പഠന വകുപ്പും തുർക്കിയിലെ ഈസ്റ്റാംബുൾ ഫൗണ്ടേഷൻ ഫോർ സയൻസ് ആൻഡ് കൾച്ചറും സംയുക്തമായാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.

വനിതാ വോളി: കാലിക്കട്ട് ഫൈനലിൽ

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ വോളിബോൾ ചാന്പ്യൻഷിപ്പിൽ കാലിക്കട്ട് സർവകലാശാല ഫൈനലിൽ പ്രവേശിച്ചു. വിവിഎസ് പൂർവാഞ്ചൽ സർവകലാശാലയിൽ നടക്കുന്ന മൽസരത്തിൽ കണ്ണൂർ സർവകലാശാലയെ നേരിട്ടുള്ള മൂന്ന് സെറ്റിന് പരാജയപ്പെടുത്തിയാണ് കാലിക്കട്ടിന്‍റെ ഫൈനൽ പ്രവേശനം. ഇന്ന് ഫൈനലിൽ എംജി സർവകലാശാലയെ നേരിടും.

ചലച്ചിത്ര പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: മലയാള കേരള പഠന വിഭാഗം ഗവേഷക വിദ്യാർഥി സുധീഷ് പഴവൂർ സംവിധാനം ചെയ്ത മൈന്‍റ് ഗെയിം എന്ന ചിത്രം പഠന വിഭാഗത്തിൽ പ്രദർശിപ്പിച്ചു. സംവിധായകനും ഫിലോസഫി പ്രഫസറുമായ കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ.ഉമർ തറമേൽ, ഡോ.എൽ തോമസ്കുട്ടി, ഡോ.ആർ.വി.എം.ദിവാകരൻ, ഡോ.കെ.ജാനകി, ഗവേഷണ വിദ്യാർഥി കെ.മെഹറൂഫ്, ഡിഎസ്‌യു ജനറൽ സെക്രട്ടറി അജയ് ഘോഷ് എന്നിവർ പ്രസംഗിച്ചു.
More News