ദേശീയ യുവജന നേതൃത്വ പുരസ്കാരം കാലിക്കട്ടിന്റെ അഞ്ച് കോളജുകൾക്ക്
തേഞ്ഞിപ്പലം: ദേശീയ യുവജന നേതൃത്വ പുരസ്കാരത്തിന് കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ അഞ്ച് കോളജുകളിലെ എൻഎസ്എസ് യൂണിറ്റുകളെ തെരഞ്ഞെടുത്തു. കേന്ദ്ര യുവജന, സ്പോർട്സ് മന്ത്രാലയം ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.
എൻഎസ്എസ് യൂണിറ്റുകൾ പതിവായി നിർവഹിക്കുന്ന പ്രവർത്തനങ്ങൾക്ക് പുറമെ സുസ്ഥിര വികസന ലക്ഷ്യത്തോടെ ദീർഘകാലം പ്രയോജനം ചെയ്യുന്ന പദ്ധതികൾ ഏറ്റെടുത്ത് നടത്തിയ യൂണിറ്റുകളെയാണ് അവാർഡിനായി പരിഗണിച്ചത്. തൃശൂർ കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവണ്മെന്റ് കോളജിനാണ് ഒന്നാം സ്ഥാനം. കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജ്, ചേളന്നൂർ എസ്എൻ കോളജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്, കോഴിക്കോട് ഫാറൂഖ് കോളജ് എന്നിവയ്ക്ക് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പുരസ്കാരങ്ങൾ വിതരണം ചെയ്യും.