ടാറ്റാ മെമ്മോറിയൽ സെന്ററിൽ എംഎസ്സി
ആണവോർജ വകുപ്പിനു കീഴിൽ മുംബൈയിൽ പ്രവർത്തിക്കുന്ന ടാറ്റാ മെമ്മോറിയൽ സെന്റർ എംഎസ്സി, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംഎസ്സി ക്ലിനിക്കൽ റിസർച്ച്: രണ്ടു വർഷത്തെ കോഴ്സാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു കൽപ്പിത സർവകലാശാലാ പദവിയുള്ള ഹോമി ഭാഭാ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടാണ് ബിരുദം നൽകുന്നത്. ലൈഫ് സയൻസ്, കെമിസ്ട്രി, ക്ലിനിക്കൽ ന്യുട്രീഷൻ, ഫാർമസി, മെഡിസിൻ (അലോപ്പൊതി, ആയുർവേദ, ഹോമിയോപ്പതി,യുനാനി, സിദ്ധ), ഡെന്റിസ്ട്രി, ഒക്കുപ്പേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി, നഴ്സിംഗ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദം.
ജൂണ്‍ 11നു മുംബൈയിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഓണ്‍ലൈനായി ഈ മാസം 28നകം അപേക്ഷിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി മേയ് അഞ്ചിനകം ലഭിക്കത്തക്ക രീതിയിൽ അയച്ചു കൊടുക്കണം. അപേക്ഷാ ഫീസ് 2000 രൂപ. പെണ്‍കുട്ടികളും സംവരണ വിഭാഗത്തിൽപ്പെട്ടവരും അപേക്ഷാ ഫീസ് നൽകേണ്ട.
പ്രവേശന പരീക്ഷയ്ക്ക് അടിസ്ഥാന ശാസ്ത്രം, ക്ലിനിക്കൽ റിസർച്ച് മെതേഡ്സ്, പൊതു വിജ്ഞാനം എന്നീ മേഖലകളിൽ നിന്നു ചോദ്യങ്ങളുണ്ടായിരിക്കും. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും പ്രവേശന പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. പ്രായം മേയ് 31ന് 30 വയസ് കവിയരുത്. രണ്ടു വർഷത്തെ കോഴ്സിനു ശേഷം ഒരു വർഷത്തെ ഇന്റേണ്‍ഷിപ്പ് ഉണ്ടായിരിക്കും. ഒരു വർഷത്തെ ട്യൂഷൻ ഫീസ് 30,000 രൂപ. ആദ്യ വർഷം പ്രതിമാസം 10,000 രൂപയും രണ്ടാം വർശം 12,000 രൂപയും ഇന്റേണ്‍ഷിപ്പ് കാലയളവിൽ 16,000 രൂപയും സ്റ്റൈപ്പൻഡ് ലഭിക്കും.
പിജി ഡിപ്ലോമ ഇൻ ഫ്യൂഷൻ ഇമേജിംഗ് ടെക്നോളജി: ഫ്യൂഷൻ ഇമേജിംഗ് ടെക്നോളജിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. കൂടാതെ ഒരു വർഷത്തെ ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, ബയോടെക്നോളജി എന്നിവയിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ജൂണ്‍ 11ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. 15000 രൂപയാണ് വാർഷിക ട്യൂഷൻ ഫീസ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഈ മാസം 28നകം അപേക്ഷിക്കണം. പ്രായം 20നും 25നും മധ്യേ. അപേക്ഷാ ഫീസ് 300 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 75 രൂപ.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മെഡിക്കൽ ഇമേജിംഗ് ടെക്നോളജി: രണ്ടു വർഷത്തെ കോഴ്സിനു ശേഷം ഒരു വർഷത്തെ ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും. ബിഎസ്സി അല്ലങ്കിൽ ബിഫാം ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 2025. ജൂണ്‍ 11നു നടത്തുന്ന പ്രവേശന പരീക്ഷയുടെയും തുടർന്നുള്ള ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഈ മാസം 28നകം അപേക്ഷിക്കണം. പ്രതിമാസം 9000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. വാർഷിക ട്യൂഷൻ ഫീസ് പ്രതിവർഷം 14000 രൂപ. അപേക്ഷാ ഫീസ് 300 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 75 രൂപ. പെണ്‍കുട്ടികൾ അപേക്ഷാ ഫീസ് നൽകേണ്ട.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ റേഡിയോ തെറാപ്പി ടെക്നോളജി: രണ്ടു വർഷത്തെ കോഴ്സിനു ശേഷം ഒരു വർഷത്തെ ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും. 50 50 ശതമാനം മാർക്കോടെ ബിഎസ്സി നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 2025. ജൂണ്‍ 11നു നടത്തുന്ന പ്രവേശന പരീക്ഷയുടെയും തുടർന്നുള്ള ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ഈ മാസം 28നകം അപേക്ഷിക്കണം. പ്രതിമാസം 9000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
വാർഷിക ട്യൂഷൻ ഫീസ് പ്രതിവർഷം 14000 രൂപ. അപേക്ഷാ ഫീസ് 300 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 75 രൂപ. പെണ്‍കുട്ടികൾ അപേക്ഷാ ഫീസ് നൽകേണ്ട.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: +9122 24177000, 24146750 55. വെബ്സൈറ്റ്: https://tmc.g ov.in.
തിരുച്ചിറപ്പള്ളി എൻഐടിയിൽ എംഎസ്സി
തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി)യിൽ എംഎസ്സി കോഴ്സുകൾക്ക് അപേക്ഷിക്കാം. കോഴ്സും യോഗ്യതയും.
എംഎസ്സി കെമിസ്ട്രി: 60 ശതമാനം മാർക്കോടെ ബിഎസ്സി കെമിസ്ട്രി പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
എംഎസ്സി കംപ്യൂട്ടർ സയൻസ്: 60 ശതമാനം മാർക്കോടെ ബിഎസ്സി കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സും കംപ്യൂട്ടർ സയൻസും ഒരു വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഇൻഫർമേഷൻ ടെക്നോളജി, ബിസിഎ.
എംഎസ്സി ഫിസിക്സ്: ബിഎസ്സി ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, അപ്ലൈഡ് സയൻസിൽ 60 ശതമാനം മാർക്കോടെ ബിരുദം.
സംവരണ വിഭാഗങ്ങൾക്ക് 50 ശതമാനം മാർക്ക് മതി.
ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. 500 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗങ്ങൾക്ക് 200 രൂപ.
ജൂണ്‍ നാലിന് തിരുച്ചിറപ്പള്ളിയിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മേയ് 17നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nitt.edu.