കാരുണ്യ വർഷം സ്കോളർഷിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കാലം ടെക്നോളജിക്കൽ സർവകലാശാലയുമായി സംയോജിപ്പിച്ചിരിക്കുന്ന തിരുവനന്തപുരത്തെ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ചേർന്ന് പഠിക്കുന്നതിനായി ലൂർദ്മാതാ കാത്തലിക് എഡ്യൂക്കേഷണൽ സൊസൈറ്റി നടത്തുന്ന കാരുണ്യ വർഷം സ്കോളർഷിന് അപേക്ഷ ക്ഷണിച്ചു. മിടുക്കരായ വിദ്യാർഥികൾക്ക് എൻജിനിയറിംഗ് പഠനത്തിനായി മതം, വരുമാനം എന്നിവ പരിഗണിക്കാതെ സ്കോളർഷിപ്പ് നൽകുക എന്നതാണ് ഈ സ്കീമിന്റെ ലക്ഷ്യം.
സ്കോളർഷിപ്പ് സ്കീം പ്രകാരം ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ചേർന്ന് പഠിക്കുന്ന 33 വിദ്യാർഥികൾക്ക് മുഴുവനായും ട്യൂഷൻ ഫീസിൽ ഇളവ് ലഭിക്കുന്നതാണ്. കൂടാതെ കേരളത്തിലെ ഏതെങ്കിലും പ്രൈവറ്റ് സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളജിൽ പഠിക്കുന്ന സമർഥരായ 10 വിദ്യാർഥികൾക്ക് പ്രതിവർഷം 5000 രൂപ സ്കോളർഷിപ്പും ലഭിക്കും.
കാരുണ്യ വർഷം സ്കോളർഷിപ്പ് സ്കീമിലേക്ക് വിദ്യാർഥികൾക്ക് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഈ മാസം 27. പ്ലസ് വണ്ണിൽ 60 ശതമാനം മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് www.lmcst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9995101137 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം.