ബിരുദ ഏകജാലകം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദ ഏകജാലകത്തിൽ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അർഹത നേടിയവർ നാളെ വൈകുന്നേരം നാലിനു മുൻപായി പ്രവേശനം നേടണം. ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓണ്ലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടുമായി നാളെ വൈകുന്നേരം നാലിനുള്ളിൽ അലോട്ട്മെന്റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം.
നാളെ വരെ ഫീസ് അടയ്ക്കാത്തവരുടെയും ഫീസൊടുക്കിയ ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല. താത്കാലിക പ്രവേശനം നേടുന്നവർ തങ്ങളുടെ അലോട്ട്മെന്റ് മെമ്മോയും അസൽ സാക്ഷ്യപത്രങ്ങളും കോളജുകളിലെ പരിശോധനയ്ക്കുശേഷം തിരിച്ചു വാങ്ങണം. ഇവർ കോളജുകളിൽ പ്രത്യേകമായി ഫീസ് അടയക്കേണ്ടതില്ല.
എന്നാൽ ഓണ്ലൈനായി നിശ്ചിത സർവകലാശാല ഫീസ് അടയ്ക്കണം. അപേക്ഷകൻ തനിക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്താണെങ്കിൽ തുടർ അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഹയർ ഓപ്ഷനുകൾ റദ്ദാക്കുന്നതിനുള്ള സൗകര്യം 15 മുതൽ 16 വരെ ലഭ്യമാണ്. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്ന പക്ഷം പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും.
എന്നാൽ ഇപ്രകാരം മാറ്റം ലഭിക്കുന്നവർ പുതുതായി ഫീസ് അടയ്ക്കേണ്ടതില്ല. 15 മുതൽ 16 വരെ ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
ഹയർ ഓപ്ഷനുകൾ നില നിർത്തുന്ന അപേക്ഷകർക്ക് നാലാം അലോട്ട്മെന്റ് വരെ താത്കാലികമായി പ്രവേശനം നേടാം. ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഒഴികെയുള്ളവർ കോളജുകളിൽ നിശ്ചിത ട്യൂഷൻ ഫിസ് ഒടുക്കി സ്ഥിര പ്രവേശനം ഉറപ്പുവരുത്തണം. കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനുശേഷം ’കണ്ഫർമേഷൻ സ്ലിപ്’ കോളജിൽ നിന്നു കൈപ്പറ്റേണ്ടതും പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പു വരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്ക് നിശ്ചയിച്ചിരിക്കുന്ന ട്യൂഷൻ ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ഹെൽപ്പ് ലൈൻ നന്പർ : 0481 6555563, 2733379, 2733581.
സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എംഫിൽ സെലക്ഷൻ ലിസ്റ്റ്
സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഇംഗ്ലീഷ്, മലയാളം, തിയറ്റർ ആർട്സ് എന്നീ വിഷയങ്ങളിൽ എംഫിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും സെലക്ഷൻ ലിസ്റ്റും സർവകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ. സെലക്ഷൻ ലിസ്റ്റിൽ ഉള്ളവർ നാളെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഹാജരാകണം.
എംഫിൽ പട്ടിക വർഗ സംവരണ സീറ്റൊഴിവ്
സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എംഫിൽ ഇംഗ്ലീഷ് വിഷയത്തിൽ പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഹാജരാകണം.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബിവോക് ലോജിസ്റ്റിക് മാനേജ്മെന്റ് (2016 അഡ്മിഷൻ) 2017 മേയ് ഡിഗ്രി പരിക്ഷയുടെ പ്രാക്ടിക്കൽ 21 നു മാറന്പള്ളി എംഇ എസ് കോളജിൽ നടത്തും.
എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ വിദ്യാർഥികൾ മാറന്പള്ളി എംഇഎസ് കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം. ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷാഫലം
സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് 2016 ഒക്ടോബർ, 2017 ഏപ്രിൽ മാസങ്ങളിൽ നടത്തിയ ഒന്നും, രണ്ടും സെമസ്റ്റർ എം ഫിൽ ബിസിനസ് സ്റ്റഡീസ് (സിഎസ്എസ് റെഗുലർ, റീ അപ്പിയറൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2016 ഓഗസ്റ്റിലും സെപ്റ്റബറിലും നടത്തിയ രണ്ടാം സെമസ്റ്റർ എം എസ്സി ബയോ സ്റ്റാറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമുല്യനിർണയത്തിനുമുള്ള അപേക്ഷകൾ 23 വരെ സ്വീകരിക്കും.