തേഞ്ഞിപ്പലം: ഇന്ത്യയിൽ ഗാന്ധിജി നടത്തിയ പ്രഥമ സത്യഗ്രഹമായ ചന്പാരൻ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, യുവാക്കൾക്ക് സത്യഗ്രഹത്തിന്റെ പുതിയ കർമമേഖലകൾ എന്ന വിഷയത്തിൽ ഓഗസ്റ്റ് 12, 13 തീയതികളിൽ കാലിക്കട്ട് സർവകലാശാലാ കാന്പസിൽ പഠന ക്യാന്പ് സംഘടിപ്പിക്കും.
കേന്ദ്രസർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗാന്ധിസ്മൃതി ദർശൻ സമിതിയും സർവകലാശാലയിലെ ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചും സംയുക്തമായാണ് ക്യാന്പ് സംഘടിപ്പിക്കുന്നത്. ഗാന്ധിമാർഗ സംഘടനാപ്രവർത്തകർ, നാഷണൽ സർവീസ് സ്കീം, നെഹ്റു യുവകേന്ദ്ര എന്നിവയിലെ വോളണ്ടിയർമാർ എന്നിവരെ കൂടാതെ. പരിസ്ഥിതി, മനുഷ്യാവകാശം, മദ്യനിരോധനം, സ്ത്രീശാക്തീകരണം, മതമൈത്രി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പങ്കെടുക്കാം. ഓഗസ്റ്റ് അഞ്ചിനു മുന്പ് പേരുകൾ രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. രജിസ്ട്രേഷൻ ഫീസ് ഇല്ല. സത്യഗ്രഹത്തിന്റെ ചരിത്രം, ദർശനം, ആചാരസംഹിത, പുതിയ കാലഘട്ടത്തിലെ സത്യഗ്രഹ രീതികൾ എന്നീ വിഷയങ്ങളിൽ ക്യാന്പിൽ ചർച്ചകളും, സംവാദങ്ങളും നടക്കും. 0494 2400350, 9400769445, 9847762021.
[email protected].
ലക്ഷദ്വീപ് നയരൂപീകരണ ശില്പശാല തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ലക്ഷദ്വീപ് സെൽ ലക്ഷദ്വീപിലെ സർവകലാശാല സെന്ററുകളിലെ ഉന്നത വിദ്യാഭ്യാസ പുരോഗമനത്തിനുള്ള നയരൂപീകരണത്തിനായി ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ സർവകലാശാല സെമിനാർ കോംപ്ലക്സിൽ ശിൽപശാല സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ വിദഗ്ധരും സിൻഡിക്കറ്റ് അംഗങ്ങളും നയിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ലക്ഷദ്വീപ് സ്വദേശികളായ വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗണ്ലോഡ് ചെയ്ത് പൂരിപ്പിച്ച് കോ ഓർഡിനേറ്റർ, ലക്ഷദ്വീപ് സെൽ, ഭരണ വിഭാഗം, കാലിക്കട്ട് സർവകലാശാല എന്ന വിലാസത്തിലോ
[email protected] ഇമെയിലിലോ ഓഗസ്റ്റ് ഒന്നിന് ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്. ആദ്യത്തെ നൂറ് അപേക്ഷകർക്കാണ് ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം.