ബിഎഎസ്എൽപി പ്രവേശന പരീക്ഷ സെപ്റ്റംബർ 14ന്
കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴിൽ ചെന്നൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് മൾട്ടിപ്പിൾ ഡിസ് എബിലിറ്റീസ് (എൻഐഇപിഎംഡി) നടത്തുന്ന ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബിഎഎസ്എൽപി) കോഴ്സിന്റെ അഡ്മിഷനുള്ള പ്രവേശന പരീക്ഷ സെപ്റ്റംബർ 14ന്.
സെപ്റ്റംബർ ആറു വരെ അപേക്ഷിക്കാം. ആദ്യ മൂന്നു വർഷം 40000 രൂപ വീതമാണു ഫീസ്. നാലാം വർഷം ഇന്റേണ്‍ഷിപ്. ഇക്കാലത്ത് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്/ കംപ്യൂട്ടർ സയൻസ് പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായം 2017 ജൂലൈ ഒന്നിന് 17നും 25നും മധ്യേ. റീസണിംഗ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി എന്നിവയിൽ 25 മാർക്കിന്റെ വീതം ചോദ്യങ്ങൾ ഉൾപ്പെടുത്തി 100 മാർക്കിന്റെ മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലാണ് പ്രവേശന പരീക്ഷ.
ചെന്നൈയിൽ മാത്രമാണു പരീക്ഷാ കേന്ദ്രം. മാതൃകാ ചോദ്യ പേപ്പർ വെബ് സൈറ്റിലുണ്ട്. : www.niepmd.tn.nic.in.
മാനേജമെന്റിൽ ഇന്റേണ്‍ഷിപ്; വർഷം മുഴുവൻ അപേക്ഷിക്കാം
ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റിൽ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന് വർഷം മുഴുവൻ അപേക്ഷിക്കാം. ദീർഘകാല, ഹ്രസ്വകാല ഗവേഷണത്തിന് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയാണു പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നു മാസത്തെയും ആറു മാസത്തെയും ഇന്റേണ്‍ഷിപ്പ് ഉണ്ട്. എംഎസ്സി/ പിഎച്ച്ഡി രണ്ടാം വർഷ വിദ്യാർഥികൾക്കായാണ് മൂന്നു മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്. പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഓഗസ്റ്റ്, ഡിസംബർ, ഏപ്രിൽ മാസങ്ങളിലാണ് ഇന്റേണ്‍ഷിപ് ആരംഭിക്കുന്നത്.
ഗവേഷണ ബിരുദം നേടിയവർക്ക് ആറു മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. സ്റ്റൈപ്പൻഡ് പ്രതിമാസം 35000 രൂപ. ഓഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിലാണ് ഇന്റേണ്‍ഷിപ് ആരംഭിക്കുന്നത്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ.