ഏകജാലക പിജി പ്രവേശനം
ഏകജാലക പിജി പ്രവേശനത്തിന് 31ന് അലോട്ട്മെന്റിൽ ഉൾപ്പെടുന്ന എല്ലാ കാറ്റഗറിയിലേക്കും ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി ഉണ്ടായിരിക്കും. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാതെ സ്ഥിരം പ്രവേശനം നേടിയവരെയും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കും. സ്ഥിരപ്രവേശനം എടുത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചാൽ മുന്പ് ലഭിച്ച ഓപ്ഷൻ നഷ്ടമാകും. അതിനാൽ സ്ഥിരം പ്രവേശനം എടുത്ത് ഹയർ ഓപ്ഷൻ നിലനിർത്തിയവർ നോഡൽ ഓഫീസർ മുഖേന ഹയർ ഓപ്ഷൻ റദ്ദാക്കണം.
ഡയറക്ടർ അഭിമുഖം
എഡ്യുക്കേഷൻ പഠനവകുപ്പിലെ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ നാഷണൽ ടീച്ചേഴ്സ് ആൻഡ് ടീച്ചിംഗ് പ്രോജക്ടിലേക്ക് ഡയറക്ടർ തസ്തികയിൽ ഓണ്ലൈനായി അപേക്ഷിച്ചവർക്കുള്ള അഭിമുഖം സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് ഒന്നിന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്: 0494 2407106.
പരീക്ഷാ അപേക്ഷ
ബിവോക് മൂന്നാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി (നവംബർ 2016), രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2017) റഗുലർ/സപ്ലിമെന്ററി, നാലാം സെമസ്റ്റർ (ഏപ്രിൽ 2017) റഗുലർ/സപ്ലിമെന്ററി പരീക്ഷകൾക്ക് 29 മുതൽ സെപ്റ്റംബർ രണ്ട് വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 18ന് ആരംഭിക്കും. രണ്ട്, നാല് സെമസ്റ്റർ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.
പരീക്ഷാഫലം
2016 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ്സി അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം.
നാലാം വർഷ ബിപിഎഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം.
2016 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ്ഡബ്ല്യൂ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.
എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് (കോംപ്ലിമെന്ററി) ഏപ്രിൽ 2017 പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ അധ്യാപകർ സെപ്റ്റംബർ 11ന് ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ രാവിലെ 11ന് ഹാജരാകണം.
സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ 42 ലക്ഷം രൂപ ചെലവിൽ ആധുനിക അടുക്കള
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ലേഡീസ് ഹോസ്റ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ അടുക്കള നിലവിൽ വന്നു.
വിറക് ഒഴിവാക്കി വൈദ്യുതിയിലും ഗ്യാസിലുമാണ് യന്ത്രവത്കരിച്ച അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുക. ആയിരം പേർക്ക് അരമണിക്കൂറിനുള്ളിൽ ആഹാരം തയ്യാറാക്കാൻ സൗകര്യങ്ങളുണ്ട്. ചപ്പാത്തി മേക്കർ, വെജിറ്റബിൾ കട്ടർ, പൊട്ടറ്റൊ പീലർ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ശുചിത്വത്തോടെ തയ്യാറാക്കുന്ന ആഹാരം കേടുകൂടാതെയും ചൂട് നഷ്ടമാകാതെയും നൽകാനുള്ള സംവിധാനവും ഇതിനുണ്ട്. ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികൾക്കും സമയനഷ്ടം കൂടാതെ ഭക്ഷണം നൽകാൻ 41.98 ലക്ഷം രൂപ ചെലവിലുള്ള പുതിയ സംവിധാനം വഴി സാധ്യമാകുമെന്ന് നവീകരിച്ച അടുക്കള ഉദ്ഘാടനം ചെയ്ത വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ നാടോടിക്കഥകളെക്കുറിച്ച് സിന്പോസിയം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഫോക്ലോർ പഠനവിഭാഗവും കേന്ദ്ര സാഹിത്യ അക്കാദമിയും സംയുക്തമായി ഇന്ത്യൻ നാടോടിക്കഥകളെക്കുറിച്ച് സിന്പോസിയം സംഘടിപ്പിക്കുന്നു.
30ന് രാവിലെ 9.30ന് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി മേഖലാ സെക്രട്ടറി എസ്.പി. മഹാലിംഗേശ്വർ, ഡോ. കെ.എം. അനിൽ, രാഘവൻ പയ്യനാട്, സനീഷ് വേലിക്കുനി തുടങ്ങിയവർ പങ്കെടുക്കും.
സെമിനാറും ഗ്രന്ഥശാലകൾക്ക് സൗജന്യ പുസ്തക വിതരണവും നാളെ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സിഎച്ച് മുഹമ്മദ് കോയ ചെയറിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഉന്നത മത വിദ്യാഭ്യാസംസമഗ്ര സമീപനം എന്ന വിഷയത്തിൽ സെമിനാർ സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നാളെ വൈകുന്നേരം മൂന്നിന് നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുത്ത 100 ഗ്രന്ഥശാലകൾക്ക് ഗ്രേസ് എഡ്യുക്കേഷണൽ അസോസിയേഷനും ദുബൈ മലപ്പുറം ജില്ലാ കെഎംസിസിയും സമ്മാനിക്കുന്ന ഗ്രന്ഥശേഖര വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പി.കെ. അബ്ദുറബ്ബ് എംഎൽഎ അധ്യക്ഷത വഹിക്കും.