പിജി ഏകജാലകം: മൂന്നാം അലോട്ട്മെന്റിന് ഓപ്ഷൻ പുനഃക്രമീകരണം ഇന്നു വൈകുന്നേരം അഞ്ചു വരെ
സെപ്റ്റംബർ 23നു നടക്കുന്ന പിജി പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് തങ്ങൾ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ ഇന്നു വൈകുന്നേരം അഞ്ചു വരെ സൗകര്യമുണ്ട്. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നന്പർ, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം നടത്താൻ സാധിക്കും. എന്നാൽ പുതുതായി കോളജുകളോ, പ്രോഗ്രാമുകളോ കൂട്ടിച്ചേർക്കുവാൻ ഈ ഘട്ടത്തിൽ സാധിക്കില്ല. ഒന്നും രണ്ടും അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശം ലഭിച്ച വിദ്യാർഥികൾ തങ്ങൾക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുകയും ത·ൂലം മൂന്നാം അലോട്ട്മെന്റിൽ പുതുതായി ഹയർ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക്, കോളജിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക്, കോളജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവർക്ക് ലഭിച്ച ആദ്യ അലോട്ട്മെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും. എന്നാൽ സ്ഥിരപ്രവേശം എടുത്ത വിദ്യാർഥികൾ ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യേണ്ടതില്ല.
പുതുക്കിയ പരീക്ഷാ തീയതി
സെപ്റ്റംബർ 18ന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ എംബിഎ (പുതിയ സ്കീം2015 അഡ്മിഷൻ റെഗുലർ, 2012 മുതൽ 2014 വരെ അഡ്മിഷൻ സപ്ലിമെന്ററി, സ്പെഷൽ എക്സാം) പരീക്ഷ 22നും, ഒന്നാം സെമസ്റ്റർ ബിവോക് (2016 അഡ്മിഷൻ, റെഗുലർ) പരീക്ഷ 25നും രണ്ടാം സെമസ്റ്റർ എംഎ തമിഴ് (സിഎസ്എസ് 2016 അഡ്മിഷൻ റെഗുലർ) പരീക്ഷ 28നും, രണ്ടാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം വൊക്കേഷണൽ മോഡൽ രണ്ട്, ബിഎ മൾട്ടിമീഡിയ 2009ന് മുന്പുള്ള അഡ്മിഷൻ അവസാന മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 19നും നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ ബിഎസ്സി സൈബർ ഫോറൻസിക് പരീക്ഷ ഒക്ടോബർ അഞ്ചു മുതൽ ആരംഭിക്കും. അഞ്ചാം സെമസ്റ്റർ മോഡൽ രണ്ട് ബികോം ഡൊമസ്റ്റിക് ലോജിസ്റ്റിക് പരീക്ഷ ഒക്ടോബർ 13ന് നടത്തും. ഓപ്പണ് കോഴ്സ് കോർപ്പറേറ്റ് ഇക്കണോമിക്സ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് പരീക്ഷ ഒക്ടോബർ 19നു നടക്കും. മൂന്നാം സെമസ്റ്റർ മോഡൽ ഒന്ന് ഇക്കണോമിക്സ് കോംപ്ലിമെന്ററി മാത്തമാറ്റിക്കൽ ഇക്കണോമിക്സ് പരീക്ഷ ഒക്ടോബർ 20ന് നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെയും യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെയും ഒന്നാം സെമസ്റ്റർ ബിഎഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) സപ്ലിമെന്ററി (2013 ആൻഡ് 2014 അഡ്മിഷൻ) പരീക്ഷകൾ നവംബർ മൂന്നു മുതൽ നടത്തും. മൂന്നാം സെമസ്റ്റർ ബിപിഇ (2016 അഡ്മിഷൻ റെഗുലർ) പരീക്ഷ ഒക്ടോബർ ആറു മുതൽ നടത്തും.
വൈവാവോസി
ആറാം സെമസ്റ്റർ ബിഎച്ച്എം സെപ്റ്റംബർ 2017 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും 22ന് ആരംഭിക്കും. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിൽ 201719 വർഷത്തേക്കുള്ള എംടെക് (കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത: എംജി സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള, 55% മാർക്കോടുകൂടിയ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ടെക്നോളജി അല്ലെങ്കിൽ ബിടെക് ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യ എൻജിനീയറിംഗ് ബിരുദം. എസ്സി, എസ്ടി, ഒഇസി വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃതമായ മാർക്ക് ഇളവ് ഉണ്ടായിരിക്കും. താല്പര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം 25ന് രാവിലെ 10നു സ്കൂൾ ഡയറക്ടർ മുന്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്: 0481 2731037.
അപേക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നും മൂന്നും സെമസ്റ്റർ എൽഎൽഎം ഡിഗ്രി പരീക്ഷകൾ യഥാക്രമം ഒക്ടോബർ 25, നവംബർ ഒന്ന് എന്നീ തീയതികളിൽ ആരംഭിക്കും. അപേക്ഷകൾ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ മൂന്നു വരെയും സ്വീകരിക്കും.
ആറാം സെമസ്റ്റർ ബിഎ (ക്രിമനോളജി) എൽഎൽബി (ഓണേഴ്സ് 2015 ന് മുന്പുള്ള അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി), ബിബിഎ എൽഎൽബി (ഓണേഴ്സ് 2015ന് മുന്പുള്ള അഡ്മിഷൻ റെഗുലർ), ബികോം എൽഎൽബി (ഓണേഴ്സ്, 2015നു മുന്പുള്ള അഡ്മിഷൻ റെഗുലർ) ഡിഗ്രി പരീക്ഷകൾ ഒക്ടോബർ 13 മുതൽ നടത്തും. അപേക്ഷകൾ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ മൂന്നു വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപ വീതവും വീണ്ടും എഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെയും സ്റ്റസിലെയും രണ്ടാം സെമസ്റ്റർ എംസിഎ (പുതിയ സ്കീം2016 അഡ്മിഷൻ റെഗുലർ, 2011 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമെന്ററി), ലാറ്ററൽ എൻട്രി (2016 അഡ്മിഷൻ റെഗുലർ, 2013 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 13 മുതൽ നടത്തും. അപേക്ഷകൾ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പർഫൈനോടുകൂടി ഒക്ടോബർ മൂന്നു വരെയും സ്വീകരിക്കും. സിവി ക്യാന്പ് ഫീസിനത്തിൽ റെഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 30 രൂപ വീതവും പരീക്ഷാ ഫിസിനു പുറമെ അടയ്ക്കണം.
എംഎസ് സി ഫിസിക്സ് മേഴ്സി ചാൻസ് പരീക്ഷ
1991, 1993 അഡ്മിഷൻ എംഎസ്സി ഫിസിക്സ് വിദ്യാർഥികൾക്കായി മേഴ്സി ചാൻസ് പരീക്ഷ നടത്തും. അപേക്ഷകൾ അഞ്ചു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർഫൈനോടുകൂടി ഒന്പതു വരെയും സ്വീകരിക്കും. അപേക്ഷകർ സ്പെഷൽ ഫീസായി പതിനായിരം രൂപ പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. പരീക്ഷാ തീയതി പിന്നീട്.
ബിഎഡ് മേഴ്സി ചാൻസ് പരീക്ഷ
2006 2008 അഡ്മിഷൻ വിദ്യാർഥികൾക്കും 2009 2012 അഡ്മിഷൻ വിദ്യാർഥികൾക്കും അനുവദിച്ച ബിഎഡ് മേഴ്സി ചാൻസ് പരീക്ഷകൾ ഒക്ടോബർ 20 മുതൽ നടത്തും. കോട്ടയം മൗണ്ട് കാർമ്മൽ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രം.
പരീക്ഷാഫലം
2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ നുട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ മൂന്നു വരെ അപേക്ഷിക്കാം.