യൂണിഫോംഡ് ഫോഴ്സിന്റെ റാങ്ക് പട്ടിക നീട്ടും
തിരുവനന്തപുരം: യൂണിഫോംഡ് ഫോഴ്സിന്റെ റാങ്ക് പട്ടികയുടെ കാലാവധി രണ്ടു വർഷമാക്കാൻ ആവശ്യപ്പെട്ടു സർക്കാരിനു കത്തുനൽകുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. പോലീസ് വകുപ്പിലെ സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റ് ഒരു ഉദ്യോഗാർഥിയെയെങ്കിലും നിയമന ശിപാർശ ചെയ്യുന്നതുവരെയോ ഒരു വർഷം കൂടിയോ, ഏതാണോ ആദ്യം അതുവരെ നീട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ശമ്പള പരിഷ്കരണ ഉത്തരവിലെ പുനഃക്രമീകരണ പ്രകാരം തസ്തിക നിലവിലില്ലെന്ന് നിയമനാധികാരി അറിയിച്ച കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷനിൽ ഓർഗനൈസർ കം ഇൻസ്പെക്ടർ തസ്തികയുടെ വിജ്ഞാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും സർക്കാരിന് കത്തു നൽകും.
സെക്രട്ടേറിയറ്റ്, പിഎസ്സി എന്നിവിടങ്ങളിലെ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്2 തസ്തികയ്ക്ക് 2005നു മുന്പ് വിഎച്ച്എസ്ഇ ഓഫീസ് സെക്രട്ടറിഷിപ്പ് പാസായ ഉദ്യോഗാർഥികൾ മറ്റ് വിധത്തിൽ യോഗ്യരാണെങ്കിൽ റാങ്ക് പട്ടികയിൽ യഥാസ്ഥാനത്ത് ഉൾപ്പെടുത്തി കൂട്ടിച്ചേർക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ട്രെയിനിംഗ് ബാധകമായ തസ്തികകളുടെ റാങ്ക് പട്ടികയിൽ നിന്ന് ഒരു വർഷ കാലാവധിക്കുള്ളിൽ ആരെയും നിയമന ശിപാർശ ചെയ്യാത്ത സാഹചര്യത്തിൽ ചട്ടം അനുശാസിക്കുന്ന കാലാവധി നീട്ടൽ പ്രസ്തുത ലിസ്റ്റുകൾക്കും ബാധകമാക്കും. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (അറബിക്) തസ്തികമാറ്റം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർട്സ്, ഹിസ്റ്ററി ആൻഡ് ഏയ്സ്തെറ്റിക്സ്, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) പട്ടികവർഗം എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.
വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്, ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്2 (പട്ടികജാതി, പട്ടികവർഗം) എന്നീ തസ്തികളിലേക്കുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ (സ്പെഷൽ സ്കൂൾ) ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇംഗ്ലീഷ് തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ജില്ലയിൽ എൻസിസി വകുപ്പിൽ എയ്റോ മോഡലിംഗ് ഹെൽപ്പർ (വിമുക്ത ഭടൻമാർ) തസ്തികയുടെ പ്രായോഗിക പരീക്ഷ നടത്തുന്നതിനും ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.