University News
നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (നാക്) ഗുണനിലവാര പരിശോധനകളിൽ എംജി മുന്നിൽ
കോട്ടയം: മൂന്നാംവട്ട നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (നാക്) ഗുണനിലവാര പരിശോധനകളിൽ 3.24 പോയിന്േ‍റാടുകൂടി എ ഗ്രേഡ് നേടി ഇതര സർവകലാശാലകളേക്കാൾ എംജി മുന്നിലെത്തി. കഴിഞ്ഞ 12 മുതൽ 14 വരെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലർ പ്രഫ. അനിൽ കെ. ഭട്നഗർ ചെയർമാനായ ഏഴംഗ സമിതിയുടെ പരിശോധനാഫലങ്ങൾ ബാംഗ്ലൂരിൽ ഇന്നലെ ചേർന്ന നാക് യോഗം അംഗീകരിക്കുകയായിരുന്നു.

ബോധന പ്രക്രിയ, പഠന നിലവാരം, പഠനോപാധികൾ, മൂല്യനിർണയം, ഗവേഷണം, കണ്‍സൾട്ടൻസി, നവീന ബോധന പ്രസരണ മാതൃകകൾ, അടിസ്ഥാന സൗകര്യം, അക്കാദമിക ഭരണ നേതൃത്വം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നാക് ഗുണനിലവാര നിർണയം നടത്തിയത്. അക്കാദമിക, അക്കാദമികേതര മികവിന്‍റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ചാൻസിലേഴ്സ് അവാർഡും എംജി നേടിയതിന്‍റെ പിന്നാലെയാണ് ഈ അംഗീകാരം.

എ ഗ്രേഡ് നേടിയ മറ്റ് സർവകലാശാലകളുടെ പോയിന്‍റ് നിലവാരം: കാലിക്കറ്റ് (3.13), കുസാറ്റ് (3.09), കേരള (3.03), സംസ്കൃത സർവകലാശാല (3.03).
ഇന്ത്യയിൽ ആദ്യമായി ഒബാമ സിംഗ് നോളേജ് ഇനിഷ്യേറ്റീവ് അവാർഡ് കരസ്ഥമാക്കിയതിന് എംജിയെ നാക് പ്രത്യേകം അഭിനന്ദിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി കോഴ്സുകൾ ആരംഭിച്ചു. ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമായി കാന്പസിനെ വികസിപ്പിച്ചെടുത്തു. മികവുറ്റ ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.

ശാസ്ത്രപഠനവകുപ്പുകൾക്ക് നിരവധി സുപ്രധാന പ്രോജക്ടുകൾ ആകർഷിക്കുവാൻ സാധിച്ചു. അത്യാധുനിക സങ്കീർണ ഉപകരണസമുച്ചയം സമാഹരിക്കുവാൻ വിവിധ വകുപ്പുകൾക്ക് സാധിച്ചത് ശ്രദ്ധേയമായ നേട്ടമായി. വിപുലവും സുസജ്ഞവുമായ ലൈബ്രറി സംവിധാനം നിലവിലുണ്ട്. പഠന വകുപ്പുകൾ ഉന്നത അക്കാദമിക നിലവാരം പുലർത്തുന്നു. സർവകലാശാല സംഘടിപ്പിച്ച വിദ്യാർഥി അദാലത്ത്, വിദ്യാർഥി സംരംഭകത്വ സഹായ പദ്ധതി, വിഭിന്നശേഷിയുള്ളവർക്കായുള്ള പഠന സൗകര്യങ്ങളും കോഴ്സുകളും സർവകലാശാലയുടെ സവിശേഷമാതൃകയായി നാക് ടീം ചൂണ്ടിക്കാട്ടി. ജൈവം പദ്ധതിയിലൂടെ എൻഎസ്എസ് വോളണ്ടിയർമാരെ ജൈവകൃഷി രീതികൾ പഠിപ്പിച്ച് സമൂഹത്തിലേക്ക് എത്തിക്കുന്ന പദ്ധതി നൂതന ജ്ഞാനപ്രസരണ മാർഗമായി ചൂണ്ടിക്കാട്ടി. ജീവക ലൈവ് ലബോറട്ടറിയും നാകിന്‍റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

ആന്ധ്ര യൂണിവേഴ്സിറ്റി മുൻ റെക്ടർ പ്രഫ. എ.വി. പ്രസാദറാവു, ഡെറാഡൂ ഹിമഗിരിസി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രഫ. എസ്.സി. ബാഗിരി, ഉദയപൂർ എം.എൽ.എസ്. യൂണിവേഴ്സിറ്റി പ്രഫ. കനിക ശർമ്മ, ജദവ്പൂർ യൂണിവേഴ്സിറ്റി റിട്ട. പ്രഫ. സഞ്ചുക്ത ഭട്ടാചാര്യ, വാരണാസി സന്പൂർണ്ണാനന്ദ് സംസ്കൃത വിശ്വവിദ്യാലയം പ്രഫ. വിനീത സിംഗ്, എസ്.എൻ.ഡി.റ്റി. വിമൻസ് യൂണിവേഴ്സിറ്റി ഡയറക്ടർ
ഡോ. വന്ദന ചക്രവർത്തി എന്നിവരായിരുന്നു സർവകലാശാല സന്ദർശിച്ച നാക് ടീമിലെ അംഗങ്ങൾ.

അപേക്ഷാ തീയതി

അഫിലിയേറ്റഡ് കോളജുകളിലേയും യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ കേന്ദ്രങ്ങളിലേയും ഒന്നാം സെമസ്റ്റർ ബിഎഡ് (ദ്വിവത്സരം, ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2017 അഡ്മിഷൻ റെഗുലർ, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷകൾ നവംബർ 28ന് ആരംഭിക്കും. അപേക്ഷകർ നാലു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പർഫൈനോടെ 10 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.

ബിഎഡ് പരീക്ഷാ കേന്ദ്രം

നവംബർ മൂന്നിന് ആരംഭിക്കുന്ന ബിഎഡ് സപ്ലിമെന്‍ററി (2013 ആൻഡ് 2014 അഡ്മിഷൻ) പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഹാൾ ടിക്കറ്റ് അവർ പഠിച്ചിരുന്ന കോളജുകളിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയും, എറണാകുളം മേഖലയിലെ വിദ്യാർഥികൾ എറണാകുളം സെന്‍റ് ജോസഫ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമൻ എന്ന കേന്ദ്രത്തിലും, കോട്ടയം മേഖലയിലുള്ള വിദ്യാർഥികൾ കോട്ടയം മൗണ്ട് കാർമൽ കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലും പരീക്ഷയ്ക്ക് ഹാജരാവുകയും ചെയ്യണം. 0481 2733610, 2733693, 2733617.

പ്രാക്ടിക്കൽ

മൂന്നാം വർഷ ബിഫാം (റെഗുലർ, സപ്ലിമെന്‍ററി, ഒക്ടോബർ 2017) പ്രായോഗിക പരീക്ഷ നവംബർ എട്ടിന് ആരംഭിക്കും. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

2016 ജൂലൈയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എംഎ ഹിസ്റ്ററി (പ്രൈവറ്റ്, പ്രൈവറ്റ് സപ്ലിമെന്‍ററി, നോണ്‍ സിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി, മേഴ്സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കേന്ദ്രത്തിലെ സിന്ധു ജി നായർ, കാർത്തിക ഋഷികേശ്, ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ് കേന്ദ്രത്തിലെ ജിസ്സുമോൾ എം. ഫിലിപ്പ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.

2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി മെറ്റീരിയൽ സയൻസ് (സിഎസ്എസ് റെഗുലർ, സപ്ലിമെന്‍ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ലിസ്ബത്ത്, ആര്യ കെ. നന്പൂതിരി, എ. അഫീന എന്നിവർ ഒന്നും രണ്ടും മൂന്നും റാങ്കുകൾ നേടി. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.

2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പാന്പാടി കെജി കോളജിലെ നീതു ബാബുരാജ്, പാലാ സെന്‍റ് തോമസ് കോളജിലെ അനു എ. ജോർജ്, ജിന്നു ജോയി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ അപേക്ഷിക്കാം.

2017 മേയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ബയോ സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.