വിദ്യാർഥി അദാലത്ത്: ഓണ്‍ലൈൻ രജിസ്ട്രേഷൻ നാളെ തുടങ്ങും
കോട്ടയം: വിദ്യാർഥികളുടെ വിവിധ പരാതികൾ ഉടൻ തീർപ്പാക്കാൻ എംജി സർവകലാശാല നടപ്പാക്കുന്ന അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷകൾ നാളെ മുതൽ 25 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം.
സർവകലാശാല വെബ്സൈറ്റിൽ സ്റ്റുഡന്റ് ഗ്രീവൻസ് പോർട്ടലിൽ ആണ് പരാതികൾ സമർപ്പിക്കേണ്ടത്. പഠിച്ച കോഴ്സ്, രജിസ്റ്റർ നന്പർ, വർഷം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തണം. ഈ സേവനം സൗജന്യമാണ്, അഡ്മിഷൻ, വിവിധ സർട്ടിഫിക്കറ്റുകൾ, പരീക്ഷാഫലം, പുനർമൂല്യനിർണയം, ഗ്രേസ് മാർക്ക്, ഹാജർ, സ്കോളർഷിപ്പ്, ഇന്റേണൽ പുനഃപരീക്ഷ, അന്തർ സർവകലാശാലാ, കോളജ്തല മാറ്റം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികൾക്കു പരാതികൾ സമർപ്പിക്കാം. ബിടെക്, ബിആർക് വിദ്യാർഥികളുടെ പരാതികൾ ഡിസംബർ നാലിനും നിയമം, നഴ്സിംഗ്, പാരാമെഡിക്കൽ, നവീന കോഴ്സുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഡിസംബർ ആറിനും സിബിസിഎസ്എസ് യുജി, പിജി (റെഗുലർ, പ്രൈവറ്റ്), ഗവേഷണം എന്നിവ സംബന്ധിച്ച പരാതികൾ ഡിസംബർ എട്ടിനും പരിഗണിക്കും.
വിദ്യാർഥിക്കോ പ്രതിനിധിക്കോ അതാതു ദിവസം രാവിലെ 10 മുതൽ ഒന്നു വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയും അദാലത്തിന് നേരിട്ട് ഹാജരായി പരാതികൾ വിശദീകരിക്കാം.