സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബിരുദ കോഴ്സ്
കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിനു കീഴിൽ മണിപ്പൂരിലെ ഇംഫാലിലുള്ള നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി ഈ വർഷം ആരംഭിക്കുന്ന രണ്ടു ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രാജ്യത്തു കായികാധ്യാപകരുടെയും പരിശീലകരുടെയും കുറവു പരിഹരിക്കുന്നതിനു ലക്ഷ്യമിട്ട് ആരംഭിച്ചതാണു കോഴ്സുകൾ. ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (ബിപിഇഎസ്), ബാച്ചിലർ ഓഫ് സ്പോർട്സ് കോച്ചിംഗ് (ബിഎസ്സിസ്പോർട്സ് കോച്ചിംഗ്) കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പൂർണമായും റസിഡൻഷ്യൽ രീതിയിലാണു രണ്ടു കോഴ്സുകളും നടത്തുന്നത്. ഡിസംബർ ഒന്നിനകം ഓണ്‍ലൈനായി അപേക്ഷിക്കണം.
പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പതിനേഴ് വയസ് കഴിഞ്ഞവർക്കാണ് അപേക്ഷിക്കാവുന്നത്.ദേശീയതലത്തിൽ കായിക മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവർക്ക് മുൻഗണന ലഭിക്കും. കൂടാതെ ട്യൂഷൻ ഫീസിൽ ഇളവും ലഭിക്കും. ആദ്യ രണ്ടു സെമസ്റ്ററിൽ 5000 രൂപയാണ് ട്യൂഷൻ ഫീസ്.
ബിഎസ്സിസ് പോർട്സ് കോച്ചിംഗ് നാലു വർഷം ദൈർഘ്യമുള്ളതാണ്. ബിപിഇഎസ് കോഴ്സ് മൂന്നു വർഷത്തേതും. രണ്ടു കോഴ്സുകൾക്കും 50 സീറ്റുകൾ വീതമാണുള്ളത്.
കായിക ക്ഷമതാ പരീക്ഷ ഉൾപ്പെടെയുള്ള അഡ്മിഷൻ ടെസ്റ്റ് ഡിസംബർ 12നാണ് നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം, ഇംഫാൽ, ഗോഹട്ടി, കോൽക്കത്ത, ബംഗളൂരു, ഗാന്ധിനഗർ, ഗ്വാളിയർ, പട്യാല എന്നിവിടങ്ങളിലാണ് അഡ്മിഷൻ ടെസ്റ്റ്.