റഷ്യൻ വിപ്ലവ ശതാബ്ദി ആഘോഷ ദേശീയ സെമിനാർ തുടങ്ങി
തേഞ്ഞിപ്പലം: റഷ്യൻ വിപ്ലവം എന്തുകൊണ്ട് നടന്നു എന്ന വസ്തുതയുമായി ബന്ധപ്പെടുത്തിയാവണം റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനത്തെക്കുറിച്ച് ചർച്ചചെയ്യേണ്ടതെന്ന് പ്രഫ. കെ.എൻ. ഗണേഷ്. റഷ്യൻ വിപ്ലവ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കാലിക്കട്ട് സർവകലശാല റഷ്യൻ ആൻഡ് താരതമ്യ സാഹിത്യ പഠനവിഭാഗം സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബോൾഷെവികുകൾ റഷ്യയിൽ ഭൂരിപക്ഷമായിരുന്നില്ല. ജനസാമാന്യം മുഴുവൻ വിപ്ലവത്തിന് പിന്നിൽ അണിനിരന്നുവെന്ന് പറയുന്നതിലും പ്രസക്തിയില്ല. ഒരു ജനപ്രിയ തരംഗമായിരുന്നില്ല റഷ്യൻ വിപ്ലവത്തെ സാധ്യമാക്കിയത്. ജനപ്രിയ തരംഗം എന്നതിനേക്കാൾ പ്രധാനമായി, ഒരു പ്രത്യേക കാലഘട്ടത്തിൽ വളർന്നുവന്ന സാമൂഹിക വൈരുദ്ധ്യങ്ങളെക്കുറിച്ച്, രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ച് ഉണ്ടായ നിലപാടിന് പൊതുവായ അംഗീകാരം ലഭിച്ചുവെന്നതാണ് റഷ്യൻ വിപ്ലവത്തിന്റെ പ്രത്യേകതയെന്നും പ്രഫ.കെ.എൻ.ഗണേഷ് പറഞ്ഞു.
ഡോ. കെ.എം. അനിൽ മുഖ്യപ്രഭാഷണം നടത്തി. പഠനവിഭാഗം മേധാവി ഡോ. വി.കെ. സുബ്രഹ്മണ്യൻ അധ്യക്ഷനായിരുന്നു. സിൻഡിക്കറ്റ് അംഗങ്ങളായ പ്രഫ. ആർ. ബിന്ദു, കെ.കെ. ഹനീഫ എന്നിവർ പ്രസംഗിച്ചു. പഠനവകുപ്പ് മുൻ മേധാവി ഡോ. ശ്രീകുമാരിയെ ചടങ്ങിൽ ആദരിച്ചു. സെമിനാർ 14ന് സമാപിക്കും.
ഫോറൻസിക് സയൻസിൽ സെമിനാർ
തേഞ്ഞിപ്പലം: "നീതി നടപ്പാക്കലിൽ ഫോറൻസിക് സയൻസിന്റെയും ക്രിമിനോളജിയുടെയും പ്രാധാന്യം’ എന്ന വിഷയത്തിൽ 15, 16 തിയതികളിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. കാലിക്കട്ട് സർവകലാശാലാ നിയമ പഠനവകുപ്പ്, ഇന്ത്യൻ ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ. സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സെമിനാറിൽ ക്രിമിനോളജി, പീനോളജി, സൈബർ ക്രൈം, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ തുടങ്ങിയ വിഷയങ്ങളിൽ വിദേശങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ ഗവേഷകർ പ്രബന്ധം അവതരിപ്പിക്കും. ഫോറൻസിക് ക്രിമിനോളജി മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചയും ഉണ്ടാകും.
സംസ്കൃത പഠനവിഭാഗത്തിൽ ത്രിദിന ദേശീയ സെമിനാർ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സംസ്കൃത പഠനവിഭാഗത്തിൽ 18, 19, 20 തിയതികളിൽ "കാളിദാസ സാഹിതി: സമകാലിക പരിപ്രേക്ഷ്യങ്ങൾ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. പഠനവിഭാഗം ഹാളിൽ 18ന് രാവിലെ 10ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത സംസ്കൃത പണ്ഡിതനും നിരൂപകനുമായ ഡോ. സി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ. പി.സി. മുരളീമാധവൻ, ഡോ. കെ.എൻ. നീലകണ്ഠൻ ഇളയത്, ഡോ. പി. നാരായണൻ നന്പൂതിരി തുടങ്ങിയവർ ചർച്ചകൾ നയിക്കും.
കാലിക്കട്ട് സർവകലാശാലാ സംസ്കൃത പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 12ാമത് പ്രഫ. എൻ.വി.പി. ഉണിത്തിരി എൻഡോവ്മെന്റും ഓറിയന്റൽ കോണ്ഫറൻസും 14, 15 തിയതികളിൽ നടക്കും. 14ന് രാവിലെ 10ന് വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിക്കും. വിഷ്ണു നാരായണൻ നന്പൂതിരിയുടെ സംസ്കൃത കവിതാ സമാഹാരം സുകൃതം’ ചടങ്ങിൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് പ്രകാശനം ചെയ്യും. പ്രഫ. പി.സി. വാസുദേവൻ ഇളയത്, പണ്ഡിതർ ഇ.വി. രാമൻ നന്പൂതിരി, വി.കെ. നാരായണഭട്ടതിരി, പ്രഫ. എം.എസ്. മേനോൻ, വാഗ്ഭടാനന്ദൻ, പ്രഫ.കെ. കുഞ്ചുണ്ണിരാജ, വൈക്കം മുഹമ്മദ് ബഷീർ, ലളിതാംബിക അന്തർജ്ജനം, പ്രഫ. കെ.വി. ശർമ്മ തുടങ്ങിയവരുടെ സ്മരണാർഥം മികച്ച പ്രബന്ധങ്ങൾക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റ് സമ്മാനങ്ങളും വിതരണം ചെയ്യും. സംസ്കൃത വിഭാഗം ഹാളിലാണ് പരിപാടി.