ജീനിയസ് 2018 സുവർണ ജൂബിലി മെഗാ ക്വിസ് 19ന്
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സർവകലാശാല പബ്ലിക് റിലേഷൻ വിഭാഗം ജിടെക് എഡ്യൂക്കേഷന്റെ സഹകരണത്തോടെ ജീനിയസ് 2018 മെഗാ ക്വിസ് മത്സരം 19ന് സർവകലാശാല സെമിനാർ കോപ്ലക്സിൽ നടക്കുന്നു. അഫിലിയേറ്റഡ് കോളജുകളിലെയും സർവകലാശാല വകുപ്പുകളിലെയും ഡിഗ്രി, പിജി, വിദ്യാർഥികൾക്കായാണ് മത്സരമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അഞ്ച് ജില്ലകളിലെ പ്രാഥമികതല മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫൈനൽ മെഗാ ക്വിസിൽ പങ്കെടുക്കാം. ഫൈനലിൽ ഒന്നാം സ്ഥാനം നേടുന്ന രണ്ടംഗ ടീമിന് സിംഗപ്പൂർയാത്രയാണ് സമ്മാനം. വിജയികളുടെ ടീമിന് യാത്ര താൽപ്പര്യമില്ലാതിരിക്കുകയോ അവിചാരിത കാരണങ്ങളാൽ സാഘടിപ്പിക്കാൻ തടസം നേരിടുകയോ ചെയ്താൽ 50,000 രൂപ കാഷ് അവാർഡ് നൽകും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയുമാണ് സമ്മാനം. ജില്ലാ തല മത്സരങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 1000 രൂപ വീതവും സമ്മാനങ്ങൾ നൽക്കും.
ജില്ലാ മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുക. ജില്ലാ മത്സരത്തിൽ ഒരു കോളജിലെ രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. അതത് ജില്ലകളിലെ കോളജുകളിൽ പഠിക്കുന്നവർക്ക് മാത്രമേ അതത് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ. ജില്ലാ തല മത്സരത്തിന്റെ തലേദിവസം അഞ്ച് മണിവരെയാണ് രജിസ്ട്രേഷൻ സമയം. ജനുവരി 11 പാലക്കാട് ( ടൗൺഹാൾ അനക്സ്), ജനുവരി 12 വയനാട് (ഡബ്ല്യൂഎംഒ കോളജ് മുട്ടിൽ), ജനുവരി 15 കോഴിക്കോട് (കെപി കേശവമേനോൻ ഹാൾ), ജനുവരി 16 മലപ്പുറം (മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഓഡിറ്റോറിയം), ജനുവരി 17 തൃശൂർ (ജവഹർ ബാലഭവൻ ചെന്പുക്കാവ്) എന്നിവിടങ്ങളിൽ ജില്ലാ മത്സരം നടക്കും.
പങ്കെടുക്കുന്ന വിദ്യാർഥികൾ പ്രിൻസിപ്പലിന്റെ സാക്ഷിപത്രം സഹിതം അതത് ദിവസം രാവിലെ ഒന്പതിന് റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷന് സർവകലാശാല വെബ്സൈറ്റിലെ ഹോം പേജിലുള്ള ജീനിയസ് 2018 ലിങ്ക് സന്ദർശിക്കുക. ഫോൺ: 9388103944.
വാർത്താസമ്മേളനത്തിൽ സർവകലാശാല പബ്ലിക് റിലേഷൻ ഓഫീസർ എം.വി. സക്കറിയ, ജിടെക് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മഹ്റൂഫ് മണലൊടി, എജിഎം തുളസീധരൻപിള്ള, ദീപക് പടിയത്ത്, സജിൻ ദാസ് എന്നിവർ പങ്കെടുത്തു.