University News
വിദൂരപഠന വിദ്യാർഥികൾക്ക് ഓറിയന്‍റേഷൻ പ്രോഗ്രാം നടത്തി
കോഴിക്കോട്: വിദൂരപഠന രീതിയിൽ വിദ്യാഭ്യാസം നടത്തി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് കരസ്ഥമാക്കിയ മുഹമ്മദലി ശിഹാബിനെ പോലെയുള്ളവരെ വിദ്യാർഥികൾ മാതൃകയാക്കേണ്ടതുണ്ടെന്ന് കാലിക്കട്ട് സർവകലാശാലാ വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ . വിദൂരപഠന ബിരുദ വിദ്യാർഥികൾക്കായി കാലിക്കട്ട് സർവകലാശാല സംഘടിപ്പിച്ച ഓറിയന്‍റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോശമല്ലാത്ത മാർക്ക് നേടിയിട്ടും സീറ്റുകളുടെ പരിമിതിയോ വ്യക്തിപരമായ മറ്റുകാരണങ്ങളാലോ മൂലം നിരവധി വിദ്യാർഥികൾ വിദൂരപഠന രീതി തെരഞ്ഞെടുക്കുന്നു. പരിമിതികൾ പ്രശ്നമാക്കാതെ ഉപരിപഠനത്തിലും കരിയറിലും മുന്നേറാൻ വിദ്യാർഥികൾ ശ്രദ്ധചെലുത്തണമെന്ന് വൈസ് ചാൻസലർ പറഞ്ഞു. പ്രോവൈസ് ചാൻസലർ ഡോ.പി. മോഹൻ മുഖ്യാതിഥിയായിരുന്നു. വിദൂരപഠനവിഭാഗം ഡയറക്ടർ ഡോ.കെ.എം. അനിൽ അധ്യക്ഷതവഹിച്ചു. സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.പി. വിജയരാഘവൻ, കെ. ശ്യാം പ്രസാദ്, മുൻ ഡയറക്ടർ ഡോ.വി.എം. കണ്ണൻ, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി, പരീക്ഷാ കണ്‍ട്രോളർ ഡോ.വി.വി. ജോർജുകുട്ടി, ഡെപ്യൂട്ടി രജിസ്ട്രാർ എം.പി. ഗീത, അധ്യാപകരായ കെ. നാസർ, എം. സിനു, പി.ടി. രഞ്ജിനി എന്നിവർ പങ്കെടുത്തു. ഡോ. കെ.എം. ഷെറീഫ്, ഡോ. എം.പി. മുജീബ് റഹ്‌മാൻ, ഡോ. ഇ.കെ. സതീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.
More News