ബ്രസീലിയൻ ശാസ്ത്രജ്ഞൻ ഡോ. ഗിൽബർട്ടോ ജോസ് ദെ മൊറേസ് ഉദ്ഘാടനം ചെയ്തു
തേഞ്ഞിപ്പലം: മണ്ഡരി ഗവേഷണവുമായി ബന്ധപ്പെട്ട വിദ്വൽ പ്രഭാഷണ പരന്പരയ്ക്ക് (എറുഡൈറ്റ് പ്രോഗ്രാം) കാലിക്കട്ട് സർവകലാശാലയിൽ തുടക്കമായി. "അക്കറോളജി ഗവേഷണത്തിലെ അതിരുകൾ കരുത്തരായ മണ്ഡരി’ എന്ന വിഷയത്തിലെ പ്രഭാഷണ പരന്പരയുടെ ഉദ്ഘാടനം കാന്പസിൽ പ്രശസ്ത ബ്രസീലിയൻ ശാസ്ത്രജ്ഞനും ബ്രസീൽ സാവോപോളോ സർവകലാശാലയിലെ എമിററ്റസ് പ്രഫസറുമായ ഡോ. ഗിൽബർട്ടോ ജോസ് ദെ മൊറേസ് നിർവഹിച്ചു.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "ജീവശാസ്ത്ര ഗവേഷണത്തിന്റെ അതിരുകൾ’ എന്ന വിഷയത്തിലെ ത്രിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും ഇതോടൊപ്പം ഡോ. ഗിൽബർട്ടോ ജോസ് നിർവഹിച്ചു. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും അമേരിക്കയിലെ ചില പ്രദേശങ്ങളിലും മണ്ഡരി ബാധ കണ്ടെത്തിയിട്ടുണ്ട്. ജൈവനിയന്ത്രണ മാർഗങ്ങളിലൂടെ മണ്ഡരിബാധ തടയുന്നതിനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഡോ.ഗിൽബർട്ടോ ജോസ് പറഞ്ഞു. ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്സിലിന്റെ സാന്പത്തിക സഹായത്തോടെയാണ് പ്രഭാഷണ പരന്പര സംഘടിപ്പിക്കുന്നത്.
ഡോ. എം.എ. ഹഖ്, ഡോ. എൻ. രമണി എന്നിവർ പദ്ധതിയുടെ കോഓർഡിനേറ്റർമാരാണ്. തെങ്ങിന്റെ മണ്ഡരിബാധയും നിയന്ത്രണവും എന്ന വിഷയത്തിൽ ഡോ. ഗിൽബർട്ടോ ജോസ് ദേ മൊറേസും ഓറികൾച്ചർ ടെക്നോളജിയെക്കുറിച്ച് ഡോ. എം.എ. ഹഖും പ്രത്യേകം പ്രഭാഷണങ്ങൾ നടത്തി. ബംഗളൂരുവിലെ ഡോ. സുമംഗല കെ. ഭട്ട്, സുവോളജി പഠനവിഭാഗത്തിലെ എൻ. രമണി എന്നിവരും പ്രഭാഷണം നടത്തി.
ഇന്ന് പ്രഫ. ജഗദേഷ് എസ് സംഗാനൽ, ഡോ. ഷെന്തിൽനാഥൻ, ഡോ. ടി.വി. സജീവ് എന്നിവരുടെ പ്രഭാഷണങ്ങളും പ്രബന്ധാവതരണങ്ങളും ഉണ്ടാവും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രഭാഷണ പരന്പര നാളെ സമാപിക്കും.
മൈക്രോസ്കോപ്പിലൂടെ മണ്ഡരിയെ നേരിട്ട് കണ്ടറിയാനും വിവരങ്ങൾ ചോദിച്ച് മനസിലാക്കാനുള്ള സൗകര്യവും പ്രഭാഷണ പരന്പരയുടെ ഭാഗമായി കാന്പസിൽ ഒരുക്കിയിട്ടുണ്ട്. ഫാറൂഖ് കോളജ്, പ്രോവിഡൻസ് കോളജ്, വയനാട് ലക്കിടിയിലെ വെറ്ററിനറി സർവകലാശാല, തിരൂരങ്ങാടി പിഎസ്എംഒ കോളജ്, തൃശൂർ കാർഷിക സർവകലാശാല, വെള്ളാനിക്കര കോളജ് ഓഫ് ഹോർട്ടികൾച്ചർ, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലും ഈ പരന്പരയിൽ പ്രഭാഷണ പരിപാടികൾ നടത്തും.
പത്മശ്രീ മാലിക് മുഹമ്മദ് എൻഡോവ്മെന്റ്
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഹിന്ദി വിഭാഗം മുൻ മേധാവി പത്മശ്രീ പ്രഫ. മാലിക് മുഹമ്മദിന്റെ പേരിലുള്ള എൻഡോവ്മെന്റ് പ്രഭാഷണം മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ഹിന്ദി സർവകലാശാലാ മുൻ വൈസ് ചാൻസലർ പ്രഫ. ജി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
ഡൽഹി സർവകലാശാലയിലെ പ്രഫ. മോഹൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബൾഗേറിയ സോഫിയ സർവകലാശാലയിലെ ക്ലാസിക്കൽ ഈസ്റ്റ് വിഭാഗം മേധാവി പ്രൊഫ. മിലേന ബ്രതോയേവ മുഖ്യാതിഥിയായിരുന്നു. പഠനവകുപ്പ് മേധാവി പ്രൊഫ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷത വഹിച്ചു. പ്രൊഫ. ആർ. സേതുനാഥ്, ഡോ. വി.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
സ്റ്റാറ്റിസ്റ്റിക്സ് ദേശീയ സെമിനാറിന് ഇന്ന് തുടക്കം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ നവീന പ്രവണതകൾ എന്ന വിഷയത്തിലെ ദേശീയ സെമിനാർ ഇന്ന് രാവിലെ 10ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.
ഡോ. എം. മനോഹരൻ, കൊച്ചിൻ സർവകലാശാലാ പ്രോവൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, കാനഡ മെക്ഗിൽ സർവകലാശാലയിലെ പ്രൊഫ. എ.എം. മത്തായി, സയൻസ് ഫാക്കൽറ്റി ഡീൻ ഡോ.അബ്രഹാം ജോസഫ്, ഡോ. സി. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും