പിജി പ്രവേശനം: അപേക്ഷ ക്ഷണിച്ചു
ബിരുദാനന്തര ബിരുദ പ്രവേശന ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. ജൂണ്‍ 19വരെ അപേക്ഷാ ഫീസ് അടച്ച് ജൂണ്‍ 20 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 265 രൂപ. എസ്സി/എസ്ടി 105 രൂപ. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും വെബ്സൈറ്റില്‍ .
അപേക്ഷകര്‍ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷമുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ അഫിലിയേറ്റഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളുടെ സേവനം ഉപയോഗിക്കണം.
ഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. ഈ വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളജിലേക്ക് നല്‍കും. കോളജാണ് പ്രവേശനം നടത്തുക. റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാർഥികളുടെയോ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ റജിസ്ട്രേഷന് സമയത്ത് നല്‍കാവൂ. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് സമര്‍പ്പിക്കുന്ന ഫോണ്‍ നമ്പറിലേക്ക് മാത്രമേ അയക്കുകയുള്ളൂ.ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലോ കോളജുകളിലോ സമര്‍പ്പിക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന് ലഭിക്കുന്ന അവസരത്തില്‍ പ്രിന്റൗട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം കോളജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
ജനറല്‍ , മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ്, ഭിന്നശേഷി വിഭാഗക്കാര്‍ , വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ ഓണ്‍ലൈനായി അപേക്ഷാസമര്‍പ്പണം നടത്തി പ്രിന്റ് എടുക്കണം.
മാനേജ്മെന്റ്, സ്പോര്‍ട്സ് ക്വോട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.ഓണ്‍ലൈന്‍ രജിസ്ട്രേഷന് പത്ത് ഓപ്ഷന് നല്‍കാവുന്നതാണ്. പുറമേ വിവിധ എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന അതത് കമ്യൂണിറ്റി വിദ്യാർഥികള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാവുന്നതാണ്. ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ കോളജുകളിലെ കോഴ്സുകളില്‍ വിദ്യാർഥികള്‍ക്ക് ഏറ്റവും താല്പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ബിരുദ പ്രോഗ്രാം: ലിസ്റ്റ് അതത് കോളജുകളില്‍
ബിവോക്, ബിടിഎ, ബി.എ മ്യൂസിക്, വോകല്‍ , വീണ, മൃദംഗം, വയലിന് എന്നീ ബിരുദ പ്രോഗ്രാമിന് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളജുകളില്‍ ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 11 മുതല്‍ 20 വരെ അതത് കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്തവരില്‍ ബിടിഎ ഒഴികെയുള്ള കോഴ്സുകളുടെ റാങ്ക് ലിസ്റ്റ് അതത് കോളജുകളില്‍ 22ന്
പ്രസിദ്ധീകരിക്കും.
ബാച്ചലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ (2015 പ്രവേശനം) നാലാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ പരീക്ഷയ്ക്ക് പിഴകൂടാതെ 12 മുതല്‍ 21 വരെയും 150 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്സല് ഉല് ഉലമ/ബിഎസ് സി മാത്തമാറ്റിക്സ് (സിയുസിബിസിഎസ്എസ്) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാന്‍ സഹിതം 26നകം ലഭിക്കണം.
2017 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ ഇക്കണോമിക്സ്/എംഎ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
2017 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎ മലയാളം (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് 2017 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ (സിയുസിഎസ്എസ്), 2017 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ . പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
ബിഎഡ് ക്ലാസ് ഉണ്ടായിരിക്കുന്നതല്ല
തൃശൂര്‍ , പാലക്കാട് ജില്ലകളിലെ ബിഎഡ് കോളജുകളില്‍ 11, 12 തിയതികളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. തൃശൂര്‍ ഐഎഎസ്.സി, ഒറ്റപ്പാലം എന്‍ എസ്എസ് കോളജ് എന്നിവിടങ്ങളില്‍ നടക്കുന്ന നാലാം സെമസ്റ്റര്‍ ബിഎഡ് മൂല്യനിര്‍ണയ ക്യാമ്പ് 12 വരെ നീട്ടിയതിനാലാണ് ഇത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ബിഎഡ് കോളജുകള്‍ക്ക് 12 മുതല്‍ 14 വരെ അവധിയായിരിക്കും.
വിദേശ കേന്ദ്രങ്ങളിലെ എംബിഎ പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം വിദേശ കേന്ദ്രങ്ങളിലെ മൂന്ന്, നാല് സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ്) ജൂണ്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ .
എംഎ ഇക്കണോമിക്സ് വൈവാ വോസി വിദൂരവിദ്യാഭ്യാസം ഫൈനല്‍ എംഎ ഇക്കണോമിക്സ് വൈവാ വോസി 18 മുതല്‍ തൃശൂര്‍ പഴഞ്ഞി എംഡി കോളജിലും (സൗത്ത് സോണ്‍ ), 20 മുതല്‍ കാലിക്കട്ട് സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതന്‍ വെബ്സെന്ററിലും (നോര്‍ത്ത് സോണ്‍ ) നടക്കും.
എംഎ ഹിസ്റ്ററി വൈവാ വോസി മാറ്റി
അഞ്ച്, ആറ് തിയതികളിലായി കാലിക്കട്ട്സര്വകലാശാലാ ടാഗോര്‍ നികേതന്‍ വെബ്സെന്ററില് നടത്തേണ്ടിയിരുന്ന വിദൂരവിദ്യാഭ്യാസം എംഎ ഹിസ്റ്ററി വൈവാ വോസി (നോര്‍ത്ത് സോണ്‍ ) 28, 29 തിയതികളില്‍ അതേ കേന്ദ്രത്തില്‍ നടക്കും. ഷെഡ്യൂള്‍ വെബ്സൈറ്റില്‍ .
എന്‍സിസി ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് യുജി സ്പെഷല്‍ പരീക്ഷ
എന്‍സിസി ക്യാമ്പില്‍ പങ്കെടുത്തത് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്ത കാലിക്കട്ട് സര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബിഎ/ബിഎസ്സി (സിയുസിബിസിഎസ്എസ്) വിദ്യാർഥികളുടെ റഗുലര്‍ സ്പെഷല്‍ പരീക്ഷ 11ന് സര്‍വകലാശാലാ കാമ്പസിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ ആരംഭിക്കും.