ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്മെന്റ് ഇന്ന്
201819 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട അലോട്ട്മെന്റ് (http://admissions.keralauniversity.ac.in) എന്ന വെബ്സൈറ്റിൽ ഇന്ന് പ്രസിദ്ധപ്പെടുത്തും. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നന്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാം.
മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം കോളജിൽ പ്രവേശനം നേടിയവർ തങ്ങളുടെ ഹയർ ഓപ്ഷനുകളിലേയ്ക്ക് നാലാം അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ചാൽ വീണ്ടും ലോഗിൻ ചെയ്ത് അലോട്ട്മെന്റ് മെമ്മോ ഡൗണ്ലോഡ് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. അങ്ങനെയുള്ളവർ നിർബന്ധമായും ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന കോളജിൽ നിന്ന് ടിസി വാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടണം. ഇങ്ങനെയുള്ളവർ വീണ്ടും യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കേണ്ടതില്ല.
അഞ്ചു മുതൽ ഏഴുവരെ തീയതികളിൽ കോളജുകളിൽ പ്രവേശനം നേടാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസൽ) സഹിതം മെമ്മോയിൽ പറഞ്ഞിരിക്കുന്ന ദിവസം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതത് കോളജുകളിൽ അഡ്മിഷൻ എടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാകുന്നതും അവരെ യാതൊരു കാരണവശാലും തുടർന്നുള്ള അലോട്ട്മെന്റുകളിലേയ്ക്ക് പരിഗണിക്കുന്നതല്ല.
പ്രവേശന സമയത്ത് ഹാജരാകാനുള്ള രേഖകൾ മുൻകൂട്ടി തയാറാക്കി വെയ്ക്കണം. രേഖകൾ ഹാജരാക്കാൻ അധിക സമയം അനുവദിക്കുന്നതല്ല. നാലാം ഘട്ട അലോട്ട്മെന്റ് പ്രകാരം ലഭിക്കുന്ന കോളജും,കോഴ്സും തൃപ്തികരമല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടേണ്ടതിനായി അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം.
സ്റ്റുഡൻസ് കൗണ്സിലിലേയ്ക്കുളള വിദ്യാർത്ഥി പ്രതിനിധികളുടേയും യൂണിയൻ ഭാരവാഹികളുടേയും തെരഞ്ഞെടുപ്പ്
സ്റ്റുഡൻസ് കൗണ്സിലിലേയ്ക്കുളള വിദ്യാർത്ഥി പ്രതിനിധികളുടേയും യൂണിയൻ ഭാരവാഹികളുടേയും തെരഞ്ഞെടുപ്പ് 20 ന് സർവകലാശാല ഓഫീസിൽ നടത്തും. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദേശ പത്രികകൾ 10ന് ഉച്ചകഴിഞ്ഞ് രണ്ടിനു മുൻപായി സമർപ്പിക്കണം. വിജ്ഞാപനങ്ങൾ സർവകലാശാല ഓഫീസിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൂർണരൂപം വെബ്സൈറ്റിലും ലഭ്യമാണ്.
പരീക്ഷാഫലങ്ങൾ
2018 ഏപ്രിലിൽ നടത്തിയ സിഎസ്എസ് 20162018 ബാച്ച് പരീക്ഷകളുടെ ഫലങ്ങൾ;
എംഎസ്സി ഇന്റഗ്രേറ്റീവ് ബയോളജി ഒന്നാം റാങ്ക് എം.ഗോവിന്ദ് (രജി നം.81616604007), എംഎസ്സി ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ് ഒന്നാം റാങ്ക് അഖിലേഷ് എസ്.വി. നായർ, എംഎസ്സി സുവോളജി (പ്യുവർ&അപ്ലൈഡ്) ഒന്നാം റാങ്ക് അനുപമ ശേഖർ, എംഎസ്സി ഡെമോഗ്രഫി ഒന്നാം റാങ്ക് എം.ദിവ്യ (രജി നം.82316608001).
2018 ഏപ്രിലിൽ നടത്തിയ ബിഎസ്സി (ആന്വൽ സ്കീം) മാത്തമാറ്റിക്സ് മെയിൻ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം.
ബിഎസ്സി മാത്തമാറ്റിക്സ് പരീക്ഷ രജിസ്ട്രേഷൻ
ബിഎസ്സി മാത്തമാറ്റിക്സ് (എസ്ഡിഇ 2017 അഡ്മിഷൻ) ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളുടെ ഓണ്ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സ്റ്റഡി മെറ്റീരിയൽ
ബികോം ടാക്സ്, കോഓപ്പറേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേയ്ക്ക് എസ്ഡിഇ, വഴി അഡ്മിഷൻ എടുത്ത കുട്ടികൾ ഇന്നു മുതൽ സ്റ്റഡി മെറ്റീരിയലുകൾ സെക്ഷനിൽ നിന്നും നേരിട്ട് കൈപ്പറ്റണം.