ഡിഗ്രി ഏകജാലകം: അർഹത നേടിയവർ നാളെ പ്രവേശനം നേടണം
പ്രകൃതിക്ഷോഭം മൂലം ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യാനുള്ള അവസാന തീയതി നാളെ വരെ ദീർഘിപ്പിച്ചു. ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള നാലാം അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈനായി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം നാളെ വൈകുന്നേരം 4.30നകം അലോട്ട്മെന്റ് ലഭിച്ച കോളജിൽ ഹാജരായി പ്രവേശനം നേടണം. നാളെ ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.
നാലാം അലോട്ട്മെന്റിൽ പ്രവേശനത്തിന് അർഹത നേടിയ അപേക്ഷകർ തങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓണ്‍ലൈനായി ഒടുക്കുന്ന സർവകലാശാലാ ഫീസിനു പുറമെ ട്യൂഷൻ ഫീ ഉൾപ്പെടെയുള്ള ഫീസ് കോളജുകളിൽ ഒടുക്കി പ്രവേശനം ഉറപ്പാക്കണം.
അലോട്ട്മെന്റ് ലഭിച്ച എംഎസ്സി, എസ്ടി വിഭാഗം ഒഴികെയുള്ള താല്കാലിക പ്രവേശനമെടുത്തവരുൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകരും അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ നാളെ വൈകുന്നേരം 4.30ന് മുന്‍പ് സ്ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടും. വിവിധ പ്രോഗ്രാമുകളിലേക്കുള്ള ഫീസ് സംബന്ധിച്ച ഉത്തരവുകൾ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സർവകലാശാല നിഷ്കർഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്ന കോളജുകൾക്കെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കും. ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ക്ലാസുകൾ നാളെത്തന്നെ ആരംഭിക്കും.
പിജി ഏകജാലകം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഏ കജാലകം വഴിയുള്ള പിജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓണ്‍ലൈൻ പേമെന്റ് ഗേറ്റ്വേ വഴി സർവകലാശാലാ അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് നാളെ വൈകുന്നേരം 4.30ന് മുന്‍പായി അലോട്ട്മെന്റ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം. നാളെ വരെ ഫീസ് ഒടുക്കാത്തവരുടെയും ഫീസൊടുക്കിയശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെന്റിലേക്ക് ഇവരെ പരിഗണിക്കുന്നതല്ല.
താത്കാലിക പ്രവേശനം നേടുന്നവർ തങ്ങളുടെ അലോട്ട്മെന്റ് മെമ്മോയും അസൽ സാക്ഷ്യപത്രങ്ങളും കോളജുകളിലെ പരിശോധനയ്ക്കു ശേഷം തിരികെ വാങ്ങണം. ഇവർ കോളജുകളിൽ പ്രത്യേകമായി ഫീസൊടുക്കേണ്ടതില്ല. എന്നാൽ, ഓണ്‍ലൈനായി നിശ്ചിത സർവകലാശാലാ ഫീസൊടുക്കണം. ലഭിച്ച അലോട്ട്മെന്റിൽ സംതൃപ്തനാണെങ്കിൽ തുടർ അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാതിരിക്കാനായി അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ഹയർ ഓപ്ഷനുകൾ റദ്ദാക്കുന്നതിനുള്ള സൗകര്യം 19 വരെ ലഭ്യമായിരിക്കും. ഉയർന്ന ഓപ്ഷനുകൾ നിലനിർത്തിയാൽ തുടർന്നുള്ള അലോട്ട്മെന്റിൽ മാറ്റം വന്നേക്കാം. ഇപ്രകാരം മാറ്റം ലഭിക്കുന്നപക്ഷം പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കണം. ആദ്യം ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ, ഇപ്രകാരം മാറ്റം ലഭിക്കുന്നവർ പുതുതായി ഫീസൊടുക്കേണ്ടതില്ല. 19ന് ഓപ്ഷനുകൾ പുനർക്രമീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകർക്ക് മൂന്നാം അലോട്ട്മെന്റ് വരെ താത്ക്കാലികമായി പ്രവേശനം നേടാം. ഹയർ ഓപ്ഷനുകൾ നിലനിർത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർ ഒഴികെയുള്ളവർ കോളജുകളില നിശ്ചിത ട്യൂഷൻ ഫീസ് ഒടുക്കി സ്ഥിരപ്രവേശനം ഉറപ്പുവരുത്തണം.
കോളജുകളിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുന്നവർ പ്രവേശനത്തിനുശേഷം ’കണ്ഫർമേഷൻ സ്ലിപ്’ കോളജധികൃതരിൽനിന്നു ചോദിച്ചുവാങ്ങണം. പ്രവേശനം സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പുവരുത്തണം. വിവിധ പ്രോഗ്രാമുകളിലേക്കു നിശ്ചയിച്ചിരിക്കുന്ന ട്യൂഷൻ ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
ഇന്റർവ്യൂ മാറ്റിവച്ചു
കെ.എൻ. രാജ് സെന്ററിൽ ഗസ്റ്റ് അധ്യാപകരുടെ പാനൽ തയാറാക്കുന്നതിനും സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ്കംലൈബ്രേറിയൻ താത്ക്കാലിക നിയമനത്തിനുള്ള പാനൽ തയാറാക്കുന്നതിനും ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. രണ്ട് ഇന്റർവ്യൂകളും 19ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും.
പ്രാക്ടിക്കൽ
ഒന്നും രണ്ടും സെമസ്റ്റർ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം (201617 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ നാളെയും 19, 20 തീയതികളിലും കാലടി ശ്രീ ശങ്കര കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
സംവരണ സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എംഎ ആന്ത്രപ്പോളജി കോഴ്സിന് എസ്സി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായ അപേക്ഷകർ അസൽ രേഖകളുമായി പഠനവകുപ്പിൽ നാളെ ഹാജരാകണം. 0481 2392383, 9656658486.
കെ. എൻ. രാജ് സെന്ററിൽ 201819 അധ്യയന വർഷത്തിൽ എംഎ ഇക്കണോമിക്സിൽ പട്ടികവർഗ വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ അസൽ രേഖകളുമായി നാളെ രാവിലെ 11നു ഹാജരാകണം.