എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം
സ്കൂൾ ഓഫ് ഹെൽത്ത് സയൻസിലെ സ്വാശ്രയ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രവശന കൗണ്‍സലിംഗ് ഇന്ന് രാവിലെ പത്തിന് നടക്കും. റാങ്ക് ഒന്ന് മുതൽ 25 വരെയുള്ളവരും മുഴുവൻ എസ്സി/ എസ്ടി/ ഒഇസി വിഭാഗക്കാരും ഹാജരാകണം. നോണ്‍ എൻട്രൻസ് വിഭാഗത്തിൽ റാങ്ക് ഒന്ന് മുതൽ 20 വരെയുള്ള ലിസ്റ്റിലെ മുഴുവൻ എസ്സി/ എസ്ടി/ ഒഇസി വിഭാഗക്കാരും 12 ന് ഹാരാകണം. വിവരങ്ങൾ വെബ്സൈറ്റിൽ.
ബിരുദ പ്രവേശനം: എസ്സി/ എസ്ടി സ്പെഷൽ അലോട്ട്മെന്റ്
ബിരുദ പ്രവേശനത്തിന് എസ് സി/ എസ്ടി വിഭാഗങ്ങൾക്ക് സ്പെഷൽ അലോട്ട്മെന്റിന് നാളെ വരെ റീഓപ്ഷൻ നൽകാം. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വർ, അലോട്ട്മെന്റ് ലഭിച്ച് ഹയർ ഓപ്ഷൻ നിലനിർത്തി അഡ്മിഷൻ എടുത്തവർ, അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും വിവിധ ഘട്ടത്തിൽ പുറത്തായവർ, ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ എന്നിവർക്കാണ് അവസരം. റീഓപ്ഷൻ നൽകിയവർക്ക് പുതിയ ഓപ്ഷനുകളിലേക്കും അല്ലാത്തവരുടെ നേരത്തെ രജിസ്റ്റർ ചെയ്ത ഓപ്ഷനുകളിലേക്കുമായിരിക്കും സ്പെഷൽ അലോട്ട്മെന്റ്. ഹയർ ഓപ്ഷനുകൾ നിലനിർത്തി സ്ഥിരം അഡ്മിഷൻ എടുത്തവർ സ്പെഷൽ അലോട്ട്മെന്റിന് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഹയർ ഓപ്ഷനുകൾ കാൻസൽ ചെയ്തിട്ടുണ്ടെന്ന് നോഡൽ ഓഫീസർ മുഖാന്തരം ഉറപ്പാക്കണം. റീഓപ്ഷൻ നൽകാൻ ഉദ്ദേശിക്കുന്നവർ ആദ്യം cuonline.ac.in>Allotments>VacancySC/ST seats എന്ന ലിങ്ക് സന്ദർശിച്ച് ഓരോ കോളജിലെയും എസ് സി/ എസ്ടി വിഭാഗം ഒഴിവുകൾ പരിശോധിച്ചതിനുശേഷം Registration> UG> UGCAP2018 Reoption for SC/ST candidates എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് 370 രൂപ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കാപ് ഐഡി, പാസ്വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. ഒന്നും രണ്ടും സ്പെഷൽ അലോട്ട്മെന്റുകൾ യഥാക്രമം ജൂലൈ 28, ഓഗസ്റ്റ് രണ്ട് തീയതികളിൽ നടക്കും.
എംഎ സീറ്റ് ഒഴിവ്
പഠനവകുപ്പുകളിൽ എംഎ ഫോക്ലോറിന് എല്ലാ വിഭാഗങ്ങളിലും, വിമൻസ് സ്റ്റഡീസിന് എസ് സി/ എസ്ടി വിഭാഗങ്ങളിലും ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30. ഓണ്‍ലൈൻ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. പ്രവേശനപരീക്ഷ വിമൻസ് സ്റ്റഡീസ് ഓഗസ്റ്റ് ഒന്നിനും, ഫോക്ലോർ ഓഗസ്റ്റ് മൂന്നിനും രാവിലെ 10.30ന് നടക്കും. പരീക്ഷയ്ക്ക് ഹാൾടിക്കറ്റ് ലഭിക്കില്ല. ഓണ്‍ലൈൻ പ്രിന്റൗട്ട്, തിരിച്ചറിയൽ കാർഡ് അടങ്ങിയ എല്ലാ രേഖകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാ ഫീസ്: ജനറൽ 615 രൂപ. എസ് സി/ എസ്ടി 415 രൂപ. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോണ്‍: 0494 2407016, 2407017.
എംഎസ് സി സീറ്റ് ഒഴിവ്
കാന്പസ് സിസിഎസ്ഐടി, പുല്ലൂട്ട്, ജെഎംസി തൃശൂർ, വടകര, മഞ്ചേരി കേന്ദ്രങ്ങളിൽ ഒഴിവുള്ള എംഎസ് സി കംപ്യൂട്ടർ സയൻസ് സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രേഖകൾ സഹിതം പ്രവേശനമാഗ്രഹിക്കുന്ന കേന്ദ്രങ്ങളിൽ 28നകം റിപ്പോർട്ട് ചെയ്യണം. പ്രവേശനം 30ന് .
അപേക്ഷാ തീയതി നീട്ടി
വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബിഎംഎംസി/ ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി പിഴകൂടാതെ 27 വരെയും 160 രൂപ പിഴയോടെ 28 വരെയും നീട്ടി.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബിഎസ് സി എൽആർപി/ ബിഎംഎംസി/ ബിസിഎ/ ബിഎസ്ഡബ്ല്യൂ/ ബിവിസി/ ബിഎ അഫ്സൽഉൽഉലമ/ബിടിഎഫ്പി/ ബിടിഎ (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി പിഴകൂടാതെ 27 വരെയും 160 രൂപ പിഴയോടെ 28 വരെയും നീട്ടി.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എംടെക് (2013 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി (ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ക്ലിയർ ചെയ്തവർക്ക്) പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 160 രൂപ പിഴയോടെ ഓഗസ്റ്റ് രണ്ട് വരെയും അപേക്ഷിക്കാം.
പരീക്ഷ
രണ്ടാം വർഷ ബിഎസ് സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി പരീക്ഷ ഓഗസ്റ്റ് പത്തിന് ആരംഭിക്കും.
പരീക്ഷാഫലം
2018 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ് സി റേഡിയേഷൻ ഫിസിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.
2017 ഡിസംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംഎ മൾട്ടിമീഡിയ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒന്നാം വർഷ ബിഎസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി മാർച്ച് 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിവോക് ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.
സ്പീഡ് റീഡിംഗ് ശിൽപ്പശാല
ഇസ്ലാമിക് ചെയർ സ്പീഡ് റീഡിംഗ് ശിൽപ്പശാല സംഘടിപ്പിക്കുന്നു. 29ന് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക. ഫോണ്‍: 9048356933/ 9746904678.
ഫുട്ബോൾ പരിശീലന ക്യാന്പ്
കായിക പഠനവകുപ്പിന് കീഴിൽ നടത്തുന്ന ഫുട്ബോൾ പ്രോമിസിംഗ് യംഗ്സ്റ്റേഴ്സ് കോച്ചിംഗ് ക്യാന്പ് (പുരുഷ വിഭാഗം) 30 മുതൽ സർവകലാശാലാ സ്റ്റേഡിയത്തിൽ നടക്കും. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി പ്രവേശനം കാത്തിരിക്കുന്നവർക്കും സെലക്്ഷനിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ രാവിലെ 8.30ന് സർവകലാശാലാ സ്റ്റേഡിയത്തിൽ സ്പോർട്സ് കിറ്റ് സഹിതം ഹാജരാകണം.
കാലിക്കട്ട് സർവകലാശാല ഗവേഷണത്തിന് പ്രാധാന്യം നൽകും
കോഴിക്കോട്: രാജ്യത്തെ മികച്ച 20 സർവകലാശാലകളിൽ ഒന്നിലേക്ക് കാലിക്കട്ടിന്റെ റാങ്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് വർധിച്ച പ്രാധാന്യം നൽകുമെന്ന് പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ. സർവകലാശാലയിൽ "അറബി സാഹിത്യപഠനം രണ്ടായിരമാണ്ടിന് ശേഷം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവേഷണ പ്രബന്ധ പ്രസിദ്ധീകരണങ്ങൾക്കു പ്രാധാന്യം നൽകുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തും. ഇതിനനുസൃതമായ അടിസ്ഥാന സൗകര്യ വികസന പരിപാടികളും നടപ്പാക്കുന്നുണ്ട്. വിദഗ്ധരുടെ പങ്കാളിത്തതോടെ കൂടുതൽ സെമിനാറുകൾ സർവകലാശാല വിഭാവനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സർവകലാശാലാ സുവർണ്ണ ജൂബിലിയുടെ സമാപനം ഡിസംബറിൽ ത്രിദിന പരിപാടികളോടെ സംഘടിപ്പിക്കുമെന്നും പ്രോവൈസ് ചാൻസലർ അറിയിച്ചു.
പഠനവകുപ്പ് മേധാവി ഡോ. ഇ. അബ്ദുൽ മജീദ് അധ്യക്ഷനായിരുന്നു. മുഹമ്മദ് നാസർ അഹമ്മദ് ബിൻ അലി ജാബിർ അൽ യമനി, ഫൈസൽ അൽ യമനി, ഡോ. എ.ഐ. റഹ്മത്തുള്ള ഭാഷാ സാഹിത്യ ഫാക്കൽറ്റി ഡീൻ ഡോ. കെ.കെ. ഗീതാകുമാരി, ഡോ. വീരാൻ മൊയ്തീൻ, ഡോ. കെ.എം. മുഹമ്മദ്, ഡോ. അലി നൗഫൽ, ഡോ. അബ്ദുൽ ലത്തീഫ്, ഡോ. പി.ടി. സൈനുദ്ദീൻ, ഡോ. സാബിഖ് എന്നിവർ പ്രസംഗിച്ചു. ഡോ. മുഹമ്മദ് ആബിദ്, അത്തീഖ് റഹ്മാൻ നദ്വി, ഡോ. ബിലാൽ അഹമ്മദ് സർഗർ തുടങ്ങിയവർ ഇന്നും നാളെയും സംബന്ധിക്കും.
സെനറ്റ് തെരഞ്ഞെടുപ്പ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ സെനറ്റിലേക്ക് ട്രേഡ് യൂണിയൻ പ്രതിനിധികളായി
എം. രാജൻ (പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോക്കനട്ട് ഡവലപ്മെന്റ് കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ), വി. ശശികുമാർ (പ്രസിഡന്റ്, മലപ്പുറം ജില്ലാ കണ്‍സ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, സിഐടിയു) എന്നിവരെ തെരഞ്ഞെടുത്തു.