അച്ഛനും വേണം ഉത്തരവാദിത്വം
അച്ഛനും വേണം  ഉത്തരവാദിത്വം
Sunday, February 26, 2017 2:26 AM IST
വീട്ടുകാര്യം നോക്കലും മക്കളെ പഠിപ്പിക്കലുമൊക്കെ അമ്മമാരുടെ മാത്രം ചുമതലയാണെന്ന് കരുതുന്നവരാണ് നമ്മളിൽ ഏറെയും. എന്നാൽ കുസൃതികളായ മക്കൾ അമ്മമാർ പറയുന്നത് അനുസരിക്കാത്ത വീടുകളും ചുരുക്കമല്ല. എന്നാൽ പഠനകാര്യങ്ങളിൽ മാതാവിനൊപ്പം പിതാവുകൂടി ശ്രദ്ധിച്ചാൽ വളരെയധികം മാറ്റം ഉണ്ടാക്കാം. കുടുംബജീവിതത്തിലും ഇത് സന്തോഷം നിറയ്ക്കും... ഇതൊന്നു വായിക്കൂ...

അമ്മയെ അനുസരിക്കാത്ത ടോം. ഒന്നാം ക്ലാസിൽ ഇത് രണ്ടാം തവണയാണ് ടോം പഠിക്കുന്നത്. പഠനത്തിൽ വളരെ പിന്നോക്കമായതിനാൽ അധ്യാപകർ ടോമിനെ രണ്ടാം ക്ലാസിലേക്ക് ജയിപ്പിച്ചില്ല. എന്നും വൈകിട്ട് അധ്യാപിക കൂടിയായ അമ്മ അവനെ അടിച്ചും പേടിപ്പിച്ചും പഠിപ്പിക്കാൻ ശ്രമിക്കും. പക്ഷേ ടോമിെൻറ പഠനനിലവാരം പഴയ പോലെത്തന്നെയായിരുന്നു. അതുകൊണ്ടാണ് അമ്മ ടോമുമായി കൗൺസലിംഗിന് എത്തിയത്.

ആ സമയം പിതാവ് ജോലിക്കു പോയിരിക്കുകയായിരുന്നു. അവരുടെ സംഭാഷണത്തിൽനിന്ന്, ആൺകുട്ടികൾ രണ്ടുപേരും അമ്മയെ അനുസരിക്കുന്നില്ലെന്നു മനസിലായി. പിതാവും പിതാവിെൻറ അമ്മയും എന്തു പറഞ്ഞാലും അവർ അത് അനുസരിക്കും. അപ്പനെ കുട്ടികളുടെ പഠന ചുമതല ഏല്പിച്ചുകൂടേ എന്ന് ചോദിച്ചപ്പോൾ, അയാൾ അത് ഏറ്റെടുക്കാൻ മടികാണിക്കുമെന്നാണ് അവർ പറഞ്ഞത്. എല്ലാ ദിവസവും ചെറിയ തോതിൽ മദ്യപിച്ചിട്ട് വരുന്നതുകൊണ്ട് അപ്പനെ കുട്ടികൾക്കൊപ്പം ഇരുത്തുന്നതിൽ തനിക്ക് താല്പര്യമില്ലെന്നും ആ അമ്മ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ ഒരു ചെറിയ വാടകവീട്ടിലാണ് അവർ താമസിച്ചിരുന്നത്. ഭർത്താവിെൻറ മദ്യപാനം മൂലം അവൾ വിവാഹമോചനം ആവശ്യപ്പെട്ട് ആറുമാസക്കാലം കുട്ടികളെയും വിട്ട് സ്വന്തം വീട്ടിൽ പോയി താമസിച്ചിരുന്നു. പിന്നീട് അനുരഞ്ജനത്തിലായി തിരിച്ചുവന്നതാണ്. കുട്ടികളെ ഉപേക്ഷിച്ചുപോയതിൽ അവൾക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് അമിതമായി അവരുടെ കാര്യങ്ങളിൽ ഇടപെടുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് അവൾ പറഞ്ഞു. എന്നാൽ മക്കളാകട്ടെ അമ്മ പറയുന്നതൊന്നും അനുസരിക്കില്ല. അടുത്ത തവണ വരുമ്പോൾ കുികളുടെ അപ്പനെ കൂട്ടി വരണമെന്നു നിർദേശിച്ചു. അതു പ്രകാരം അയാൾ വന്നു.

സന്ധ്യാസമയത്ത് കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കാനും ഇടയ്ക്കിടെ സ്കൂളിൽ ചെന്ന് അവരുടെ കാര്യങ്ങൾ അന്വേഷിക്കാനും അപ്പനോട് ആവശ്യപ്പെട്ടു. അയാൾ അത് സമ്മതിച്ചു. അമ്മയോട് ഈ ജോലികളിൽ നിന്ന് അകന്ന് നിൽക്കാനും നിർദ്ദേശിച്ചു. ഹോം വർക്ക് ചെയ്തോ എന്നു നോക്കുന്നതും അതിന് സഹായിക്കുന്നതും പിതാവായിരിക്കണം എന്നു കർശനമായി നിർദ്ദേശിച്ചു. മാതാപിതാക്കൾ അത് സമ്മതിച്ചു.
സന്തോഷത്തിെൻറ ദിനങ്ങൾ

നാലാഴ്ച കഴിഞ്ഞ് ആ വീട്ടിലുണ്ടായ മാറ്റം കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പിതാവ് കുട്ടികളുടെ പഠന ഉത്തരവാദിത്വം ശ്രദ്ധയോടെ കൈകാര്യം ചെയ്തു. കുട്ടികൾ കൃത്യമായി ഹോം വർക്ക് ചെയ്യാനും ക്ലാസിൽ കൂടുതൽ ശ്രദ്ധിക്കുവാനും തുടങ്ങി. ടോം ആകപ്പാടെ മാറി, അധ്യാപകർ ടോമിനുണ്ടായ മാറ്റം അദ്ഭുതത്തോടെ നോക്കിനിന്നു. വീട്ടിൽ വന്നാലും ടോം ഉത്തരവാദിത്വത്തോടെ പഠിച്ച് തുടങ്ങി. അമ്മയുടെ അടുത്ത് പ്രയോഗിച്ചിരുന്ന അടവുകൾ അപ്പെൻറയടുത്ത് പ്രയോജനപ്പെടുകയില്ല എന്ന് കുട്ടികൾക്ക് മസിലായി. കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ദിവസം മുതൽ പിതാവ് മദ്യപാനം നിർത്തി കൃത്യസമയത്ത് വീിൽ വരാനും തുടങ്ങി.


പ്രശ്നങ്ങൾ നിരവധി

കുട്ടികളുടെ പഠന പ്രശ്നവുമായി മറ്റു മൂന്നുപേരുടെയും അവസ്‌ഥ ഇതുതന്നെയായിരുന്നു. ട്രക്ക് ഡ്രൈവറുടെ ഭാര്യ, പ്രവാസിയുടെ ഭാര്യ, ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽവരുന്ന സർക്കാരുദ്യോഗസ്‌ഥെൻറ ഭാര്യ. ഇവരുടെയെല്ലാം മക്കളും ഏകദേശം ടോമിെൻറ അവസ്‌ഥയിൽത്തന്നെയായിരുന്നു.

ട്രക്ക് ഡ്രൈവർ തെൻറ ഒരു ട്രിപ്പിൽ മൂന്ന് നാല് ദിവസത്തേക്ക് മകനെയും കൂട്ടിപ്പോയി തിരിച്ചുവന്നപ്പോൾ അവനിൽ വലിയമാറ്റം വന്നു. വിദേശമലയാളി കുട്ടികളെയും ഭാര്യയെയും കൂട്ടി താമസം തുടങ്ങിയപ്പോഴും സർക്കാരുദ്യോഗസ്‌ഥൻ ജോലിസ്‌ഥലത്തേക്ക് കുടുംബത്തെ കൊണ്ടുപോയപ്പോഴും പ്രശ്നം അവസാനി ക്കുന്നതായി ഞാൻ കണ്ടു.

ഒരു രക്ഷകർത്താവ് മാത്രം പരിപാലിക്കുമ്പോൾ വീഴ്ചകൾ ഇങ്ങനെ സംഭവിക്കുന്നത് കാണാറുണ്ട്. രണ്ടുപേരും പ്രത്യേകിച്ച് പിതാവ് കുട്ടികളിൽ ശ്രദ്ധ ചെലുത്തണം. മരണം മൂലമുള്ള വേർപാടൊഴിച്ചാൽ പിതാവിെൻറയും മാതാവിെൻറയും സാന്നിധ്യം മക്കളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് അനിവാര്യഘടകമാണെന്ന് മനസിലാക്കി മാതാപിതാക്കൾ പെരുമാറിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വളരെക്കാലം ഭാര്യയെയും മക്കളെയും ഒറ്റയ്ക്കാക്കി പിതാക്കന്മാർ ജോലിസ്‌ഥലത്തായിരിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കണം. ജീവിതം ഹ്രസ്വമാണ്. ഒന്നിച്ചാൽ നന്മകൾ പങ്കുവച്ചു വളരാം.

മാറ്റത്തിന്റെ പുതുവെളിച്ചം

ഇവിടെ പല ഘട്ടങ്ങളിലൂടെയാണ് മാറ്റങ്ങൾ സംഭവിച്ചത്.
1. പിതാവ് തെൻറ ഉത്തരവാദിത്വത്തിൽ വീഴ്ചവരുത്തി കുട്ടികളെ നിയന്ത്രിക്കുന്നതിൽ കഴിവില്ലാത്തവനായി മാറിനിന്നു. നിയന്ത്രണം വിട്ടതും നിരാശയിലൂന്നിയതുമായ ശൈലി അവലംബിച്ചു.
2. കുട്ടി പെരുമാറ്റ വൈകല്യം പ്രകടിപ്പിക്കുന്ന, നിയന്ത്രണം വിട്ട കുട്ടി അസ്വാസ്‌ഥ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.
3. അമ്മ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാമർഥ്യക്കുറവ് പ്രകടമാക്കുന്നു. പിതാവിനെ ഉൾപ്പെടുത്താതെ ഫലപ്രദമല്ലാത്ത രീതിയിൽ കുട്ടികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.
4. പിതാവ് ഈ സമയം വിവേകം ആർജിക്കുന്നു. കുട്ടികളെ ഫലപ്രദമായി കൈകാര്യം ചെയ്ത് അയാളുടെ കഴിവ് തെളിയിക്കുന്നു.
5. കുട്ടികൾ നന്നായി പെരുമാറുന്നു. സമനില വീണ്ടെടുത്ത് കുട്ടികൾ ഉത്സാഹത്തോടെ മുന്നേറുന്നു.
6. അമ്മയും തിരിച്ചറിവിലെത്തിച്ചേരുന്നു. കുട്ടികളോടും ഭർത്താവിനോടും പക്വമായ രീതിയിൽ പെരുമാറി അവരിൽ നിന്ന് കൂടുതൽ നന്മ പ്രതീക്ഷിച്ചുകൊണ്ട് സന്തോഷത്തോടെ മുന്നേറുന്നു.

ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പൽ, നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി,
പത്തനംതിട്ട