മേഘല ഡബിൾ ബെൽ അടിക്കുന്നു; ശുഭപ്രതീക്ഷയോടെ
മേഘല ഡബിൾ ബെൽ അടിക്കുന്നു; ശുഭപ്രതീക്ഷയോടെ
Monday, May 22, 2017 4:13 AM IST
സമയം രാവിലെ 10.15. കോട്ടയം- ചേർത്തല റൂട്ടിൽ ഓടുന്ന വേന്പനാട് ബസ് കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തി. യാത്രക്കാർ ഓരോരുത്തരായി ബസിൽനിന്ന്് ഇറങ്ങി. അവസാനമായി ടിക്കറ്റ് മെഷീനും കാഷ് ബാഗുമായി കണ്ടക്ടർ വേഷത്തിൽ ഒരു പെണ്‍കുട്ടിയും. യാതൊരു മടിയും കൂടാതെ, പൊള്ളുന്ന വെയിൽ വകവയ്ക്കാതെ ആ പെണ്‍കുട്ടി ബസിനു മുന്നിലെത്തി വിളിച്ചുപറഞ്ഞു. ചേർത്തല, ചേർത്തല, ചേർത്തല...

10.33ന് ചേർത്തലയ്ക്കു പുറപ്പെടുന്ന ബസിലേക്ക് പെണ്‍കുട്ടിയുടെ വിളി കേട്ട് പല യാത്രക്കാരുമെത്തി. ബസ് പുറപ്പെടാൻ സമയമായി. ചേർത്തലയിലേക്കൊരു ഡബിൾ ബെൽ. ബസ് നാഗന്പടം സ്റ്റാൻഡിൽനിന്ന് പുറത്തേക്ക്.

പറഞ്ഞുവരുന്നത് മേഘല എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ്. നമ്മുടെ നാട്ടിൽ കഐസ്ആർടിസി, സ്വകാര്യബസുകളിൽ നിരവധി സ്ത്രീകൾ കണ്ടക്ടർമാരായി ജോലി നോക്കുന്നുണ്ട്. അവരിൽനിന്നെല്ലാം വ്യത്യസ്തയാണ് മേഘല.

കോട്ടയം മാന്നാനം കെ.ഇ കോളജിൽ എംഎഡ് അവസാനവർഷ വിദ്യാർഥിനിയായ മേഘല പഠനത്തിെൻറ ഇടവേളകളിലാണ് കണ്ടക്ടർ കുപ്പായം അണിയുന്നത്. പഠനച്ചെലവിനും കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന അമ്മയ്ക്കു താങ്ങാവാനും ആണിത്.

കുമരകം സൗത്തിൽ കല്ലുകണ്ടം വീട്ടിൽ ജോസഫിെൻറയും മോളിയുടെയും ഏക മകളാണ് മേഘല. ബിഎഡ് കഴിഞ്ഞതോടെ അച്ഛനു സുഖമില്ലാതെ വന്നു. ഇതോടെയാണ് മേഘല കണ്ടക്ടർ ജോലിയിലേക്ക് എത്തപ്പെത്.

അമ്മ മോളി കുമരകത്തുള്ള റിസോർട്ടിൽ അടുക്കളപ്പണിക്കു പോകുന്നു. പഠിച്ച് നല്ലൊരു ജോലി വാങ്ങണമെന്നും അച്ഛനെയും അമ്മയേയും നല്ലതുപോലെ നോക്കണമെന്നും ആഗ്രഹിക്കുന്ന മേഘലയ്ക്കു കണ്ടക്ടർ ജോലി ഒരു കുറച്ചിലായി അനുഭവപ്പെടുന്നില്ല. കൂടെ പഠിക്കുന്നവരും മുന്പ് പഠിച്ചവരും നാട്ടുകാരും ബസ് ജീവനക്കാരും യാത്രക്കാരുമെല്ലാം മേഘലയ്ക്കു പിന്തുണയുമായി പിന്നാലെയുണ്ട്.

നാലു സെൻറ് സ്ഥലത്ത് പണി പൂർത്തിയാകാത്ത രണ്ടുമുറിയും അടുക്കളയുമുള്ള ചെറിയൊരു വീടാണ് മേഘലയ്ക്കുള്ളത്. ഒരു വീടിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ആ വീട്ടിൽ ഇല്ല. പലരുടെയം സഹായത്താലാണ് കയറിക്കിടക്കാനൊരു കൂരയുണ്ടായത്.


പിന്നീടാണ് ബിഎഡ് പഠിച്ചത്. ബിഎഡിനു പഠിക്കുന്പാഴാണ് അച്ഛനു സുഖമില്ലാതാവുന്നതും കണ്ടക്ടർ ജോലി ചെയ്തു തുടങ്ങുന്നതും. ചെറിയൊരു ഇടവേളയ്ക്കുശേഷം മാന്നാനം കെ ഇ കോളജിൽ എംഎഡിനു ചേർന്നു. എംഎഡ് പൂർത്തിയായാലുടൻ എംഫില്ലിനു പഠിക്കണമെന്നും പിഎച്ച്ഡി എടുക്കണമെന്നും ആഗ്രഹിക്കുന്നു. ഇതോടൊപ്പം ഒരിക്കൽ നഷ്ടപ്പെട്ട സിവിൽ സർവീസ് പരീക്ഷ വീണ്ടുമെഴുതണമെന്നും ആഗ്രഹമുണ്ട്. ജോലിക്കിടയിലും എംഎഡ് പഠനത്തിനിടയിലും പ്രൈവറ്റായി എംഎ പൊളിറ്റിക്സിനും പഠിക്കുന്നു. പി എസ്സി പരീക്ഷകളും എഴുതിവരുന്നു.

തെൻറ അവസ്ഥ അറിയാവുന്ന ബസ് ജീവനക്കാർ തന്നെ അവരുടെ സഹോദരിയുടെ സ്ഥാനത്താണ് കാണുന്നതെന്നും തനിക്ക് എല്ലാ പിന്തുണയും അവർ നൽകി വരുന്നുണ്ടെന്നും മേഘല പറയുന്നു. ബസിലെ യാത്രക്കാരാണെങ്കിലും നല്ല നിലയ്ക്കാണ് പെരുമാറുന്നത്. കൂടെ പഠിച്ചവരെല്ലാം തനിക്ക് നല്ല പിന്തുണ നൽകുന്നുണ്ടെന്നും മേഘല പറഞ്ഞു.

നല്ലൊരു പാട്ടുകാരി കൂടിയാണ് മേഘല. പല ട്രൂപ്പുകൾക്കൊപ്പവും പാടാൻ പോകാറുണ്ട്. ബിഎഡിനു പഠിക്കുന്പോൾ കലാതിലകവുമായിട്ടുണ്ട്.

സിവിൽ സർവീസ് എന്ന ലക്ഷ്യം

സിവിൽ സർവീസ് ഉദ്യോഗം ആയിരുന്നു മേഘലയുടെ ലക്ഷ്യം. ബിഎ പൊളിറ്റിക്സ് പാസായപ്പോൾ കുമരകത്ത് കൃഷിവകുപ്പിെൻറ ഗവേഷണവിഭാഗത്തിൽ നഴ്സറി ട്രെയിനിയായി ചെറിയൊരു ജോലി കിട്ടി. ഒരു വർഷം കഴിഞ്ഞപ്പോൾ അവിടെ നിന്നു മാറി സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായി. കോച്ചിംഗ് ക്ലാസിനും പോയി. പരീക്ഷ എഴുതിയെങ്കിലും ലക്ഷ്യം സാധിച്ചില്ല.

നിയാസ് മുസ്തഫ
ഫോട്ടോ: സനൽ വേളൂർ