വീട്ടമ്മ വീട്ടിൽ ഒതുങ്ങാനുള്ളതല്ല
വീട്ടമ്മ വീട്ടിൽ  ഒതുങ്ങാനുള്ളതല്ല
Saturday, August 12, 2017 4:14 AM IST
വർഷങ്ങൾക്കു മുന്പുള്ള കഥയാണ്. 1994ൽ ഐശ്വര്യ റായ് ലോകസുന്ദരി കിരീടം തലയിൽ ചാർത്തുന്പോൾ ഇവിടെ ദിവ്യ വാണിശേരി എന്ന കോട്ടയംകാരിയുടെ മനസിൽ ഒരു കൊച്ചു കനൽ വീണിരുന്നു. എന്നെങ്കിലും ഒരു നാൾ ഫാഷൻ ലോകം ഒരിക്കലെങ്കിലും കീഴടക്കണമെന്ന് അവൾ കൊതിച്ചു. എന്നാൽ, കാലം ദിവ്യയ്ക്കു കരുതിവച്ചത് മറ്റൊന്നായിരുന്നു. പ്ലസ്ടു വരെയുള്ള പഠനം കേരളത്തിൽ പൂർത്തിയാക്കി ഡൽഹിയിലേക്ക്. പിന്നീട് വിവാഹവും ശേഷം സൗദിയിലേക്കുള്ള ചുവടു മാറ്റവും. മൂന്നു കുട്ടികളുടെ അമ്മയായി ഒതുങ്ങി കൂടുന്പോൾ ദിവ്യ വീണ്ടും തെൻറ സ്വപ്നങ്ങൾക്കു നിറം നൽകി തുടങ്ങി. ആദ്യം തെൻറ ഫിറ്റ്നസും പിന്നീട് മോഡലിംഗുമൊക്കെയായി ദിവ്യ ഇപ്പോൾ തിരക്കിലാണ്. ഒപ്പം 8000 എൻട്രികൾ വന്ന മിസിസ് ഇന്ത്യ ഷീ ഈസ് ഇന്ത്യ മത്സരത്തിൽ മൂന്നാം റണ്ണറപ്പായി മലയാളി വീട്ടമ്മമാർക്കും ഫാഷൻ ലോകം കീഴടക്കാമെന്നും തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ മൂവാറ്റുപുഴയിൽ സ്ഥിര താമസമാക്കിയ ഈ വീട്ടമ്മ. ദിവ്യ വാണിശേരിയുടെ വിശേഷങ്ങളിലേക്ക്...

മിസിസ് ഇന്ത്യ - ഷീ ഈസ് ഇന്ത്യ

മിസിസ് ഇന്ത്യ ഷീ ഈസ് ഇന്ത്യ മത്സരത്തിലേക്ക് അവിചാരിതമായാണ് കടക്കുന്നത്. കേരളത്തിൽനിന്നുള്ള ആദ്യ കടന്പത്തന്നെ പ്രയാസകരമായിരുന്നു. കേരളത്തിൽനിന്ന് അപേക്ഷിച്ചവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത ശേഷം ആദ്യ ഘട്ടമായി ടെലിഫോണിക് ഇൻറർവ്യൂ നടത്തി. പിന്നീട് വീഡിയോ റൗണ്ടും കഴിഞ്ഞ ശേഷമാണ് പ്രധാന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. മെയ് 27ന് ഡൽഹിയിലായിരുന്നു മത്സരം. 8000 എൻട്രികൾ ലഭിച്ചതിൽനിന്ന് 29 പേരെയാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. പ്രധാന മത്സരത്തിലും നിരവധി റൗണ്ടുകളുണ്ടായിരുന്നു. ഫോർമൽ, എത്നിക് വേഷങ്ങൾ ധരിച്ചുള്ള പ്രത്യേക റൗണ്ടുകൾ, ചോദ്യങ്ങൾ നേരിടേണ്ട റൗണ്ട് എന്നിങ്ങനെ വിവിധ ഘങ്ങളിലൂടെ കടന്നാണ് അവസാന അഞ്ചു പേരിലേക്കെത്തിയത്.

മത്സരച്ചൂട്

അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തു മുൻപരിചയം ഉള്ളവരും ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയവരും ആയിരുന്നു. ആ വേദിയിലാണ് ട്രെയിനിംഗും പരിചയവുമില്ലാതെ പങ്കെടുക്കാൻ ഞാൻ പോയത്. മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത അനുഭവമുള്ള ആളെയൊക്കെ കണ്ടപ്പോൾ ആകെ സമ്മർദത്തിലായി. പങ്കെടുക്കാനെത്തിയ 29 പേരും ഒന്നിനൊന്നു മെച്ചമായിരുന്നു. അവിടുത്തെ പരിശീലനം ആരംഭിച്ചതോടെ ഞങ്ങളെല്ലാവരും തിൽ നല്ല സൗഹൃദത്തിലായി. മത്സരത്തിെൻറ വാശിയൊക്കെ ഉണ്ടായിരുന്നെങ്കിലും സൗഹൃദത്തെ അതു ബാധിക്കാതെ എല്ലാവരും നോക്കി.

ഫിറ്റ്നസ് ലോകത്തേക്ക്

മൂന്നാമത്തെ മകൻ ഹെറാൾഡിെൻറ ജനനശേഷമാണ് ഫിറ്റ്നസ് ശ്രദ്ധിക്കണമെന്ന ചിന്തയുണ്ടായത്. പ്രസവശേഷം എല്ലാവരെയും പോലെ അനിയന്ത്രിതമായി വണ്ണം വെച്ച സമയമാണത്. 75 കിലോ വരെ തൂക്കം വർധിച്ചപ്പോൾ എനിക്കുത്തന്നെ തോന്നി ഇനിയെങ്കിലും ശരീരം കൂടുതൽ ശ്രദ്ധിക്കണമെന്ന്. ഹെറാൾഡ് ജനിച്ചു എട്ടാഴ്ച കടന്നതോടെ ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങളിലേക്കും തുടർന്നു ജിമ്മിൽ പോകാനുമൊക്കെ തുടങ്ങി. ഇതോടെ ശരീരത്തിനൊപ്പം മനസിനും വലിയ മാറ്റങ്ങളാണു വന്നത്. പിന്നീട് മൂവാറ്റുപുഴയിലേക്ക് എത്തിയതോടെ ജിം ഒരു പ്രതിസന്ധിയായി മാറി. എല്ലാ ദിവസവും ജിമ്മിൽ പോകാനായി എറണാകുളം വരെ യാത്ര ചെയ്യാനാവില്ലല്ലോ. മൂവാറ്റുപുഴയിൽ ബോഡി ഫിറ്റ് എന്ന ഫിറ്റ്നസ് സ്ഥാപനം തുടങ്ങുന്നത് അങ്ങനെയാണ്. നിരവധി വീട്ടമാർ ഇപ്പോൾ ആരോഗ്യം ശ്രദ്ധിച്ചു മുന്നോട്ടു വരുന്നത് നല്ല സൂചനയാണ്.


ഭക്ഷണവും വ്യായാമവും

ഫിറ്റ്നസ് സംരക്ഷിക്കുന്നതിൽ 70 ശതമാനം പങ്ക് ഭക്ഷണക്രമത്തിനാണ്. ഭക്ഷണം വളരെയേറെ കുറയ്ക്കണമെന്നു പറയുന്നത് തെറ്റിദ്ധാരണയാണ്. പ്രോട്ടീനും അവശ്യ വിഭവങ്ങളും ഉൾപ്പെടുത്തിയുള്ള ബാലൻസ്ഡ് ആയിട്ടുള്ള ഭക്ഷണക്രമം ഉണ്ടാക്കിയെടുക്കാൻ സാധിക്കണം. മധുരമേറിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് നല്ലത്. രാവിലെ മെറ്റബോളിസം കൂാനുള്ള പാനീയമാണ് ആദ്യം കുടിക്കുന്നത്. തേൻ, ഇഞ്ചി, നാരങ്ങനീര് തുടങ്ങിയവ ഉപയോഗിച്ചു വീട്ടിലുണ്ടാക്കുന്നതാണത്. തുടർന്നു പ്രഭാത ഭക്ഷണമായി വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിെൻറ കൂടെ മുട്ടയുടെ വെള്ളയും കഴിക്കും. 10 മുതൽ 11 വരെയാണ് എല്ലാ ദിവസവും ജിമ്മിൽ വ്യായാമം ചെയ്യുന്നത്. ഒന്നരയോടെ ഉച്ചഭക്ഷണം കഴിക്കും. ചുവന്ന നിറത്തിലുള്ള അരിയുടെ ചോറും പച്ചക്കറിയുമായിരിക്കും ഉച്ചയ്ക്കു കഴിക്കുക. വൈകുന്നേരം ഗ്രീൻടീയും ബിസ്ക്കറ്റും. രാത്രിയിൽ മീൻ വിഭവവും ഭക്ഷണത്തിൽ ഉൾപ്പെടുത്തും.

അലക്കുന്നതും ഒരു വ്യായാമം

സൗദിയിൽനിന്നു കേരളത്തിലെത്തിയ സമയത്തു ജിമ്മിൽ പോകാൻ സാധിക്കാതായപ്പോഴാണ് ഫിറ്റ്നസ് സംരക്ഷിക്കാൻ ഏറ്റവും മികച്ച മാർഗം തുണി അലക്കുന്നതാണെന്നു മനസിലാക്കിയത്. ഭക്ഷണക്രമത്തോടൊപ്പം വീട്ടു ജോലിയിലും ശ്രദ്ധിച്ചതോടെ അത്യാവശ്യം ഭംഗിയായി ജിമ്മിലെ വ്യായാമമില്ലാതെ ഫിറ്റ്നസ് സംരക്ഷിക്കാൻ സാധിച്ചു. തുണി അലക്കുന്നതു മാത്രമല്ല, മുറ്റമടിക്കുന്നതും നിലം തുടയ്ക്കുന്നതുമെല്ലാം മികച്ച വ്യായാമംതന്നെയാണ്.

സ്വപ്നം

ആരോഗ്യമുള്ള ശരീരം നിലനിർത്തുന്നത് തന്നെയാണ് ഏറ്റവും വലിയ സ്വപ്നം. മോഡലിംഗും ഇഷ്ടമാണ്. സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ വിളിക്കാൻ സാധിക്കുന്നതാണ് ഫിറ്റ്നസ് സെൻറർ തുടങ്ങാനായത്. അതിെൻറ ഒരു പുതിയ ബ്രാഞ്ച് ആരംഭിക്കുന്നതാണ് ഇപ്പോൾ മനസിലുള്ളത്. കൊച്ചിയിലോ തൊടുപുഴയിലോ ഒരു വർഷത്തിനുള്ളിൽ അത് ആരംഭിക്കുകയാണ് ലക്ഷ്യം.

റോൾ മോഡൽ

വെറുമൊരു സുംബ പഠിപ്പിക്കുന്ന വ്യക്തി മാത്രമായിരുന്ന എെൻറയുള്ളിലെ കഴിവും മറ്റും തിരിച്ചറിഞ്ഞ് ആവിശ്വാസം തന്നത് സുംബ പഠിപ്പിച്ച അരുണിമയാണ്. അധികം സംസാരിക്കാത്ത സ്വഭാവത്തിൽ നിന്നെല്ലാം പതുക്കെ അവരാണ് മാറ്റിയെടുത്തത്. കൊച്ചിയിൽ സുംബ ട്രെയിനിംഗ് നൽകുകയാണ് അരുണിമ.

കുടുംബം

ഒരു വീട്ടമ്മയ്ക്ക് എത്ര ഉയരങ്ങൾ കീഴടക്കണമെങ്കിലും ഭർത്താവിെൻറ പിന്തുണയില്ലാതെ സാധിക്കില്ല. ആ കാര്യത്തിൽ ഏറ്റവും ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഭർത്താവ് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് പേരത്ര വീട്ടിൽ ബോബി ജോസ് എല്ലാം പിന്തുണയും നൽകി ഒപ്പമുണ്ട്. മൂന്നു മക്കൾ. ഹെൻററി ബോബി ജോസ്, ഹാരി ബോബി ജോസ്, ഹെറാൾഡ് ബോബി ജോസ്.

എല്ലാവരും ഒപ്പമുള്ളതിനാൽ തെൻറ സ്വപ്നങ്ങൾക്കു പിന്നാലെ ദിവ്യ കുതിക്കുകയാണ്. കുടുംബം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ കരുത്തുറ്റവൾ ആവേണ്ടതുണ്ട്. സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം അത് നേടിയെടുക്കാനുള്ള നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഇനിയും ഉയരങ്ങൾ കീഴടക്കാമെന്ന പ്രതീക്ഷയാണ് ദിവ്യയുടെ ആത്മബലം.

ബിബിൻ ബാബു