അലങ്കാരമാണ് പോം പോം
അലങ്കാരമാണ് പോം പോം
Saturday, January 13, 2018 3:18 PM IST
ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡായ പോംപോം അലങ്കാരത്തിൽ അണിഞ്ഞൊരുങ്ങുന്നവർ നിരവധിയാണ്. കമ്മലും ബ്രേസ്ലെറ്റും ദുപ്പട്ടയും ചുരിദാറും കുർത്തയും സാരിയും ബ്ലൗസും അങ്ങനെ വേഷങ്ങളിലും ആഭരണങ്ങളുമെല്ലാം പോംപോം കയ്യടക്കിക്കഴിഞ്ഞു. പല നിറങ്ങളിൽ ചെറിയ പന്തിെൻറ രൂപത്തിൽ ലഭിക്കുന്ന പോംപോമിന് വില കുറവും ഭംഗി കൂടുതലുമാണ്.

പോം പോം ട്രെൻഡ്

വിവിധതരം കന്പിളിനൂലുകൾ, പ്ലാസ്റ്റിക്, കട്ടിയുള്ള നൂലുകൾ, വർണക്കടലാസുകൾ, മിനുക്കുകൾ തുടങ്ങിയവകൊണ്ട് നിർമിച്ചതാണിവ. അപൂർവമായി തൂവൽകൊണ്ടും നിർമിച്ച പോം പോം ലഭിക്കും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ പോംപോം സ്റ്റൈലാണ് ട്രെൻഡ്. പോംപോം തുന്നിച്ചേർത്ത റെഡിമെയ്ഡ് കുർത്തകളും സാരികളും ചുരിദാറുകളും വിപണിയിൽ ലഭ്യമാണ്. സ്വന്തമായി ഫാഷൻ അഭിരുചിയുള്ളവർക്ക് ഫാൻസി കടകളിൽനിന്നും തുണിക്കടകളിൽനിന്നും പോംപോം വാങ്ങി ഇഷ്ടമുള്ളതുപോലെ ഉപയോഗിക്കാം.

സാരിയുടേയും ചുരിദാറിേൻറയും നിറത്തിനനുസരിച്ച്, തുണിക്കനുസരിച്ച് ഈ അലങ്കാരങ്ങൾ ചേർത്തുവയ്ക്കാം. ഒരേനിറത്തിലാണ് അരികുമുഴുവൻ അലങ്കരിക്കേണ്ടതെങ്കിൽ അങ്ങനെ അലങ്കരിക്കാം. വ്യത്യസ്തത വേണമെന്നാഗ്രഹിക്കുന്നവർക്ക് അങ്ങനെയും സാരിയും ബ്ലൗസും ദുപ്പട്ടയും ഭംഗിയാക്കാം. പലനിറങ്ങളിലെ സാരിയാണെങ്കിൽ ഏറ്റവുംഹൈലൈറ്റ് ചെയ്യുന്ന നിറത്തിലുള്ള പോംപോം സാരിയിൽ തയ്ച്ചുപിടിപ്പിക്കാം. ചുരിദാറും കുർത്തയും അലങ്കരിക്കുന്പോഴും കോണ്‍ട്രാസ്റ്റ് രീതിയിലെ പോംപോം വാങ്ങിയാൽ ഭംഗി കൂടും. പോംപോം ആഭരണങ്ങളും ഇതിനു യോജിച്ചവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.


ആഭരണങ്ങളിലും പോം പോം മയം

ആഭരണങ്ങളിലും പോം പോം മയമാണ്. പോംപോം കമ്മലാണെങ്കിലും പലതരം മാതൃകകളിൽ ലഭ്യമാണ്. ബ്രേസ്ലെറ്റുകളും ധരിക്കുന്ന വസ്ത്രത്തിനു യോജിക്കുന്നവ തെരഞ്ഞെടുക്കാം.

ക്രിക്കറ്റിലെ ചിയർ ലീഡേഴ്സിെൻറ കൈയിലെ വർണപ്പന്തുകളിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ് പോംപോം നിലവിൽവന്നതെന്ന് അനുമാനമുണ്ട്.

ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം വഴിയോരങ്ങളിൽപോലും ഇപ്പോൾ പോംപോം ആഭരണങ്ങൾ ലഭിക്കും. കേരളത്തിലും പോംപോം ആഭരണങ്ങൾ ഫാൻസി സ്റ്റോറുകളിൽ ലഭ്യമാണ്. ഓണ്‍ലൈനായും വാങ്ങാം.

ഡോ.അകിതാ ഗോപിനാഥ്