വിഷമീനില്‍ നിന്നു മലയാളികളെ രക്ഷിച്ചവര്‍
വിഷമീനില്‍ നിന്നു മലയാളികളെ രക്ഷിച്ചവര്‍
Friday, August 17, 2018 3:45 PM IST
തീന്‍ മേശയില്‍ മത്സ്യത്തിന്റെ സാന്നിധ്യം ഒഴിവാക്കാനാവാത്തവരാണ് ഭൂരിഭാഗം മലയാളികളും. അതു കൊണ്ട് തന്നെ മാരകവിഷം കലര്‍ന്ന മത്സ്യങ്ങള്‍ അതിര്‍ത്തി കടന്നെത്തുന്ന വാര്‍ത്തകള്‍ കുറച്ചൊന്നുമല്ല മലയാളികളെ പരിഭ്രാന്തരാക്കിയത്. മത്സ്യത്തില്‍ കലര്‍ത്തിയിരിക്കുന്ന അമോണിയത്തിന്റെയും ഫോര്‍മലിന്റെയും സാന്നിധ്യം നിമിഷങ്ങള്‍ക്കുള്ളില്‍ സാധാരണക്കാര്‍ക്കും പരിശോധിക്കാന്‍ കഴിയുന്ന രീതിയില്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) വികസിപ്പിച്ച നവീനമായ സാങ്കേതിക വിദ്യ വിഷമീന്‍ വില്‍പനയ്ക്ക് തടയിടും എന്നാണ് പ്രതീക്ഷ. ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത് സിഫ്റ്റിലെ യുവ ശസ്ത്രജ്ഞരായ ആലപ്പുഴ പറവൂര്‍ സ്വദേശി ലാലിയും എറണാകുളം ആലുവ സ്വദേശി പ്രിയയും ചേര്‍ന്നാണ്. ഇവരുടെ വിശേഷങ്ങളിലേക്ക്....

സുഹൃത്തുക്കളുടെ കണ്ടുപിടിത്തം

ലാലിയും പ്രിയയും സിഫ്റ്റില്‍ എത്തുന്നതിനു മുമ്പേ സുഹൃത്തുക്കളായിരുന്നു. പനങ്ങാട് ഫിഷറീസ് കോളജിലെ ഡിഗ്രി പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. കോളജില്‍ ലാലിയുടെ ജൂനിയര്‍ ആയിരുന്നു പ്രിയ. ലാലി ഇവിടെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് പ്രിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി കോളജില്‍ എത്തുന്നത്. കോളജില്‍ വച്ചു തന്നെ പഠന സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കുന്നതിനും മറ്റും ലാലിയുടെ അടുക്കല്‍ എത്താറുണ്ടായിരുന്നുവെന്ന് പ്രിയ പറഞ്ഞു. ഇതു പിന്നെ സൗഹൃദമായി. ഫിഷ് പ്രോസസിംഗ് ടെക്‌നോളജിയില്‍ ഇരുവരും പിജി ചെയ്തതും മുംബൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യുക്കേഷനിലായിരുന്നു. തുടര്‍ന്ന് 2012 ല്‍ ലാലി സിഫ്റ്റില്‍ ജോലിയില്‍ പ്രവേശിച്ചു. 2015 ലാണ് പ്രിയ സിഫ്റ്റില്‍ എത്തുന്നത്. അങ്ങനെ കോളജില്‍ ഒരുമിച്ച സുഹൃത്തുക്കള്‍ മത്സ്യമേഖലയിലെ നവീന സാങ്കേതിക വിദ്യകള്‍ക്കായും കൈകോര്‍ത്തു.

പേപ്പര്‍ സ്ട്രിപ് എന്ന സാങ്കേതിക വിദ്യയിലേക്ക്

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തില്‍ എത്തുന്ന മത്സ്യത്തില്‍ വ്യാപകമായ രീതിയില്‍ മാരക രാസവസ്തുക്കള്‍ ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇത് കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സിഫ്റ്റ് തീരുമാനിച്ചത്. സിഫ്റ്റിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോജക്ട് ആയിരുന്നു ഇത്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ഇത്തരത്തിലൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ സിഫ്റ്റിനോട് ആവശ്യപ്പെിരുന്നു. സിഫ്റ്റ് ഈ ദൗത്യം ഏല്‍പ്പിച്ചത് ലാലിയെയും പ്രിയയെയുമായിരുന്നു. സന്തോഷത്തോടെ ഈ ദൗത്യം ഏറ്റെടുത്തെങ്കിലും വലിയ വെല്ലുവിളിയായിരുന്നു തങ്ങള്‍ക്കു മുമ്പില്‍ ഉണ്ടായിരുന്നതെന്ന് ഇരുവരും പറയുന്നു. ആറു മാസത്തിനുള്ളില്‍ പ്രോജക്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ വളരെ കുറഞ്ഞ ചെലവില്‍ പെട്ടെന്ന് ഫലം ലഭിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുക എന്നതായിരുന്നു ശ്രമകരം. മാത്രമല്ല മത്സ്യത്തില്‍ ഇതിനായി ഉപയോഗിക്കുന്ന വസ്തു മറ്റു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്തതും ആകണമായിരുന്നു. നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷം ഒരു വര്‍ഷം നീണ്ട പരിശ്രമത്തിലൂടെയാണ് ലാലിയും പ്രിയയും ചേര്‍ന്ന് മീനുകളില്‍ ഫോര്‍മലിനും, അമോണിയയും ചേര്‍ത്താല്‍ തിരിച്ചറിയാന്‍ കഴിയുന്ന വിദ്യ വികസിപ്പിച്ചെടുത്തത്. സിഫ്റ്റിലെ മറ്റു ശസ്ത്രജ്ഞരുടെയും കൂടി സഹായമാണ് വിജയകരമായി ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സഹായിച്ചതെന്ന് ഇരുവരും പറയുന്നു. സിഫ്റ്റ് മാനേജിംഗ് ഡയറക്ടര്‍ സി. എന്‍. രവിശങ്കര്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് കെ. അശോക് കുമാര്‍, എച്ച് ഒ ഡി എ. എ. സൈനുദ്ദീന്‍, എസ്. കെ. പാ എന്നിവരായിരുന്നു ഇവര്‍ക്ക് ആവശ്യമായ മടുത്ത സാങ്കേതികവിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈ മീഡിയ ലാബോററീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സിഫ്റ്റ് കരാറില്‍ എത്തിയിുണ്ട്. അധികം വൈകാതെ ഇതു വിപണിയില്‍ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ.


കരുത്തായി കുടുംബം

തങ്ങളുടെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും കുടുംബാംഗങ്ങളുടെ പിന്തുണയാണെന്ന് ഇരുവരും പറയുന്നു. ജവഹര്‍ലാല്‍ - സുന്ദരാംബാള്‍ ദമ്പതികളുടെ മകളാണ് ലാലി. ഹരിപ്പാട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായ ആര്‍. രാജീവ് ആണ് ഭര്‍ത്താവ്. അമൃതവര്‍ഷിണി, ആദിനാഥ് എന്നിവര്‍ മക്കളാണ്.

സി. പി. രാഘവന്റെയും കെ. കെ. ലീലയുടെയും മകളാണ് പ്രിയ. കെ. എസ്. ജെസ്റ്റിന്‍ ആണ് ഭര്‍ത്താവ്. തങ്ങളുടെ കണ്ടുപിടിത്തം പൊതുജനങ്ങളിലേക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. എല്ലാവര്‍ക്കും വിഷമില്ലാത്ത നല്ല മത്സ്യം കിട്ടണം. അതിനു തങ്ങള്‍ വികസിപ്പിച്ചെടുത്ത പേപ്പര്‍ സ്ട്രിപ്പ് സാങ്കേതിക വിദ്യ സഹായകമാകുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവയ്ക്കുന്നു.

പേപ്പര്‍ സ്ട്രിപ് സിമ്പിളാണ്, പവര്‍ഫുള്ളും

ആര്‍ക്കും എളുപ്പത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന അമോണിയത്തിന്റെയും ഫോര്‍മലിന്റെയും സാന്നിധ്യം കണ്ടെത്താന്‍ കഴിയുമെന്ന് ഇരുവരും പറയുന്നു. അമോണിയയും ഫോര്‍മലിനും കണ്ടെത്തുന്നതിന് വ്യത്യസ്ത കിറ്റുകളാണ് ഉള്ളത്. കിറ്റില്‍ പേപ്പര്‍ സ്ട്രിപ്, രാസലായനി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ട് എന്നിവയാണുള്ളത്.

അമോണിയയുടെയും ഫോര്‍മലിന്റെയും സാന്നിധ്യം കണ്ടുപിടിക്കാന്‍ പേപ്പര്‍ സ്ട്രിപ്പ് മത്സ്യത്തിന്റെ പുറമേ നന്നായി ഉരസുക. പിന്നീട് ഒരു തുള്ളി രാസ ലായനി ഈ സ്ട്രിപ്പിലേക്ക് ഒഴിക്കുക. രണ്ടു മിനിറ്റ് കാത്തിരിക്കുക. രണ്ടു മിനിറ്റിനുള്ളില്‍ സ്ട്രിപ്പിന്റെ നിറം നീലയായി മാറിയാല്‍ മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. കിറ്റിലുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടുമായി സ്ട്രിപ്പിലെ നിറം ഒത്തുനോക്കി രാസവസ്തുവിന്റെ തോത് എത്രയെന്നും മനസിലാക്കാം. സ്ട്രിപ്പിന്റെ നിറം മാറിയില്ലെങ്കിലോ പച്ച നിറമാവുകയാണെങ്കിലോ മത്സ്യത്തില്‍ അമോണിയയോ, ഫോര്‍മാലിനോ കലര്‍ത്തിയിട്ടില്ലെന്ന് ഉറപ്പിക്കാം. രണ്ട് മിനിറ്റിന് ശേഷം വരുന്ന നിറം മാറ്റത്തിന് സാധുതയില്ല.

ബിജോ ടോമി