അമേരിക്കയിലെ അവക്കാഡോ വിളഞ്ഞു
അമേരിക്കയിലെ അവക്കാഡോ വിളഞ്ഞു
Thursday, July 21, 2016 4:27 AM IST
<യ> ടോം ജോർജ്

അമേരിക്കയിൽ നിന്നെത്തിച്ച അവക്കാഡോ ചങ്ങനാശേരിയിലെ വീട്ടുമുറ്റത്ത് വിളഞ്ഞതു 100 മേനി. ചങ്ങനാശേരി മാമ്മൂട് കുര്യച്ചൻപടിയിലെ കാരക്കാട് ഓർച്ചാഡ്സിന്റെ ഉടമയായ ജോസഫ് കാരക്കാടാണ് തന്റെ വീട്ടുമുറ്റത്ത് അമേരിക്കൻ അവക്കാഡോ വിളയിച്ചത്.

അമേരിക്കൻ പൗരത്വമുള്ള ഇദ്ദേഹം ഇവിടെ താൻ താമസിക്കുന്ന ഫ്ളോറിയിൽ നിന്നുമാണ് അവക്കാഡോയുടെ ഗ്രാഫ്റ്റ് ചെയ്ത തൈ ചങ്ങനാശേരിയിലെ തന്റെ വീട്ടുമുറ്റത്തെത്തിച്ചത്. മൂന്നു വർഷം മുമ്പ് നട്ട തൈ രണ്ടാം തവണയാണ് കായ്ക്കുന്നത്. ഇത്തവണ കായ് നിറഞ്ഞതിനാൽ ശിഖരങ്ങൾ ഒടിഞ്ഞുപോകുകയായിരുന്നു. അടിവളമായി ചാണകപ്പൊടി, പിണ്ണാക്ക് എന്നിവയൊക്കെയിട്ടാണ് നട്ടത്. സൂര്യപ്രകാശം നല്ലതായി വേണ്ട അവക്കാഡോയ്ക്ക് കിലോ 200 രൂപവരെ നിലവിൽ വിപണി വിലയുണ്ട്.

ഡിസംബറിൽ പൂക്കുന്ന അവക്കാഡോ മേയ്– ജൂൺ മാസങ്ങളിൽ വിളവെടുപ്പു പരുവമാകും. വെണ്ണപ്പഴം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അവക്കാഡോയ്ക്ക് വെണ്ണയുടെ അതേ രുചി തന്നെയാണ്. വെജിറ്റേറിയൻ സാൻവിച്ച്, സലാഡ് എന്നിവയിൽ അവക്കാഡോ ഉപയോഗിക്കുന്നു. ഇറച്ചിക്കു പകരമുള്ള സസ്യകൊഴുപ്പാണ്. എന്നാൽ ശരീരത്തിനു ഹാനികരമായ കൊളസ്ട്രോൾ ഇല്ലെന്ന പ്രത്യേകതയുമുണ്ട്. പൊട്ടാസ്യത്തിന്റെ തോത് വളരെ കൂടുതലുണ്ട്. നാരിന്റെ അളവുകൂടുതലുള്ളതിനാൽ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. രക്‌തസമ്മർദ്ദം, പ്രമേഹ എന്നിവ നിയന്ത്രിക്കും. മിൽക്ക്ഷേക്കിലും ഐസ്ക്രീമിലും ചേരുവയാക്കാം. പഴത്തൊലി വിര നാശിനിയാണ്. അതിസാര ചികിത്സക്കും ഉപയോഗിക്കുന്നു. ഇതിന്റെ ഇല ചവച്ചാൽ വായിലെ മോണപഴുപ്പ് മാറി നിൽക്കും.


മുറിവുണക്കാൻ ഇതിന്റെ ഇല അരച്ചു പുരട്ടിയാൽ മതിയാകും. ഇലചൂടാക്കി നെറ്റിയിൽ വച്ചാൽ തലവേദനയ്ക്കു പരിഹാരമാകും. വാർധക്യ സംബന്ധമായ പ്രശ്നങ്ങൾ തടയാനും ഇതിനു കഴിവുണ്ട്. അവക്കാഡോ വിത്തിൽ നിന്നെടുക്കുന്ന എണ്ണ സൗന്ദര്യ വർധക വസ്തുക്കൾ നിർമിക്കാനുപയോഗിക്കുന്നു. ഇത്രയും ഉപയോഗങ്ങളുള്ള ഈപ്പഴത്തൈ കൃഷിക്കായി തെരഞ്ഞടുക്കുമ്പോൾ നല്ല തൈ ആണോ എന്നു പരിശോധിക്കണമെന്നു മാത്രം. നൂറിനം അപൂർവ ഫലവൃക്ഷത്തൈകളുടെ ശേഖരവും ജോസഫിനുണ്ട്. ഇതിൽ ശരീരത്തിനു സുഗന്ധം നൽകുന്ന കെപ്പൽ, ആപ്രിക്കോട്ട്, പുലാസൻ, മിറക്കിൾ ഫ്രൂട്ട്, ബ്രസിൽ സ്വദേശി മേമി സപ്പോർട്ട, അമേരിക്കയിൽ നിന്നെത്തിച്ച ഇലാമ, സലാക്ക് അഥവ സ്നേക്ക് ഫ്രൂട്ട്, ബൊറോജ, ഐസ്ക്രീം ബീൻസ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.
ഫോൺ: ജോസഫ്–9447294236.