പ്ലാവിൽ നിന്ന് പണം വിളയിച്ച് ആൻസി
പ്ലാവിൽ നിന്ന് പണം വിളയിച്ച് ആൻസി
Wednesday, September 28, 2016 5:21 AM IST
പ്ലാവുകളാൽ സമ്പന്നമായ ഇടുക്കിയിലെ കുടയത്തൂരിൽ ചക്കയെന്ന വിശിഷ്ട ഫലത്തിൽ നിന്ന് നൂറ്റിയൻപതോളം ഭക്ഷ്യവിഭവങ്ങൾ നിർമിക്കുകയാണ് ആൻസി മാത്യു എന്ന വീട്ടമ്മ. ഒരു പതിറ്റാണ്ടായി പാചകരംഗത്തുണ്ട് ഇവർ.

മാതാവ് ഏലിയാമ്മയിൽ നിന്നു ലഭിച്ച പാചക പുണ്യവും സ്വയം ആർജിച്ച അറിവുകളുമാണ് കൈമുതൽ. പ്ലാവില കറിയും, ചകിണിമിക്സ്ചറും ചക്കക്കുരു ഹൽവയും ചക്കപ്പഴ പാനിയുമൊക്കെയായി രുചിപ്പെരുമ ഒരുക്കുകയാണിവർ. ആൻസിയുടെ പിതാവ് അരീക്കാട്ടുവീട്ടിൽ ജൈ വകർഷകനായ ജോസഫിന്റെ നേതൃത്വത്തിലാണ് ഓരോ സീസണിലും ചക്കവെട്ടുന്നതും ഉണങ്ങുന്നതും. അപ്പനും മകളുമൊക്കെചേർന്ന് തികച്ചും നാടൻ രീതിയിൽ സംസ്കരണം. ഒരുഡ്രയറും പായ്ക്കുചെയ്യുന്ന മെഷീനുമല്ലാതെ മറ്റൊന്നും ഇവിടെയില്ല. ചക്ക ഉത്പന്നങ്ങളത്രയും കാർഷിക മേളകളും ഓർഗാനിക് ഷോപ്പുകളും വഴി വിപണനം ചെയ്യുന്നു.

ചക്കയിൽ വരിക്കയും, കൂഴയും മൂപ്പെത്താത്തതുമെല്ലാം ഇവിടെ പ്രയോജനപ്പെടുത്താറുണ്ട്. തൊടി നീളെ ചക്ക വീണ് ഈച്ചയാർക്കുന്ന പതിവും ഇവിടെയില്ല. ഡിമാൻഡുകൂടുമ്പോൾ മറ്റു കർഷകരിൽ നിന്നും ചക്കസംഭരിച്ചുപയോഗിക്കുന്നു. നൂറു ശതമാനം പ്രകൃതിദത്തമായ ചക്ക ഭാവിയിലെ താരമാകുമെന്നാണ് ആൻസിയുടെ പക്ഷം.


വീട്ടമ്മമാർക്കും, സംഘങ്ങൾക്കും ചക്ക ഉത്പന്ന നിർമാണം പഠിച്ചാൽ ഓരോ സീസണിലും ആയിരങ്ങൾ സമ്പാദിക്കാമെന്ന് സംസ്‌ഥാന ഹോർട്ടികൾച്ചർ മിഷന്റെ പരിശീലക കൂടിയായ ആൻസി പറയുന്നു. ആൻസിയുടെ പാല, ഞാവള്ളിൽ മംഗലം വീട്ടിലും ചക്കയും നാടൻ പഴങ്ങളും വ്യത്യസ്ത പാചകരീതിയുമൊക്കെ കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് ആൻസി. ഫോൺ ആൻസി മാത്യു – 9847697347.

–രാജേഷ് കാരാപ്പള്ളിൽ