ഇത് ജേക്കബിന്റെ സ്വർഗരാജ്യം
ഇത് ജേക്കബിന്റെ  സ്വർഗരാജ്യം
Friday, October 14, 2016 4:51 AM IST
കേരളത്തിന്റെ സഹാറയാകുമെന്നു പ്രവചനം. കത്തുന്നവെയിലിൽ കരിഞ്ഞുണങ്ങുന്ന വിളകൾ, വെള്ളമെത്രകൊടുത്താലും വൈകുന്നേരമാകുന്നതോടെ വരണ്ടുണങ്ങുന്ന കൃഷിയിടം. എന്നാൽ പാലക്കാടിന്റെ ഈ പ്രശ്നങ്ങളൊന്നും ചിറ്റൂർ നല്ലേപ്പിള്ളി അല്ലക്കുഴ വീട്ടിൽ റിട്ട. അധ്യാപകനായ സി.ജെ. ജേക്കബെന്ന കർഷകനെ അലട്ടുന്നില്ല. കുട്ടികളുടെ മനസറിഞ്ഞ് അവരെ നല്ലവരാക്കുന്ന അധ്യാപകന് പാലക്കാട്ടെ മണ്ണിന്റെയും മനസറിഞ്ഞ് അതിനേയും നല്ലതാക്കാൻ സാധിച്ചു എന്നുപറഞ്ഞാൽ തെറ്റുണ്ടാവില്ല. കത്തുന്ന വെയിലിലും ഒരു മാസം വരെ ജലസേചനം നടത്തിയില്ലെങ്കിലും എഴുപത്തിമുന്നുകാരനായ ജേക്കബിന്റെ പുരയിടത്തിലെ വിളകൾ നല്ല ഉഷാറായി നിൽക്കും. കൂത്താട്ടുകുളത്തുനിന്ന് 33 വർഷങ്ങൾക്കുമുമ്പ് പാലക്കാടൻ കാർഷികമേഖലയിലേക്ക് കുടിയേറിയ സമയം ജേക്കബ് മണ്ണിൽ നടത്തിയ പരീക്ഷണത്തിന്റെ വിജയമാണിത്. അന്നു പലരും കളിയാക്കിയെങ്കിലും 33 വർഷത്തിനുശേഷം ജേക്കബിന്റെ ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവൃത്തിയെ അദ്ഭുതത്തോടെ നോക്കിക്കാണുകയാണ് കർഷകർ. വർഷവർഷങ്ങൾക്കു ശേഷം വന്ന വരൾച്ച ജേക്കബ് 33 വർഷം മുമ്പു കണ്ടപോലെ. ഇന്ന് നല്ലേപ്പള്ളിയിലെ ഇദ്ദേഹത്തിന്റെ പുരയിടത്തിലെത്തിയാൽ കരുത്തോടെ നിൽക്കുന്ന തെങ്ങുകൾ കാണാം, തെങ്ങിൽ കുരുമുളക് പടർത്തിയിരിക്കുന്നു. ഇടവിളയായി ജാതി, മഹാഗണിയിൽ പടരുന്ന കുരുമുളക്് നിറയെ കായ്ച്ചു നിൽക്കുന്നു. കവുങ്ങിലും നൂറുമേനി.

വരൾച്ചയെ പ്രതിരോധിക്കുന്ന സാങ്കേതിക വിദ്യ

ചിറ്റൂർ നല്ലേപ്പള്ളിയിൽ ജേക്കബ്് സ്‌ഥലം വാങ്ങുമ്പോൾ ഒരടിമേൽമണ്ണിനു താഴെ വെള്ളാരം കല്ലുകൾ നിറഞ്ഞ പ്രദേശമായിരുന്നു. ഇവിടെ ഒന്നും കൃഷി ചെയ്യാൻ പറ്റില്ലെന്നും ചിലർ വിധിയെഴുതി. എന്നാൽ ഇവിടെ കൃഷി നടത്തിയിട്ടു തന്നെ കാര്യമെന്നു ജേക്കബും തീരുമാനിച്ചു. ഇതിനായി വെള്ളാരം കല്ലുകൾ ആറടി താഴ്ചയിൽ വെട്ടിമാറ്റി. ഇതിനു താഴെയായി കണ്ട മണ്ണ് മേൽമണ്ണാക്കി. അഞ്ചടി വീതിയുള്ള കുഴിയാണ് എടുത്തത്. ഒരു കുഴിയിൽ 1500–2000 തേങ്ങയുടെ മടൽ ഇട്ടു. പാലക്കാട് നെൽമേഖലയിൽ സുലഭമായ പാതികരിഞ്ഞ ഉമി(ഉമിക്കരി അഥവ കമ്പനിച്ചാരം)യും മടലും മാറിമാറി അടുക്കിയാണ് കുഴി നിറച്ചത്. കുറച്ചു മടൽ അടുക്കിയശേഷം കുറച്ചു ചാരം വിതറും. ഇതിനുമുകളിൽ ഒരുചാക്കു മണൽ മാത്രമിട്ടാണ് തൈകൾ നട്ടത്. തെങ്ങ്, ജാതി, കവുങ്ങ്് എന്നിവയെല്ലാം നടുന്നതിന് ഈ രീതിയാണ് സ്വീകരിച്ചത്. പിന്നീട് മണ്ണും ചാണകവും ഇടകലർത്തി ഇതിനുമുകളിലിട്ട് മണ്ണിന്റെ ഘടനമാറ്റിയെടുത്തു. ഇങ്ങനെ ചെയ്ത് ഒന്നര അടിയോളം സാവധാനം പറമ്പുയർത്തിയെടുത്തു. സാവധാനം മടലിന്റെയും ഉമിയുടേയും ലഭ്യതയനുസരിച്ചാണ് കുഴിയെടുത്ത് തൈകൾ നട്ടത്. 11 തെങ്ങാണ് ആദ്യം വച്ചത്. ഇന്നത് 250 തിൽ എത്തി നിൽക്കുന്നു. ഈ രീതി സ്വീകരിച്ചതിനാൽ നൽകുന്ന വെള്ളം മണ്ണിനടിയിൽ താങ്ങിനിൽക്കുന്നതിനാലാണ് വരൾച്ചയേൽക്കാതെ വിളകൾ വളരുന്നതെന്ന് ജേക്കബ് പറയുന്നു. ഇതുമൂലം മറ്റൊന്നു കൂടിയുണ്ടായി പ്രയോജനം. തായ്വേര് പാറയിൽ തട്ടി താഴേക്കിറങ്ങാതെ മരങ്ങൾ മറിയുന്നതിനും പരിഹാരമായി. ആദ്യകാലത്ത് വയറിംഗ് ജോലികൾ ചെയ്യുന്നിടത്തു നിന്നു ലഭിച്ചതാണീ ആശയം. വയറിംഗിൽ എർത്ത് കമ്പിയിടുന്നിടത്ത് ഈർപ്പം നില നിൽക്കാൻ ഉപ്പും ഉമിക്കരിയും ഉപയോഗിച്ചിരുന്നു. ഇതിൽ നിന്നും ഉമിക്കരിക്ക് ജലം താങ്ങിനിർത്താൻ കഴിവുണ്ടെന്നു ജേക്കബ് മനസിലാക്കി. മണ്ണിന് ഇളക്കം കിട്ടാനും ഇതു നല്ലതാണ്. മടൽ ചീഞ്ഞിരിക്കുമ്പോൾ ഇതിനു പുറത്ത് ചാണകമിട്ടു കൊടുക്കും. തേങ്ങയും നെല്ലും അധികമുള്ള പ്രദേശത്ത് പാഴായിപ്പോകുന്ന തൊണ്ടിനും ഉമിക്കും ഇതുമൂലം നല്ല ഉപയോഗം കൂടിയായി. കടുത്ത വരൾച്ചയിലും 20000 തേങ്ങ ഇന്ന് ജേക്കബിന് പുരയിടത്തിൽ നിന്നു ലഭിക്കുന്നു. ജാതിയിൽ നിന്നും ഒന്നര ലക്ഷത്തിലധികം രൂപ വാർഷിക വരുമാനവും ലഭിക്കുന്നുണ്ട്. അടിമണ്ണ് മുകളിൽ കൊണ്ടുവന്ന് കൃഷി സുഗമമാക്കാൻ കൂടിയാണ് ഈ രീതി ഉപയോഗിച്ചതെന്ന്്് ജേക്കബ് പറയുന്നു.




വിളവെടുപ്പ്

തെങ്ങിൽ കുരുമുളകു കയറ്റുന്നതിനാൽ തേങ്ങവെട്ടിയിടാറില്ല. വീണുകിട്ടുന്ന തേങ്ങ പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം നല്ല മൂത്ത ഗുണനിലവാരമുള്ള നാളികേരം ലഭിക്കുന്നു. മഹാഗണിയിലും കുരുമുളക് കൃഷി നടത്തുന്നു. കുരുമുളകിൽ ദ്രുതവാട്ടം കടുത്ത ഭീതി പരത്തുന്നതായും വൻതോതിൽ കൃഷി നശിപ്പിച്ചതായും ജേക്കബ് പറയുന്നു. ഇതിനെ പ്രതിരോധിക്കാൻ ആരും ഒരു നിർദ്ദേശം പോലും കൊടുക്കുന്നില്ലെന്നും ഇദ്ദേഹത്തിനു പരാതിയുണ്ട്്. 1600 ചുവട് കുരുമുളകുണ്ടായിരുന്നിടത്ത് ഇന്ന് നിലവിലുള്ളത് 200 ചുവടുമാത്രമാണ്. 20 കിന്റൽ കുരുമുളക് പ്രതീക്ഷിച്ചിരുന്നിടത്ത് ഇന്നുള്ളത് നാലു ക്വിന്റൽ മാത്രമാണെന്നും ദ്രുതവാട്ടത്തിന്റെ രൂക്ഷത ചൂണ്ടിക്കാട്ടി ഇദ്ദേഹം പറയുന്നു. കരിമുണ്ട, പന്നിയൂർ–1 ഇനം കുരുമുളകാണ് കൃഷിചെയ്യുന്നത്. സ്കൂളുകളിൽ നിന്നും മറ്റും പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഈ തോട്ടം കാണാൻ കുട്ടികളെത്തുന്നുണ്ട്. 24 മണിക്കൂറും തോട്ടത്തിലായിരിക്കുന്ന ഈ റിട്ട. അധ്യാപകൻ കളനാശിനിയൊന്നും തോട്ടത്തിൽ പ്രവേശിപ്പിക്കാറില്ല. കൈയാണ് ഏറ്റവും വലിയ കളനാശിനിയെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. വീടിനു സമീപം വലിയ കുളം നിർമിച്ച് ഇതിലേക്കാണ് കനാലിൽ നിന്ന് ജലസേചനത്തിനുള്ള ജലമെത്തിക്കുന്നത്. ഇതിൽ കൂരിവാള ഇനത്തിൽപ്പെട്ട മത്സ്യവും വളർത്തുന്നുണ്ട്. മകൻ ജീവനും അച്ഛനെ കൃഷിയിൽ സഹായിക്കുന്നു. കൃഷിയിടത്തിൽ മുഴുവൻ സമയവും ചെലവഴിക്കുന്നതിനാൽ മറ്റുചിന്തകളൊന്നും തന്നെ അലട്ടുന്നില്ലെന്നും ശരീരത്തിനും മനസിനും ശാന്തതയാണെന്നും ജേക്കബ് പറയുന്നു. ഫോൺ: 04923282265, 9142923242. ലേഖകന്റെ ഫോൺ–93495 99 023.

–ടോം ജോർജ്