ഉൾനാടൻ ഗ്രാമത്തിലെ ഹരിത ബയോപാർക്ക്
ഉൾനാടൻ ഗ്രാമത്തിലെ ഹരിത ബയോപാർക്ക്
Monday, January 9, 2017 6:42 AM IST
കൃഷിയിൽ നേട്ടം ഉണ്ടാക്കുന്നവരെക്കാൾ നഷ്ടം സംഭവിക്കുന്നവരെക്കുറിച്ചാണ് ഇന്ന് ജനം കൂടുതലായി അറിയുന്നത്. ഇത്തരം അറിവുകൾ പുതുതലമുറയിൽ കൃഷി താൽപര്യം കുറയ്ക്കുന്നു. നഷ്ടങ്ങൾ നേരിട്ട് പരമ്പരാഗത രീതികളെ ശാസ്ത്രീയമാക്കി നേട്ടങ്ങൾ കൈവരിക്കുന്ന കർഷകരെ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുമ്പോഴാണ് പുത്തൻ തലമുറ കൃഷിയോട് താല്പര്യം കാട്ടുന്നത്. കൃഷി താത്പര്യമുള്ളവർക്ക് മാതൃകയാണ് രാജപ്പൻ. വിലയിടിവിനും കാർഷിക തകർച്ചകൾക്കും മുന്നിൽ തകരുന്നതല്ല തങ്ങളുടെ ഇച്ഛാശക്‌തിയെന്നും കർമശേഷിയെന്നും തെളിയിച്ചിട്ടുള്ള കർഷകരിൽ ഒരാൾ. എറണാകുളം ജില്ലയിലെ കോടനാടിന് അടുത്തുള്ള പാണംകുഴിയിലാണ് രാജപ്പൻ താമസിക്കുന്നത്. മുന്നിലെ പ്രതിബന്ധങ്ങളെ കൂസാതെ വഴി മാറിയൊഴുകുന്ന കാട്ടരുവിപോലെ സ്വന്തം വഴികൾ സ്വയം തെളിയിച്ചെടുത്ത കർഷകൻ.

ഉൾനാടൻ ഗ്രാമമായ പാണം കുഴിയിൽ കൃഷിയുമായി ജീവിക്കുമ്പോഴാണ് ഐടിഐ പഠിച്ച തോമ്പ്രക്കുടി രാജപ്പന് എംപ്ലോയ് മെന്റ് എക്സ്ചേഞ്ചിൽ നിന്ന് താത്കാലിക ജോലി ലഭിച്ചത്. കുറച്ചുനാൾ ആ തൊഴിലിനു പോയി. പിന്നീട് കൃഷിയിലേക്കു തന്നെ തിരിഞ്ഞു. മൂന്നേക്കർ സ്‌ഥലത്ത് പച്ചക്കറികൾ നട്ടു. കൃഷി ലാഭകരമല്ലന്നു കണ്ട് മത്സ്യക്കൃഷിയിലേക്ക് ചുവടുമാറ്റി. അലങ്കാര മത്സ്യങ്ങലുടെയും വളർത്തു മത്സ്യങ്ങളുടെയും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കലായിരുന്നു ലക്ഷ്യം. വേണ്ട രീതിയിൽ വിജയം നേടില്ലെന്നു മനസിലായപ്പോൾ ഫാം ടൂറിസത്തിലേക്കു മാറാൻ തീരുമാനിച്ചു. ഫാം ടൂറിസത്തെക്കുറിച്ച് കേട്ടു കേൾവിപോലും ഇല്ലാത്ത ഒരു കാർഷിക ഗ്രാമമായിരുന്നു പാണംകുഴി. കടങ്ങളും നഷ്ടങ്ങളും നികത്താൻ ഫാം ടൂറിസം സഹായിക്കുമെന്ന ചിന്തയിൽ അതിലേക്കു മടികൂടാതെ ഇറങ്ങിയതിന്റെ ഫലമാണ് ഇന്നത്തെ ഹരിതബയോ പാർക്ക്.

ഉൾനാടൻ ഗ്രാമത്തിലെ ഫാം ടൂറിസം കാണാൻ ഹരിത ബയോപാർക്കിലേക്ക് സന്ദർശകരെത്തി. വർണരാജി വിരിച്ച് നീന്തി തുടിക്കുന്ന അലങ്കാരമത്സ്യങ്ങളും വലിപ്പമേറിയ മത്സ്യങ്ങളുമാണ് സന്ദർശകരെ ആദ്യം സ്വീകരിക്കുന്നത്. ഒരടിവരെ നീളം വെയ്ക്കുകയും പരമാവധി അഞ്ചു വർഷം വരെ ജീവിക്കുകയും ചെയ്യുന്ന ടൈഗർ ഫിഷ്, ചൈനീസ് ഭാഗ്യ മൽസ്യമെന്ന് അരിയപ്പെടുന്ന ഫ്ളവർ കോൺ, വിവിധതരം ഓസ്കാറുകൾ, ഫിഷ്തെറാപ്പിക്ക് ഉപയോഗിക്കുന്ന ഡോക്ടർ ഫിഷ്, ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യങ്ങളിൽ ഒന്നായ ARAPIMA തുടങ്ങി ചീങ്കണ്ണി മൽസ്യം വരെ ഈ ഫാമിൽ കാണുവാൻ കഴിയും.

ബലൂണുകൾ തൂക്കിയതുപോലെ വിളഞ്ഞു കിടക്കുന്ന ആകാശവെള്ളരി. കൂട്ടായി ഫാഷൻഫ്രൂട്ടും തോട്ടത്തിന് അലങ്കാരമായിട്ടുണ്ട്. കൃഷിയിടത്തിന്റെ ചെറിയൊരു കോണിൽ പ്രത്യേകം തയാറാക്കിയ കൂട്ടിൽ, നാടൻ കോഴികൾ ഉൾപ്പെടെ അപൂർവയിനം അലങ്കാരകോഴികൾവരെ ഉണ്ട്. മനുഷ്യ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകളും തലമുടിക്ക് കറുപ്പു നിറം നൽകുന്ന മെലാനിനും ധാരാളമായി മാംസത്തിലുള്ള കരിങ്കോഴികളെയും ഇവിടെ കാണാം. പുരാതന കാലം മുതൽ മനുഷ്യ ശരീരത്തിന്റെ പുനർനവീകരണത്തിന് മരുന്നായി കരിങ്കോഴികളെയാണ് ഉപയോഗിച്ചിരുന്നത്.

തേക്കും മഹാഗണിയും കൊക്കോയും തിങ്ങിവളരുന്നത് 65 സെന്റ് സ്‌ഥലത്താണ് ചെറുവനം പോലെതണലും തണുപ്പും ഇവിടെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇരിക്കാനും കളിക്കാനുമുള്ള സൗകര്യങ്ങൾ ആദായമില്ലെങ്കിലും കൊക്കോച്ചെടികളെ വെട്ടിയൊരുക്കി നിർത്തിയിരിക്കുന്നു. ഇവുടെ കായ്കൾ ഭക്ഷിക്കാൻ അണ്ണാനും കിളികളും എപ്പോഴും എത്തുന്നുണ്ട്.


കൃഷിയിടം കൂടുതൽ ആകർഷകമായി ക്രമീരിക്കുന്നതിൽ രാജപ്പൻ പ്രത്യേക ശ്രദ്ധനൽകിയിട്ടുണ്ട്. ഫാം സന്ദർശകർക്ക് ഒരേസമയം പരമ്പരാഗതവും ആധുനികവുമായ കൃഷിരീതികൾ പരിചയപ്പെടാനുള്ള അവസരം ഈ കൃഷിയിടത്തിലുണ്ട്. അക്വാപോണിക്സ് കൃഷി എന്താണെന്ന് കുട്ടികൾക്കും മനസിലാക്കത്തക്ക വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകം തയാറാക്കിയ ടാങ്കിൽ മത്സ്യങ്ങൾ നീന്തിക്കളിക്കുന്നു. ഇതിനു മുകളിൽ സ്‌ഥാപിച്ചിരിക്കുന്ന ടാങ്കിൽ ചെറുമെറ്റലുകൾ നിരത്തി ബ്രഹ്മിയും വാളൻ പയറും നട്ടിരിക്കുന്നു. മൽസ്യടാങ്കിലെ ജലം കൃഷി ടാങ്കിലേക്ക്. ഈ രീതിയിൽ ഉയർന്ന വളർച്ചയും വിളവും നൽകുന്ന പയർ ചെടി.

കൃഷിയിടത്തിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ജാതി മരങ്ങളും തെങ്ങുകളും കഴിഞ്ഞാൽ പച്ചക്കറികൾ കാണാം. കൂടാതെ ചെറിയൊരു കരിമ്പിൻ തോട്ടവും ഇതിനോട് ചേർന്ന് പോളിഹൗസും ഒരുക്കിയിരിക്കുന്നു. സുരക്ഷിത കൃഷിയുടെ ഗുണങ്ങൾ പോളിഹൗസിൽ കാണാം. റെഡ് ലേഡി പപ്പയായും നീളൻ പയറും പച്ചമുളകും ഉൾപ്പടെ പത്തിലേറെ ഇനങ്ങൾ പോളിഹൗസിൽ കൃഷി ചെയ്തിട്ടുണ്ട്.

പറമ്പിന്റെ ഒരു കോണിലുള്ള അഞ്ച് കുളങ്ങളിൽ നെട്ടറും ഗൗരാമി മത്സ്യവുമാണ് വളർത്തുന്നത്. ഇവയ്ക്കു ചുറ്റും സഞ്ചരിക്കാൻ പാഷൻഫ്രൂട്ടിന്റെയും സോയാബീന്റെയും പന്തൽ. എല്ലാവിളകൾക്കും സ്വയം തയാറാക്കുന്ന വളമാണ് നൽകുന്നത്. കൃഷിക്കാവശ്യമായ മണ്ണിര കംമ്പോസ്റ്റ് ഉണ്ടാക്കാൻ പ്രത്യേക സ്‌ഥലമുണ്ട്. ആരെയും ആകൃഷിക്കുന്ന പക്ഷികളും ഔഷധഗുണങ്ങൾ ഏറെയുള്ള കറുത്ത മുയലുകളും ഈ ഫാമിന്റെ മറ്റൊരു പ്രത്യേകതയാണ്.

കൃഷി നഷ്ടമായപ്പോൾ പിടിച്ചു നിൽക്കാൻവേണ്ടി കേട്ടുകേൾവിയിൽ വന്ന ആശയം ഒന്നു പരീക്ഷിച്ചതിന്റെ ഫലമറിയാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. ഫാം തുടങ്ങി മൂന്നു മാസം കഴിഞ്ഞതോടെ കൃഷിയിടം സന്ദർശിക്കാൻ കൃഷിസുഹൃത്തുകൾ വന്നുതുടങ്ങി. ഇവരുടെ അഭിപ്രായം കേട്ട് മറ്റു ചിലർ. അങ്ങനെ ആറു മാസം കഴിഞ്ഞപ്പോഴേക്കും ഹരിത ബയോ പാർക്കിന്റെ പേരിൽ പാണംകുഴി അറിയാൻ തുടങ്ങി. കൃഷിയിടത്തിൽ എത്തുന്നവർക്ക് സ്വന്തം കാർഷികോത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വിറ്റഴിക്കാൻ ഭാര്യയും ശ്രമിക്കുന്നു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ ജൈവ ഉത്പന്നങ്ങൾ വാങ്ങാനും ഇഷ്ടമുള്ളവ പറിച്ചെടുക്കാനും ഇവിടെ സാധിക്കും. പച്ചക്കറികൾ, ആകാശവെള്ളരി, പാഷൻഫ്രൂട്ട്, വാഴക്കുല, പച്ചക്കറി വിത്തുകൾ, അടുക്കളകൃഷിക്കാവശ്യമായ തൈകൾ, മുട്ടകൾ, വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും കുഞ്ഞുങ്ങൾ ഉൾപ്പെടെ പലതും സ്വന്തമാക്കാം.

പ്രകൃതി പൂങ്കാവനമായി വളർന്നുകൊണ്ടിരിക്കുന്ന രാജപ്പന്റെ ഹരിത ബയോ പാർക്കിനെ ആത്മയും കൃഷിവകുപ്പും ഫിഷറീസും സഹായിച്ചിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളോടെ ഒരു കാർഷിക പഠനകേന്ദ്രമായി വളർത്തിയെടുക്കുവാനുള്ള ശ്രമത്തിലാണ് രാജനപ്പൻ. കൂടുതൽ വിവരങ്ങൾക്ക്: രാജപ്പൻ– 9446746119.

–നെല്ലി ചെങ്ങമനാട്