ഉദ്യാനത്തിലെ രാജകുമാരി പൂവ്
ഉദ്യാനത്തിലെ രാജകുമാരി പൂവ്
Saturday, March 4, 2017 4:24 AM IST
പിങ്ക് കലർന്ന ചുവപ്പുനിറമുള്ള പൂമൊട്ടുകൾ, വിടരുമ്പോൾ സോസറിന്റെ ആകൃതിയിൽ കടുംപർപ്പിൾ നിറമുള്ള പൂക്കൾ. ഒറ്റപ്പൂക്കൾ ഏറെനേരം വിടർന്ന് നിൽക്കില്ലെങ്കിലും പുതുപൂക്കൾ ദീർഘനാൾ വിടർന്നുകൊണ്ടേയിരിക്കുമെന്നത് ഈ ഉദ്യാനസുന്ദരിയുടെ മുഖമുദ്രയാണ്. അതുകൊണ്ടുതന്നെ ഇതിന് ആരാധകരും ഏറെയുണ്ട്. ഇലകൾക്ക് ഇടത്തരം മുതൽ കടുംപച്ചവരെ നിറം. ഇലപ്പരപ്പിൽ ഞരമ്പുകൾ എഴുന്നു നിൽക്കുന്നതു കാണാം. ഇലയുടെ പ്രതലമാകട്ടെ ചെറിയ നനുത്ത വെള്ളപ്പട്ടുരോമങ്ങളാൽ ആവൃതമായിരിക്കും. ഇലയരികിന് വരമ്പുപോലെ ചുവപ്പു നിറവുമുണ്ടാകും. കണ്ണഞ്ചും നിറമുള്ള പൂക്കളും പൂക്കളേക്കാൾ സവിശേഷതകളുള്ള ഇലകളും നിറഞ്ഞ ചെടിക്ക് പ്രിൻസസ് ഫ്ളവർ എന്ന ഓമനപ്പേര് കിട്ടിയതിൽ തെല്ലും അതിശയം വേണ്ട. ചട്ടിയിലൊതുക്കി വളർത്തിയാൽ ഈ നിത്യഹരിത സസ്യം 2–3 അടി ഉയരത്തിലും തറയിൽ വളർത്തിയാൽ മൂന്നു മുതൽ ആറടി വരെ ഉയരത്തിലും വളരും.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ പ്രിൻസസ് ഫ്ളവർ സാമാന്യം നന്നായി വളരുകയും പൂ ചൂടുകയും ചെയ്യുന്നതായി കണ്ടിരിക്കുന്നു. വർഷം മുഴുവനും പൂക്കൾ ഉണ്ടാകുമെങ്കിലും പൂക്കൾ വിടർന്നു പ്രഭചൊരിയുന്നത് മേയ് മുതലാണ്.

ഒന്നുകിൽ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്‌ഥലം, അല്ലെങ്കിൽ ഭാഗികമായെങ്കിലും സൂര്യപ്രകാശം കിട്ടുന്നിടം. ഈ രണ്ടു സ്‌ഥലത്തേ പ്രിൻസസ് ഫ്ളവർ നടാൻ പാടുള്ളൂ. പച്ചിലകൾക്ക് വീശി വളരാനും ചെടിക്ക് നിവർന്നു വളരാനും സൗകര്യമുണ്ടായാൽ ഏറെനന്ന്. ബ്രസീലാണ് പ്രിൻസസ് ഫ്ളവറിന്റെ ജന്മനാട്.
നാലുതരത്തിൽ ഇതിൽ വംശവർധന നടത്താം. ആദ്യത്തേത് ചെടിച്ചുവട്ടിൽ കൂട്ടമായി വളരുന്ന തൈകൾ ഇളക്കിനട്ടാണ്. കഴിയുന്നതും ചെടി പുഷ്പിക്കാതിരിക്കുന്ന സമയം നോക്കിവേണം ഇതു ചെയ്യാൻ. ഒരു മൺകോരിയോ കരണ്ടിയോ കൊണ്ട് വേരോടെ ചെറുതണ്ടുകൾ, തൈകൾ ഇളക്കുക. ഉച്ചകഴിഞ്ഞ് തണൽ കിട്ടുന്നിടത്ത് പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിൽ നട്ടു വളർത്താം.

ചെടിയുടെ തണ്ട് നാലിഞ്ച് നീളത്തിൽ മുറിച്ച്, ചുവട്ടിലെ ഇലകൾ നീക്കി, തണ്ടിന്റെ ചുവടറ്റം ഏതെങ്കിലും ഒരു വേരുപിടിപ്പിക്കൽ ഹോർമോൺ പൊടി പുരട്ടി നടുന്നതാണ് ഇനിയൊരു രീതി. മാധ്യമത്തിന് നനവു വേണം. 10–12 ആഴ്ച കഴിയുമ്പോഴേക്കും തണ്ടിന് വേരു പൊട്ടിയിട്ടുണ്ടാവും. ഇത് പിന്നീട് മാറ്റി നട്ടു വളർത്താം. ഏറ്റവും മികച്ച രീതി ഇതു തന്നെ.

പതിവച്ചും പ്രിൻസസ് ഫ്ളവറിൽ പുതിയ തൈകൾ ഉത്പാദിപ്പിക്കുക പതിവാണ്. കൂനപ്പതി (മൗണ്ട് ലെയറിംഗ്) ആണ് ഇവിടെ ചെയ്യുന്നത്. വസന്തകാലത്താണ് ഇതു ചെയ്യുക. ചെടിത്തണ്ട് 8–10 ഇഞ്ച് പുതുവളർച്ചയായി കഴിയുമ്പോൾ മൂർച്ചയുള്ള ഒരു കതതി ഉപയോഗിച്ച് പുതുതണ്ടിന്റെ പുറംതൊലി ചുരണ്ടിമാറ്റുക. അര ഇഞ്ച് വീതിയിൽ വേണം ഇതു ചെയ്യാൻ. പുതിയ വളർച്ച ഉണ്ടാകുന്ന സ്‌ഥലത്തിന് രണ്ടിഞ്ച് ഉയരത്തിൽ വേണം ഇതു ചെയ്യാൻ. ചെടിയുടെ ഒരടി ചുവട്ടിലുള്ള ഇലകൾ മുഴുവൻ നീക്കുക. പീറ്റ് മോസും തുല്യയളവ് മേൽമണ്ണും കലർത്തിയ മിശ്രിതം ചെടിയിൽ ഒരടി ഉയരത്തിൽ കൂനകൂട്ടുക. മിശ്രിതത്തിന് നനവ് നിർബന്ധം. മിശ്രിതത്തിൽ പൂഴ്ത്തിയ മുറിപ്പാടുകളിൽ ശരത്കാലാഗമനത്തോടെ വേരുപൊട്ടും. ശ്രദ്ധാപൂർവം മണ്ണ് മാറ്റുക. പുതുതായി വേരു പൊട്ടിയ തണ്ടുകൾ വേരിനു താഴെ വച്ച് മുറിച്ചെടുക്കുക. ഇത് ചട്ടികളിലേക്കു മാറ്റി നടാം. പുതിയ ചെടിയായി ഇത് വളർന്നുകൊള്ളും.


ജൈവവളങ്ങളെല്ലാം പ്രിൻസ സ് ഫ്ളവറിന് ഇഷ്ടമാണ്. കമ്പോസ്റ്റ്, ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി, ചാരം, ബയോഗ്യാസ് സ്ലറി, മണ്ണിരകമ്പോസ്റ്റ് ഇവയിൽ ഏതും നൽകാം. കൂടാതെ തടത്തിൽ രണ്ടിഞ്ച് കനത്തിൽ പുതയിടുന്നതും നന്ന്. കരിയിലപ്പുതയായാലും മതി. വളർച്ച പോരാ എന്നു തോന്നുന്നെങ്കിൽ 17–17–17, 20–20–20 തുടങ്ങിയ രാസവളമിശ്രിതങ്ങൾ വെള്ളത്തിൽ ലയിപ്പിച്ച് ചെടിത്തടത്തിൽ തളിക്കാം. രാസവളങ്ങൾ ചെടിത്തണ്ടിലോ ഇലകളിലോ വീഴരുത് എന്നു മാത്രം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനയ്ക്കാൻ ശ്രദ്ധിക്കണം. ചെടി വളരുന്നതനുസരിച്ച് അമിതമായി നീണ്ടു വളരുന്ന ശിഖരങ്ങൾ മുറിക്കാം ചെടി ഒതുക്കി വളർത്താനും കൂടുതൽ ശിഖരങ്ങളും പൂക്കളും ഉണ്ടാകാനും ഇതു സഹായിക്കും. മാത്രമല്ല, കൃത്യമായി കൊമ്പുകോതി വളർത്തുന്ന ചെടികളിൽ താഴത്തെ ശിഖരങ്ങളിൽ പിടിക്കുന്ന പൂമൊ ട്ടുകൾ പോലും വിടർന്ന് പൂക്കളാകുന്നതായി കണ്ടിട്ടുണ്ട്.

ഗ്ലോറി ബുഷ്, പർപ്പിൾ ഗ്ലോറി ട്രീ എന്നെല്ലാം പ്രിൻസസ് ഫ്ളവറിന് വിളിപ്പേരുകളുണ്ട്. ടിബൗച്ചിന അർവെല്ല്യാന എന്ന് സസ്യനാമം. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ഫ്രഞ്ച് സസ്യശാസ്ത്രജ്‌ഞനായിരുന്ന ജൂൾസ് ഡ്യൂമോണ്ട് ഡി അർവില്ലിന്റെ ഓർമയ്ക്കാണ് ചെടിക്ക് അർവെല്ല്യാന എന്ന പേര് നൽകിയിരിക്കുന്നത്. മനോഹരിയായ ഈ ഉദ്യാനസസ്യം അതിരുകൾ തീർക്കാനും വീടിനോട് ചേർന്ന് വളർത്താനും ഉത്തമമാണ്.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ, കൃഷിവകുപ്പ്
തിരുവനന്തപുരം