മാങ്ങയുടെ വലിപ്പമുള്ള ജാതി
മാങ്ങയുടെ വലിപ്പമുള്ള ജാതി
Wednesday, June 14, 2017 2:58 AM IST
കണ്ടാൽ മാങ്ങയാണോ എന്നു തെറ്റിധരിക്കും. അത്രയ്ക്കു വലിപ്പം. 70- / 73 ജാതിക്ക ഒരുകിലോ തൂങ്ങും. 300-360 പത്രിമതി ഒരുകിലോ ലഭിക്കാൻ. കേടില്ല. പ്രത്യുത്പാദന ശേഷി കൂടുതൽ. നല്ല കായ്പിടിത്തം. ഇലകാണാത്ത രീതിയിൽ കായ് എന്നുപറഞ്ഞാൽ അതിശയോക്തിയാകില്ല. അടിമാലി ആനവിരട്ടി മാതാളിപാറ എംഎസ് സുമിത്തിന്‍റെ കണ്ടുപിടിത്തമാണ് ഫാബ് (FAB) എന്നു പേരിട്ടിരിക്കുന്ന മുകളിൽ പറഞ്ഞ പ്രത്യേകതകളുള്ള ജാതിയിനം.

20 വർഷം മുന്പാണ് ഫാബിന്‍റെ കണ്ടുപിടിത്തത്തിനുള്ള വഴിതെളിഞ്ഞത്. വീട്ടിലെ സാധാരണ ജാതിയിൽ നിന്നും നീളം കൂടിയ വ്യത്യസ്തമായ നാലു കായ്കൾ ലഭിച്ചു. കൗതുകം തോന്നി അവ നാലും പാകി. അതിൽ ഒന്ന് വ്യത്യസ്തമായ നീളൻ കായതന്നെ തന്നു. ഈ മാതൃവൃക്ഷത്തിൽ നിന്നും നാട്ടുജാതിയിലും കാട്ടു ജാതിയിലും കന്പുകൾ ബഡ്ഡുചെയ്ത് പുതിയവ ഉത്പാദിപ്പിച്ചു. മാതൃവൃക്ഷത്തിൽ നിന്നും ലഭിച്ചതിന്‍റെ ഇരട്ടി വലിപ്പമുള്ള കായ്കളാണ് ബഡ്ഡിൽ നിന്നും ലഭിച്ചത്. ഇത്തരത്തിലുള്ള ബഡ്ഡുതൈകൾ 60 എണ്ണം നിറയെ കായ്കളുമായി സുമിത്തിന്‍റെ പുരയിടത്തിലുണ്ട്. ആവശ്യക്കാർക്ക് തന്‍റെ പുരയിടത്തിലെ മാതൃവൃക്ഷത്തിൽ നിന്നെടുത്ത കന്പുകൾ ബഡ്ഡുചെയ്ത് നൽകുന്നുമുണ്ടിദ്ദേഹം. ഒരുകായ് അതുവഴി നൽകിയാൽ അഞ്ചുരൂപ ലഭിക്കുന്നു. സാധാരണ ജാതിക്കായ് 350-400 എണ്ണം ഒരു കിലോ തൂങ്ങുന്പോഴാണ് സുമിത്തിന്‍റെത് 70- / 73 എണ്ണത്തിന് ഒരു കിലോ തൂക്കം ലഭിക്കുന്നത്.

ജൈവവളം മാത്രം

ഫാബ് ജാതിക്കൊപ്പം വലിപ്പമുള്ള കായ ലഭിക്കുന്ന സാധാരണ ജാതി 60 എണ്ണവും ഇദ്ദേഹത്തിന്‍റെ പുരയിടത്തിലുണ്ട്. തെങ്ങ്, കൊക്കോ, കുരുമുളക് എന്നിവയെല്ലാം ഇതിനൊപ്പം സമൃദ്ധമായി വിളയുന്നു. നാല് കായയിൽ നിന്നും ഒരു കിലോ പച്ചപ്പരിപ്പ് ലഭിക്കുന്ന ബഡ്ഡ് കൊക്കോയും ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. ജതി തൈയുടെ വലിപ്പമനുസരിച്ച് 1000 രൂപമുതലാണ് വില. 100 ജാതി ബഡ്ഡു ചെയ്താൽ 40 എണ്ണമേ പിടിച്ചുകിട്ടൂ. അതിനാൽ പുതിയവ ഉത്പാദിപ്പിക്കുന്നതിൽ ചെലവേറെയാണ്. ജൈവവളം, ചാണകം, എല്ലുപൊടി എന്നിവയാണ് ഏഴേക്കറിലെ ജാതിയ്ക്ക് നൽകുന്നത്. വലിയ ജാതിക്ക് മഴക്കാലാരംഭത്തിൽ കുമ്മായം രണ്ടു കിലോ എന്നതോതിൽ ചുവട്ടിൽ നിന്നും നിശ്ചിത അകലത്തിൽ ഇട്ടുകൊടുക്കും. ഇതിനു ശേഷം 20 ദിവസം കഴിഞ്ഞ് 10 കുട്ട ചാണകം, അഞ്ചു കിലോ വേപ്പിൻപിണ്ണാക്ക്, മൂന്നു കിലോ എല്ലുപൊടി എന്നിവ ജൂണ്‍, ജൂലൈ മാസങ്ങളിൽ നൽകും. വേനൽക്ക് ആഴ്ചയിൽ ഒരു നന എന്നതാണ് കണക്ക്. വീടിനു സമീപം പടുതാക്കുളം നിർമിച്ച് അതിൽ ചാണകവും ശർക്കരയുമൊക്കെച്ചേർത്ത് ജീവാമൃതം തയാറാക്കി മഴക്കാലത്ത് അതും ചുവട്ടിലൊഴിച്ചു നൽകുന്നു. എല്ലാവിളകൾക്കും ജീവാമൃതം ഒരുമാസം ഇടവിട്ട് ഒന്ന് എന്ന തോതിൽ വർഷകാലത്ത് നൽകുന്നു. ചാണകം ചുവട്ടിലിട്ടാൽ മണ്ണിരയുണ്ടാകുന്നതിനാൽ മണ്ണിലെ വായൂ പ്രവാഹം വർധിക്കും, വേരോട്ടം കൂടും. ഇവിടത്തെ ആറു കർഷകർക്ക് കൃഷിഭവൻ നിർമിച്ചു നൽകിയിരിക്കുന്ന വാട്ടർടാങ്കിൽ നിന്നും സമീപത്തു കൂടി ഒഴുകുന്ന കല്ലാറിൽ നിന്നുമാണ് ജലസേചനം. ഭാര്യ റെജിയും കുട്ടികളായ അരുണിമയും അനുരാഗും സുമിത്തിനൊപ്പമുണ്ട്. ഫാബ് ജാതി കൂടുതൽപേരിലേക്ക് എത്തിക്കാൻ താത്പര്യമേയുള്ളൂ ഈ കർഷകന്.


ഫോണ്‍ സുമിത്ത്- 94953 81 684, 94467 437 68.
ലേഖകന്‍റെ ഫോണ്‍- 93495 99 023.