കാർഷിക ഗ്രാമത്തിനു വനിതകളുടെ സമ്മാനം
കാർഷിക ഗ്രാമത്തിനു വനിതകളുടെ സമ്മാനം
Tuesday, October 31, 2017 4:15 AM IST
വാഴകളുടെ നാട്ടിലെ വനിതാ സ്റ്റാർട്ടപ്പിൽ നാടൻ ടിഷ്യൂകൾച്ചർ വാഴകൾ. ഇരിങ്ങാലക്കുട കോണത്തുകുന്ന് മങ്ങാട്ടുകുന്നത്തുവീട്ടിലെ സ്വന്തം വീട്ടുമുറ്റത്ത് എംടെക് ബയോടെക്നോളജി ബിരുദധാരിയായ ബിന്ധ്യാ ബാലകൃഷ്ണനും നാലു വനിതകളും ചേർന്നാണ് ഈ ടിഷ്യൂകൾച്ചർ ലാബ് തുടങ്ങിയിരിക്കുന്നത്.

തൃശൂരിന്‍റെ സ്വന്തം ചെങ്ങാലിക്കോടൻ നേന്ത്രൻ, നാടൻ ഇനങ്ങളായ മഞ്ചേരി നേന്ത്രൻ, ക്വിന്‍റൽ നേന്ത്രൻ, പൂജാ കദളി എന്നിവയുടെ ടിഷ്യൂകൾച്ചർ തൈകളാണ് തയാറാക്കുന്നത്. സാധാരണ ടിഷ്യൂകൾച്ചർ രീതിയിൽ നിന്നും വ്യത്യസ്തമായ രീതിയാണ് ഇതിൽ സ്വീകരിക്കുന്നതെന്നതാണ് പ്രത്യേക ത. ചെങ്ങാലിക്കോടന്‍റെ ടിഷ്യൂകൾച്ചർ തൈകൾ തയാറാക്കാൻ പലരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിടത്താണ് ഈ വനിതകൾ വിജയിച്ചിരിക്കുന്നത്. പ്ലാന്‍റ്മിൽ എന്നു പേരിട്ടിരിക്കുന്ന ഈ ലാബിലെ തൈകൾ തൃശൂരും പരിസരപ്രദേശങ്ങളിലുമാണ് കൃഷിക്കുപയോഗിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പിന്‍റെ അംഗീകാരമുള്ള ലാബുമാണിതെന്ന് ബിന്ധ്യ പറഞ്ഞു. മാസം 3000 തൈകൾക്കുവരെ ഓർഡർ ലഭിക്കുന്നു. 6000 തൈകൾ വരെ ഉത്പാദിപ്പിക്കാൻ സൗകര്യമുള്ള ലാബാണിത്. ലാബിൽ നിന്നും വികസിപ്പിക്കുന്ന തൈകൾ പുറത്തുള്ള പോളിഹൗസുകളിലെത്തിച്ചാണ് വളർത്തുന്നത്. ഇതും വീടിനു സമീപം തന്നെ സ്ഥാപിച്ചിരിക്കുന്നു. ഇനങ്ങൾക്കനുസരിച്ച് 20 മുതൽ 30 രൂപ വരെയാണ് ഒരു തൈയുടെ വില. 500-1000 തൈകൾ വീതം 100 കർഷകരെങ്കിലും ഈ ടിഷ്യൂകൾച്ചർ തൈകൾ കൃഷിചെയ്യുന്നു.


വാഴകൾക്ക് വൈറസ് ഭീഷണി

സാധാരണ വാഴകളിൽ ബനാന ബ്രാക്ട് എന്ന പേരിലുള്ള വൈറസ് രോഗം പടരുന്നുണ്ടെന്നും ഇതിനെതിരേ കരുതിയിരിക്കണമെന്നും ഈ സംരംഭകർ പറയുന്നു. ടിഷ്യുവിന്‍റെ എക്സ്പ്ലാന്‍റ് ശേഖരിക്കുന്ന വേളയിൽ വാഴകളുടെ പിണ്ടിയിലാണ് ഈ രോഗം കണ്ടത്. പിണ്ടിയുടെ അടിഭാഗത്ത് ചുവന്ന വരകൾ കാണപ്പെടുന്നതാണ് രോഗലക്ഷണം. വിളവിനെയും വളർച്ചയേയും ദോഷകരമായി ബാധിക്കുന്ന വൈറസാണിത്. ഇതിനുള്ള പരിഹാരം ശാസ്ത്രീയമായി കണ്ടെത്തിയില്ലെങ്കിൽ വാഴക്കൃഷി ഭാവിയിൽ വൻപ്രതിസന്ധി നേരിടേണ്ടിവരുമെന്നും ഈ യുവസംരംഭകർ പറയുന്നു.

ഫോണ്‍: ബിന്ധ്യ-96560 45358.
ലേഖകന്‍റെ ഫോണ്‍: 93495 99 023.

ടോം ജോർജ്