കൃഷിയും മൃഗസംരക്ഷണവും ഒരുമിക്കുന്ന സിബിയുടെ പുരയിടം
കൃഷിയും മൃഗസംരക്ഷണവും ഒരുമിക്കുന്ന സിബിയുടെ പുരയിടം
Saturday, December 30, 2017 7:47 AM IST
തൃശൂർ പട്ടിക്കാട് സ്വദേശിയായ സിബി ജോർജ് കല്ലിംഗലിന്‍റെ കൃഷി മികവിന് ദേശീയ തലത്തിൽ ആദരവ് ലഭിച്ചത് 2012 ലാണ്. സമ്മിശ്ര കൃഷിയുടെ വക്താവായ ഈ യുവ കർഷകന്‍റെ കൃഷിയിടത്തിൽ ഒട്ടുമിക്ക കാർഷിക ഇനങ്ങളും വിളയുന്നു. വർഷങ്ങൾക്കു മുന്പ് ഇടുക്കി ജില്ലയിൽ നിന്നുമാണ് സിബിയും കുടുംബാംഗങ്ങളും തൃശൂർ പട്ടിക്കാട്ടേയ്ക്ക് കുടിയേറിയത്. സിബിയുടെ വാക്കുകൾ തന്നെ കടമെടുത്താൽ കൃഷിയെ നമ്മൾ കുഞ്ഞുങ്ങളെപ്പോലെ സ്നേഹിക്കണം. അപ്പോൾ കൃഷിയിൽ നിന്നും നമുക്ക് നേട്ടങ്ങൾ ലഭ്യമാകും.

തുടക്കത്തിൽ 20 ഏക്കർ കൃഷി ഭൂമിയിൽ തെങ്ങു മാത്രമായിരുന്നു സിബി കൃഷി ചെയ്തിരുന്നത്. പിന്നീട് കവുങ്ങും ജാതിയും പച്ചക്കറിയും മൃഗസംരക്ഷണവുമെല്ലാം ആരംഭിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള നാടൻ തെങ്ങുകളുടെ സംരക്ഷണത്തിനായി സിബി ഏറെ സമയം ചെലവഴിക്കുന്നു. ആയിരത്തിലധികം തെങ്ങാണ് ഈ യുവ കർഷകന്‍റെ പുരയിടത്തിൽ കായ്ച്ചു നില്ക്കുന്നത്. നാടൻ തെങ്ങുകളുടെ സംരക്ഷണത്തിനായി സിബി കല്ലിംഗൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് കേന്ദ്ര സർക്കാർ 2012 ലെ പ്ലാന്‍റ് ജിനോം സേവർ വ്യക്തിഗത അവാർഡ് നല്കി ആദരിച്ചത്.

താൻ കൃഷി ചെയ്യുന്നതോടൊപ്പം കൃഷിരീതി പുത്തൻ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നതിലും ഈ കർഷകൻ പ്രത്യേകം താത്പര്യമെടുക്കുന്നു.

തെങ്ങും കവുങ്ങും, ജാതിയും കുരുമുളകും പ്ലാവുമെല്ലാ സിബിയുടെ കൃഷിയിടത്തിൽ തല ഉയർത്തി നില്ക്കുന്നു. നാടൻ കന്നുകാലികളുടെ പ്രസക്തി പൊതുജനങ്ങളെ അറിയിക്കാനായി നാടൻ പശുക്കളുടെ വളർത്തലിനും ഈ യുവ കർഷകൻ മുന്തിയ പരിഗണന നല്കിവരുന്നു. ബഡ്ഡ് ചെയ്ത ജാതിയുടെ തൈകൾ നാട്ടിൽ ഉടനീളം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണവും ഈ കർഷകൻ ഒരുക്കിയിട്ടുണ്ട്. . 20 ഇനം കുരമുളക്, ആറിനം തെങ്ങുകൾ, നിരവധി ഇനം കവുങ്ങുകൾ , വാഴയും ചേനയും ചേന്പുമെല്ലാം സിബിയുടെ പുരയിടത്തിൽ വിളഞ്ഞു നില്ക്കുന്നു.

കോഴി, മുയൽ അലങ്കാരമ മത്സ്യങ്ങൾ ഇവയെല്ലാം സിബിയുടെ വീട്ടിലുണ്ട്. കാർഷിക മേഖലയിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ചുള്ള കൃഷി അവലംബിക്കണമെന്നാണ് ഈ യുവകർഷകന്‍റെ സാക്ഷ്യപ്പെടുത്തൽ. സിബിയുടെ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സംസ്ഥാന ഗവർണർ രാജ്ഭവനിൽ വിളിച്ചുവരുത്തിയാണ് ആദരിച്ചത്. സിബി : 989529228.

തോമസ് വർഗീസ്