മറയൂരിന്‍റെ കാലാവസ്ഥ; സുബാഷിന്‍റെ മിശ്രണം
മറയൂരിന്‍റെ കാലാവസ്ഥ; സുബാഷിന്‍റെ മിശ്രണം
Monday, February 5, 2018 5:24 PM IST
മറയൂറിലെ കാലാവസ്ഥയും മണ്ണിന്‍റെ ഗുണങ്ങളും കൃഷിക്കുപയോഗിക്കുന്ന വെള്ളത്തിന്‍റെ പരിശുദ്ധിയും പരന്പരാഗത കൃഷിയുമാണ് ശർക്കരയുടെ ഗുണവും മധുരവും വർധിപ്പിക്കുന്ന ചേരുവകൾ. നാട്ടറിവിലൂടെയുള്ള സുബാഷിന്‍റെ സംസ്കരണ രീതി ഒൗഷധഗുണവും നിലനിർത്തുന്നു. പഴമയുടെ പെരുമയുള്ള ശർക്കരയാണ് ഈ യുവകർഷകനിലൂടെ പുറത്തെത്തുന്നത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തെ ലവണാംശം കുറഞ്ഞ പ്രദേശത്താണ് കരിന്പു കൃഷി. മലമുകളിൽ നിന്ന് മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന ജൈവാംശം കൃഷിയിടങ്ങൾ സന്പുഷ്ടമാക്കാൻ പോന്നവയാണ്. ഇതുകൊണ്ടുതന്നെ കരിന്പുകൃഷിക്ക് വളപ്രയോഗം വേണ്ടിവരുന്നില്ല. സുഭാഷിന്‍റെ അഞ്ചേക്കർ കരിന്പുകൃഷികൊണ്ട് ശർക്കര നിർമാണം സാധ്യമല്ല. ഇതിനാൽ പരിസരത്തെ കർഷകരുടെ കരിന്പുകൂടി ശേഖരിച്ചാണ് ഇദ്ദേഹം സംസ്കരണ പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്നത്.

ഇരുപതു വർഷമായി തുടരുന്ന കരിന്പുകൃഷിയിലും പരന്പരാഗത ശൈലി തന്നെ തുടരുന്നു. ഒരു കന്പു നട്ടാൽ ആറു വിളവു കിട്ടുന്ന രീതിയിലുള്ള കൃഷി. പുരാതനകാലം മുതൽ കൃഷി ചെയ്തുവരുന്ന കരിന്പിനത്തിന്‍റെ തണ്ടുകൾ തന്നെയാണ് ഇദ്ദേഹം കൃഷിക്കുപയോഗിക്കുന്നത്. പ്രാദേശികമായി നല്ലവളർച്ചയുള്ള മറയൂരിന്‍റെ നാടൻ കരിന്പ്. ഇതിന് രോഗപ്രതിരോധശേഷി കൂടുതലാണ്. ഒരു കന്പിൽ നിന്ന് അഞ്ചുവർഷം വരെ മികച്ച വിളവ് ഉറപ്പാക്കാം. ചാണകവും കന്പോസ്റ്റുമാണ് അടിസ്ഥാനവളങ്ങൾ. ചെറിയ തടങ്ങളിലാണ് തണ്ടുകൾ നടുന്നത്. തണ്ടുകളിൽ ഇലകൾ വിരിഞ്ഞുകഴിയുന്പോൾ ആദ്യവളപ്രയോഗം. പിന്നീട് മൂന്നാംമാസം ഒരു വളപ്രയോഗം കൂടി. വിളവെടുപ്പിനു മുന്പ് വർഷത്തിൽ രണ്ടുതവണ എൻപികെ വളവും നൽകും. ചെടികൾക്കു വളർച്ച കുറവുണ്ടെന്നു തോന്നിയാൽ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിലാകും പിന്നീടുള്ള വളപ്രയോഗം. അനുകൂല കാലാവസ്ഥയും ഗുണമേ·യുള്ള കരിന്പും ലഭിച്ചാൽ ഉത്പാദനം വർധിപ്പിക്കാം. ചെടി മുളച്ച് പത്തുമാസത്തിനുള്ളിൽ ആദ്യവിളവെടുപ്പു നടത്താം.

ശർക്കര വരുന്ന വഴി

കാന്തല്ലൂർ റോഡരികിലെ പാട്ടസ്ഥലത്താണ് സുബാഷിന്‍റെ കരിന്പു സംസ്കരണം. അഞ്ചുതൊഴിലാളികളാണ് കരിന്പിൻ ജ്യൂസ് ശർക്കരയാക്കുന്നത്. ഇവരുടെ കരവിരുതിൽ നാലുമണിക്കൂർ കൊണ്ട് തയാറാകുന്നത് 180 കിലോ ശർക്കര.

സംസ്കരിക്കുന്നതിനായുള്ള കരിന്പ് തലേദിവസം വൈകിട്ടു വെട്ടും. പുലർച്ചേ അഞ്ചിന് കരിന്പാലയത്തിൽ എത്തുന്ന മൂന്നു തൊഴിലാളികൾ ഇത് ജ്യൂസാക്കും. യന്ത്രവത്കൃത റോളറാണ് ഇതിനുപയോഗിക്കുന്നത്. കരിന്പ് ഇതിലൂടെ കയറ്റി വിടുന്പോൾ ലഭിക്കുന്ന നീരാണ് ജ്യൂസ്. ഒരു തുള്ളി ജ്യൂസുപോലും നഷ്ടപ്പെടാതെ ശേഖരിക്കാൻയന്ത്രവത്കരണം സഹായിക്കുന്നു.


1500 ലിറ്റർ കരിന്പിൻ ജ്യൂസ് ഇത്രതന്നെ സംഭരണശേഷിയുള്ള വാർ പ്പിലേക്ക് പകരുന്നു. ന്ധകൊപ്ര’ എന്നാണ് വാർപ്പിന്‍റെ പേര്. ഗുണമേ·യും ജലാംശവുമുള്ള കരിന്പാണെങ്കിൽ രണ്ടുടണ്ണിൽ നിന്ന് 1700 ലിറ്റർ ജ്യൂസ് ലഭിക്കും.

കരിന്പാലയത്തിൽ സംസ്കരണം ആരംഭിച്ചാൽ രണ്ടു തൊഴിലാളികൾ കാവലുണ്ടാകണം. തീ കെടാതെ നോക്കണം. വാർപ്പിലെ ജ്യൂസ് ഇളക്കിമറിക്കണം. മുകളിൽ പൊങ്ങിവരുന്ന പത മാറ്റണം. ജ്യൂസ് തിളച്ചുമറിയുന്പോൾ അല്പം അപ്പക്കാരം ചേർക്കണം.

ജ്യൂസിലെ അഴുക്കു പൊങ്ങുന്നതിനാണിത്. പൊങ്ങിവരുന്ന പതപോലുള്ള അഴുക്ക് വലിയ തവി ഉപയോഗിച്ചു മാറ്റും. ജ്യൂസെടുത്തശേഷമുള്ള കരിന്പിൻ ചണ്ടി ഉണക്കി തീകത്തിക്കാൻ ഉപയോഗിക്കുന്നു. ചൂടും പുകയും കൊണ്ട് സുബാഷും ശർക്കരയുടെ നിർമാണത്തിൽ തൊഴിലാളികളോടൊപ്പമുണ്ടാകും.

നാലു മണിക്കൂർകൊണ്ട് ഒരു വാർപ്പ് കരിന്പിൻനീര് പാകത്തിനു വറ്റി, കൊഴുത്തു വരും. പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കുന്ന ജ്യൂസ് അമർന്നുതിളച്ച് വറ്റുന്ന രണ്ടാമത്തെ ഘട്ടമാണ് പാകമായതിന്‍റെ ലക്ഷണം. കൃത്യമായി നോക്കിനി ന്നു വറ്റിച്ചെടുത്തില്ലെങ്കിൽ ശർക്കരയുടെ മധുരവും ഗുണവും നഷ്ടപ്പെടും. കൃത്യമായി കുറുകിക്കഴിയുന്പോൾ മരം കൊണ്ടുള്ള വലിയ ട്രേയിലേക്ക് പകർത്തും. ചൂടാറുംവരെ ന്ധപണ്ണ’ എന്നു വിളിപ്പേരുള്ള മരട്രേയിൽ കരിന്പിൻ കുഴന്പ് ഇളക്കി മറിച്ചുകൊണ്ടിരിക്കും. കൈയിൽ എടുക്കാവുന്ന ചൂടിലേക്ക് വരുന്പോഴാണ് ശർക്കര ഉരുട്ടുന്നത്. ചൂടാറുന്നതിനു മുന്പ് ഉണ്ടയാക്കണം. കൈ കൊണ്ടുരുട്ടി ഓലപ്പായയിൽ നിരത്തുന്നതാണ് അവസാനഘട്ടം. ഇത് നല്ലപോലെ ഉണങ്ങി ഉറച്ചുകഴിഞ്ഞാൽ ചാക്കിലാക്കാം. ഒരു ചാക്കിൽ 60 കിലോ ശർക്കര കൊള്ളും. ഇതിനിടയിൽ വാർപ്പിലേക്ക് കരിന്പിൻ ജ്യൂസ് നിറച്ച് അടുത്ത സംസ്കരണം ആരംഭിച്ചിരിക്കും. ഈ പ്രക്രിയ രാത്രി വൈകുവോളം തുടരും.

മറയൂർ ശർക്കരയുടെ ഗുണങ്ങൾ നേരിട്ട് ജനങ്ങളിൽ എത്തിക്കുന്ന പദ്ധതി ഉടൻ നിലവിൽ വരുമെന്ന് സുബാഷ് പറഞ്ഞു. കരിന്പു കൃഷിയിലും ശർക്കര നിർമാണത്തിലും ഉറച്ചു നിൽക്കാനാണ് ഈ യുവകർഷകന്‍റെ ആഗ്രഹം. ഫോണ്‍- സുബാഷ് - 9496065889.

നെല്ലി ചെങ്ങമനാട്